Monday, July 18, 2011

ഗ്രാമങ്ങളിലും പെണ്‍കുട്ടികള്‍ കുറയുന്നു

ന്യൂഡല്‍ഹി: ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാനുള്ള മാര്‍ഗം ഗ്രാമങ്ങളിലും വ്യാപകമായതിനാല്‍ ജനസംഖ്യാ അനുപാതത്തെ ദോഷമായി ബാധിക്കുന്നുവെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. നഗരവല്‍ക്കരണത്തില്‍ കേരളം മുന്നിലാണെന്നും 2001-2011ലെ സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആറുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ കണക്കെടുത്തപ്പോള്‍ ആണ്‍ -പെണ്‍ അനുപാതം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഗ്രാമങ്ങളില്‍ കുറഞ്ഞുവരികയാണെന്നു കണ്ടെത്തി. നഗര-ഗ്രാമങ്ങളിലെ ജനസംഖ്യ സംബന്ധിച്ചു പുറത്തിറക്കിയ പുതിയ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഗ്രാമങ്ങളിലും പെണ്‍കുട്ടികള്‍ കുറയുന്നതായി കണ്ടത്. ഗ്രാമങ്ങളില്‍ 15 പോയിന്റും നഗരത്തില്‍ അഞ്ചുപോയിന്റുമാണ് കുറഞ്ഞത്. ഗ്രമത്തിലെ അനുപാതം ഇപ്പോള്‍ ആയിരത്തിന് 919ഉം നഗരത്തില്‍ 902ഉം ആണ്.

ഗ്രാമങ്ങളില്‍ വസിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും സെന്‍സസ് വ്യക്തമാക്കുന്നു. 2001ല്‍ ജനസംഖ്യയുടെ 27.81 ശതമാനമാണ് നഗരപ്രദേശത്ത് വസിച്ചതെങ്കില്‍ 2011ല്‍ 31.16 ശതമാനമായി. സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമാണ് നഗരങ്ങളില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ ഇത്രയും വര്‍ധന. എന്നാല്‍ , ഇത് നഗരത്തിലേക്കുള്ള കുടിയേറ്റമല്ലെന്ന് ജനസംഖ്യയിലെ വ്യതിയാനങ്ങള്‍ പഠിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ വന്‍നഗരങ്ങളിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക് മുന്‍കാലങ്ങളിലുള്ളതു പോലെ ഇല്ല. എന്നാല്‍ , ഒട്ടുമിക്ക നഗരങ്ങളും സമീപഗ്രാമങ്ങളിലേക്ക് വളരുകയാണ്. ഇതുമൂലം ഒട്ടേറെ ഗ്രാമം നഗരത്തിന്റെ ഭാഗമായതാണ് നഗരവാസികളുടെ എണ്ണം പെരുകാന്‍ കാരണം.

മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയേക്കാള്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. മുന്‍ സെന്‍സസ് പ്രകാരം കേരളത്തിലെ നഗരവല്‍ക്കരണം 2011ല്‍ 25.5 ശതമാനത്തില്‍ എത്തുമെന്നായിരുന്നു. എന്നാല്‍ , ഇപ്പോള്‍ എത്തിയത് 48 ശതമാനമാണ്. മഹാരാഷ്ട്രയില്‍ ഇത് 45 ശതമാനമേയുള്ളൂ. ഗ്രാമത്തേക്കാള്‍ നഗരങ്ങളുള്ള രണ്ടു സംസ്ഥാനമാണ് ഗോവയും മിസോറമും. ഗ്രാമങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലാത്ത സംസ്ഥാനം തമിഴ്നാടാണ്. ഇപ്പോഴും 90 ശതമാനവും ഗ്രാമമുള്ള സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. മൊത്തം ജനസംഖ്യ (121 കോടി)യുടെ 70 ശതമാനവും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. കേരളമുള്‍പ്പെടെ 10 സംസ്ഥാനത്ത് നഗരപ്രദേശങ്ങളില്‍ ആണ്‍ -പെണ്‍ (മുതിര്‍ന്നവര്‍) അനുപാതത്തില്‍ നേരിയ വര്‍ധനയുണ്ട്. സാക്ഷരതയുടെ കാര്യത്തില്‍ നഗര-ഗ്രാമ വ്യത്യാസത്തില്‍ കാര്യമായ പുരോഗതിയാണ് ഉണ്ടായത്. സാക്ഷരതയില്‍ നഗരങ്ങളിലുള്ളതിനേക്കാള്‍ രണ്ടുമടങ്ങ് വര്‍ധനയാണ് ഗ്രാമങ്ങളില്‍ . 2001ല്‍ വ്യത്യാസം 21.2 ശതതാനം ആയിരുന്നത് 2011 ല്‍ 16.1 ആയി കുറഞ്ഞു.

deshabhimani 180711

1 comment:

  1. ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാനുള്ള മാര്‍ഗം ഗ്രാമങ്ങളിലും വ്യാപകമായതിനാല്‍ ജനസംഖ്യാ അനുപാതത്തെ ദോഷമായി ബാധിക്കുന്നുവെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. നഗരവല്‍ക്കരണത്തില്‍ കേരളം മുന്നിലാണെന്നും 2001-2011ലെ സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആറുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ കണക്കെടുത്തപ്പോള്‍ ആണ്‍ -പെണ്‍ അനുപാതം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഗ്രാമങ്ങളില്‍ കുറഞ്ഞുവരികയാണെന്നു കണ്ടെത്തി. നഗര-ഗ്രാമങ്ങളിലെ ജനസംഖ്യ സംബന്ധിച്ചു പുറത്തിറക്കിയ പുതിയ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഗ്രാമങ്ങളിലും പെണ്‍കുട്ടികള്‍ കുറയുന്നതായി കണ്ടത്. ഗ്രാമങ്ങളില്‍ 15 പോയിന്റും നഗരത്തില്‍ അഞ്ചുപോയിന്റുമാണ് കുറഞ്ഞത്. ഗ്രമത്തിലെ അനുപാതം ഇപ്പോള്‍ ആയിരത്തിന് 919ഉം നഗരത്തില്‍ 902ഉം ആണ്.

    ReplyDelete