കാരക്കോണം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥി പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സ്വാശ്രയ കോളേജ് മാനേജ്മെന്റിന്റെ ഗുണ്ടകളും പൊലീസുകാരും ചേര്‍ന്ന് തല്ലിച്ചതച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശരത്കൃഷ്ണന് , ക്യാമറാമാന് അയ്യപ്പന് , ഇന്ത്യാ വിഷന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍ എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് തലയ്ക്കടിച്ച മാര്‍ഷലിന്റെ തലയില്‍ അഞ്ച് തുന്നല്‍ ഉണ്ട്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. കാരക്കോണം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥി പ്രവേശനത്തിന് ഓരോ വിദ്യാര്‍ഥിയില്‍നിന്നും 40 ലക്ഷം രൂപവരെ തലവരിവാങ്ങിയ മാനേജ്മെന്റ് നടപടിക്കെതിരെ സിഎസ്ഐ ബിഷപ്പിന് പരാതി നല്കിയ സിഎസ്ഐ ഐക്യസമിതി പ്രവര്‍ത്തകരില്‍നിന്ന് വിവരം ശേഖരിക്കവെയാണ് ഏഷ്യാനെറ്റ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചത്. സിഎസ്ഐ സഭയുടെ ആസ്ഥാനമായ എല്‍എംഎസ് കോമ്പൗണ്ടില്വച്ച് വളഞ്ഞിട്ട് തല്ലിച്ചതച്ച സംഘം ഇവരുടെ ക്യാമറ തകര്‍ത്തു. ആദ്യം ക്യാമറ കൈവശപ്പെടുത്തിയ അക്രമികള്‍ പിന്നീട് സംഭവം പകര്‍ത്തിയ കാസറ്റ് എടുത്ത് ക്യാമറ തിരിച്ചു നല്കി. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ പിന്നീട് പൊലീസും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പൊലീസുകാര്‍ മാര്‍ഷലിന്റെ തലയടിച്ച് പൊട്ടിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞ് പോയി അല്‍പ്പസമയത്തിനകമാണ് പൊലീസുകാരുടെ നേതൃത്വത്തില്‍ രണ്ടാമത്തെ അക്രമം. ഐജി പത്മകുമാര്‍ അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പൊലീസുകാരുടെ അഴിഞ്ഞാട്ടം. സംഭവത്തില്‍ പ്രതിഷേധിച്ചും അക്രമികള്‍ പിടിച്ചെടുത്ത ടേപ് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടും മാധ്യമപ്രവര്‍ത്തകര്‍ നിയമസഭാ മാര്‍ച്ച് നടത്തി, റോഡ് ഉപരോധിച്ചു. വൈകിട്ട് ആറോടെ ടേപ് തിരിച്ചു നല്‍കിയെങ്കിലും അതില്‍ പകര്‍ത്തിയ അക്രമത്തിന്റെ ഭാഗങ്ങള്‍ മായ്ചുകളഞ്ഞിരുന്നു.
തിരുവനന്തപുരം ഡിസിസി അംഗവും നേമം ബ്ലോക്ക്പഞ്ചായത്ത് അംഗവുമായ എഡ്വിന് ജോര്‍ജ്, മാനേജ്മെന്റ് ശിങ്കിടിയായ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ റസലയ്യന് , സെക്യൂരിറ്റി ജീവനക്കാരന് മാറനല്ലൂര്‍ സ്വദേശി ഷാജിന് ഡേവിഡ്, കുറ്റ്യാനി പള്ളിനട വീട്ടില്‍ യേശുദാസ്, ആട് സാമുവല്‍ എന്നിവരുള്‍പ്പെടുന്ന 25 അംഗ സംഘമാണ് ഏഷ്യാനെറ്റ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയത്. ഏഷ്യനെറ്റ് സംഘത്തെ മര്‍ദിച്ച വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ എല്‍എംഎസ് കോമ്പൗണ്ടില്വച്ച് പൊലീസുകാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇതിനിടയിലാണ് മാര്‍ഷല്‍ വി സെബാസ്റ്റ്യനെ തലയ്ക്കടിച്ച് വീഴ്ത്തിയത്. മൂന്നു പേരെയും എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എആര്‍ ക്യാമ്പിലെ പൊലീസുകാരന് പി സി ജോണ്‍ ആണ് മാര്‍ഷലിന്റെ തലയ്ക്കടിച്ചത്.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പ്രശ്നം നിയമസഭയില്‍ ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടര്‍ന്ന് നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദില്ലിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് യേശുദാസനെയും സെക്യൂരിറ്റി ജീവനക്കാരന് ഷാജിന് ഡേവിഡിനെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യത്തില്‍ വിട്ടു. എഎസ്ഐ റസലയ്യന് , കോണ്‍സ്റ്റബിള്‍ പി സി ജോണ്‍ എന്നിവരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഐജി കെ പത്മകുമാര്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച വിവരം അറിഞ്ഞ് വിവിധ രാഷ്ട്രീയ, യുവജന, വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധപ്രകടനവുമായി എല്‍എംഎസില്‍ എത്തി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് , സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് , കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന് , പി കെ ശ്രീമതി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി.
