Friday, July 15, 2011

പൊതുസമൂഹ സംഘടനകളുടെ വാദം പൊള്ള: എസ് ആര്‍ പി

കോഴിക്കോട്: രാഷ്ട്രീയത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരാണ് തങ്ങളെന്ന പൊതുസമൂഹ സംഘടനകളുടെ അവകാശവാദം പൊള്ളയും വസ്തുതാവിരുദ്ധവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ഈ സംഘടനകളുടെ പ്രവര്‍ത്തനം സുതാര്യമാവണമെന്നും തങ്ങള്‍ക്ക് ലഭിക്കുന്ന പണം എവിടെനിന്ന് വരുന്നു, എന്തിന് ചെലവിടുന്നു എന്ന് ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "ദേശീയ രാഷ്ട്രീയവും സിവില്‍ സമൂഹസംഘടനകളുടെ ഇടപെടലും" എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമചന്ദ്രന്‍പിള്ള.

ഭരണകൂടത്തിനും കമ്പോളത്തിനും ഇടയിലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ് തങ്ങളെന്നാണ് ഇത്തരം സംഘടനകള്‍ പറയാറുള്ളത്. തങ്ങള്‍ക്ക് രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ബന്ധമില്ലെന്നും വ്യക്തമാക്കും. എന്നാല്‍ ഇവര്‍ കൈകാര്യംചെയ്യുന്ന അഴിമതി, മനുഷ്യാവകാശ ലംഘനം, ആരോഗ്യ-വിദ്യാഭ്യാസ-പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവയെല്ലാം രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ബംഗാളില്‍ എല്‍ഡിഫ് സര്‍ക്കാരിനെതിരെ ഇത്തരം സംഘടനകള്‍ രാഷ്ട്രീയമായാണ് രംഗത്തുവന്നത്. വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെയും വിദേശരാജ്യങ്ങളുടെയും സാമ്പത്തിക സഹായം ഇവര്‍ക്കുണ്ട്. ഐഎംഎഫും ലോക ബാങ്കും ഇവരെ നിര്‍ലോഭം സഹായിക്കുന്നുവെന്നും എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

ജനപ്രതിനിധികള്‍ക്ക് ജനങ്ങളോടും കോടതികള്‍ക്ക് പാര്‍ലമെന്റിനോടും തികഞ്ഞ ഉത്തരവാദിത്തം ഉണ്ടാകുമ്പോള്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുകയുള്ളൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. അഴിമതി നടത്തിയ പാര്‍ലമെന്‍റ് അംഗത്തെ കാലാവധി തീരുംമുമ്പ് തന്നെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാകണം. അതുപോലെ അഴിമതിക്കാരനായ ജഡ്ജിയെ മാറ്റാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം മതിയെന്ന നിലയിലും നിയമം മാറ്റണമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. സെമിനാറില്‍ അഡ്വ. പി എം സുരേഷ്ബാബുവും സംസാരിച്ചു. കെഇഎന്‍ കുഞ്ഞഹമ്മദ് മോഡറേറ്ററായി.

deshabhimani 150711

1 comment:

  1. രാഷ്ട്രീയത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരാണ് തങ്ങളെന്ന പൊതുസമൂഹ സംഘടനകളുടെ അവകാശവാദം പൊള്ളയും വസ്തുതാവിരുദ്ധവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ഈ സംഘടനകളുടെ പ്രവര്‍ത്തനം സുതാര്യമാവണമെന്നും തങ്ങള്‍ക്ക് ലഭിക്കുന്ന പണം എവിടെനിന്ന് വരുന്നു, എന്തിന് ചെലവിടുന്നു എന്ന് ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "ദേശീയ രാഷ്ട്രീയവും സിവില്‍ സമൂഹസംഘടനകളുടെ ഇടപെടലും" എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമചന്ദ്രന്‍പിള്ള.

    ReplyDelete