ന്യൂഡല്‍ഹി: വോട്ടുകോഴ വിവാദം കോണ്‍ഗ്രസിനെ വീണ്ടും വേട്ടയാടുന്നു. വോട്ടുകോഴ കേസ് ഗൗരവത്തില്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയതോടെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ നെറികെട്ട സംഭവങ്ങള്‍ സജീവ ചര്‍ച്ചയാകുകയാണ്. സ്പെക്ട്രം അഴിമതി പോലെ ഈ കേസിലും സൂക്ഷ്മനിരീക്ഷണത്തിന് കോടതി തീരുമാനിച്ചാല്‍ കോണ്‍ഗ്രസിലെയും യുപിഎയിലെയും പല പ്രമുഖരും കുടുങ്ങും.
2008ല്‍ വിശ്വാസവോട്ട് അതിജീവിക്കാന്‍ യുപിഎ സര്‍ക്കാര്‍ എംപിമാരെ വിലയ്ക്കെടുത്തെന്ന ആരോപണമാണ് വോട്ടുകോഴ വിവാദത്തിന് ആധാരം. ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസവോട്ടിന് അരങ്ങൊരുങ്ങിയത്. 2008 ജൂലൈ 22നു സഭയില്‍ വിശ്വാസവോട്ട് ചര്‍ച്ച പുരോഗമിക്കവെ ബിജെപിയുടെ മൂന്ന് എംപിമാര്‍ ഒരു സ്യൂട്ട്കേസ് നിറയെ 1000 രൂപ നോട്ടുകളുമായി നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. സഭയാകെ സ്തംഭിച്ചു നില്‍ക്കെ എംപിമാര്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി. വിശ്വാസവോട്ടില്‍ നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ് നല്കിയ കോഴപ്പണമാണ് ഇതെന്ന് എംപിമാര്‍ പറഞ്ഞു. സമാജ്വാദി പാര്‍ടിയുടെ മുന്‍നേതാവ് അമര്‍സിങ് വഴിയാണ് കോണ്‍ഗ്രസ് പണമെത്തിച്ചതെന്ന് എംപിമാര്‍ വിശദീകരിച്ചു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖയും പിന്നീടു പുറത്തുവന്നു.
കോഴവിവാദം സഭയെ ഉലച്ചതോടെ അന്നത്തെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്കി. ജൂലൈ അവസാനം ഇപ്പോഴത്തെ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവിന്റെ അധ്യക്ഷതയില്‍ കോഴവിവാദം അന്വേഷിക്കാന്‍ പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. സമിതിയില്‍ ഭരണപക്ഷത്തിനായിരുന്നു ഭൂരിപക്ഷം. 2008 ഡിസംബറില്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമര്‍സിങ്ങിനും മറ്റുമെതിരെ തെളിവില്ലെന്നായിരുന്നു നിഗമനം. എന്നാല്‍ ,ഈ വിഷയത്തില്‍ കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണം ആവശ്യമാണെന്ന ശുപാര്‍ശയുമുണ്ടായി.
ഈയിടെ പുറത്തുവന്ന വിക്കിലീക്സ് വെളിപ്പെടുത്തലിലും വോട്ടുകോഴ പരാമര്‍ശിക്കപ്പെട്ടു. 2008 ജൂലൈ 16നു ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ നിന്ന് അയച്ച കേബിളിലാണ് വോട്ടുകോഴ പരാമര്‍ശിക്കപ്പെട്ടത്. വോട്ടുകച്ചവടത്തിന് കോണ്‍ഗ്രസ് നേതൃത്വം പണം നല്‍കിയെന്നതിന് സാഹചര്യത്തെളിവ് നിരവധിയാണെങ്കിലും ഡല്‍ഹി പൊലീസ് അന്വേഷണം മരവിപ്പിച്ചു. ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെയും മറ്റും കര്‍ശന നിര്‍ദേശം ഇക്കാര്യത്തിലുണ്ടെന്നാണ് സൂചന. മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോയാണ് വോട്ടുകോഴ അന്വേഷണം മരവിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി രണ്ടാഴ്ചയ്ക്കകം സ്ഥിതിവിവര റിപ്പോര്‍ട്ട് നല്കാന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ ജെഎംഎം കോഴവിവാദത്തിന് സമാനമായ പ്രതിസന്ധിയിലേക്ക് യുപിഎ സര്‍ക്കാര്‍ വീഴും.
(എം പ്രശാന്ത്)
deshabhimani 170711
വോട്ടുകോഴ വിവാദം കോണ്‍ഗ്രസിനെ വീണ്ടും വേട്ടയാടുന്നു. വോട്ടുകോഴ കേസ് ഗൗരവത്തില്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയതോടെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ നെറികെട്ട സംഭവങ്ങള്‍ സജീവ ചര്‍ച്ചയാകുകയാണ്. സ്പെക്ട്രം അഴിമതി പോലെ ഈ കേസിലും സൂക്ഷ്മനിരീക്ഷണത്തിന് കോടതി തീരുമാനിച്ചാല്‍ കോണ്‍ഗ്രസിലെയും യുപിഎയിലെയും പല പ്രമുഖരും കുടുങ്ങും
ReplyDelete