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് പ്രതിഷേധാര്‍ഹം: ഇ പി
എല്‍എംഎസ് കോമ്പൗണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ദേശാഭിമാനി ജനറല്‍ മാനേജരും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജന് എംഎല്‍എ പറഞ്ഞു.
കാരക്കോണം മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്ത ശേഖരിക്കാന്‍ ചെന്ന ഏഷ്യാനെറ്റ് പ്രവര്‍ത്തകരെ ആക്രമിക്കുകയും അതില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്കുന്നതിനു പകരം ഗുണ്ടകള്‍ക്കൊപ്പം ചേര്‍ന്ന് പൊലീസും അവരെ മര്‍ദിക്കുകയായിരുന്നു. അക്രമികളോട് സര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് ഉണ്ടാവണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതിന് സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ , സഹപ്രവര്‍ത്തകരെ ആക്രമിച്ചതറിഞ്ഞ് പ്രതിഷേധവുമായെത്തിയ മാധ്യമപ്രവര്‍ത്തകരെ നേരിടാനാണ് പൊലീസ് മുതിര്‍ന്നത്. എല്‍എംഎസ് കോമ്പൗണ്ടില്‍നിന്ന് അക്രമികള്‍ പിടിച്ചെടുത്ത വാര്ത്താടേപ്പ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് റോഡ് ഉപരോധംവരെ നടത്തേണ്ടിവന്നു. ടേപ്പ് തിരിച്ചുനല്‍കണമെന്ന് രാവിലെമുതല്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാര്‍ അത് കണ്ടില്ലെന്നു നടിച്ചതാണ് റോഡുപരോധത്തിലേക്ക് എത്തിച്ചത്. സര്‍ക്കാരിന്റെ ഈ സമീപനം അപലപനീയമാണെന്ന് ജയരാജന് പറഞ്ഞു.
സ്വാശ്രയ കരാറില്‍നിന്ന് പിന്മാറുമെന്ന് കാരക്കോണം
ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന് സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍നിന്ന് കാരക്കോണം മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് പിന്മാറുമെന്ന് സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ച ഇടവക ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. സാമൂഹ്യവിരുദ്ധരും മാധ്യമപ്രവര്‍ത്തകരുമാണ് അക്രമം നടത്തിയതെന്നും സഭ കുറ്റപ്പെടുത്തി. 85 ശതമാനം സീറ്റിലും സര്‍ക്കാര്‍ ലിസ്റ്റില്‍നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തും. ഫീസ് സഭ തീരുമാനിക്കും. മാനേജ്മെന്റ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് കാരക്കോണം കോളേജ് പ്രതിനിധിയായ സാജന് പ്രസാദിനെ പിന്‍വലിക്കും. ഇടവക ആസ്ഥാനത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച അടച്ചിടുമെന്നും വൈദികരും സഭാഭാരവാഹികളും സെക്രട്ടറിയറ്റിന് മുന്നില്‍ ഉപവസിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
deshabhimani 150711
തിരുവനന്തപുരം ഡിസിസി അംഗവും നേമം ബ്ലോക്ക്പഞ്ചായത്ത് അംഗവുമായ എഡ്വിന് ജോര്‍ജ്, മാനേജ്മെന്റ് ശിങ്കിടിയായ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ റസലയ്യന് , സെക്യൂരിറ്റി ജീവനക്കാരന് മാറനല്ലൂര്‍ സ്വദേശി ഷാജിന് ഡേവിഡ്, കുറ്റ്യാനി പള്ളിനട വീട്ടില്‍ യേശുദാസ്, ആട് സാമുവല്‍ എന്നിവരുള്‍പ്പെടുന്ന 25 അംഗ സംഘമാണ് ഏഷ്യാനെറ്റ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയത്. ഏഷ്യനെറ്റ് സംഘത്തെ മര്‍ദിച്ച വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ എല്‍എംഎസ് കോമ്പൗണ്ടില്വച്ച് പൊലീസുകാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇതിനിടയിലാണ് മാര്‍ഷല്‍ വി സെബാസ്റ്റ്യനെ തലയ്ക്കടിച്ച് വീഴ്ത്തിയത്. മൂന്നു പേരെയും എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എആര്‍ ക്യാമ്പിലെ പൊലീസുകാരന് പി സി ജോണ്‍ ആണ് മാര്‍ഷലിന്റെ തലയ്ക്കടിച്ചത്.
ReplyDeleteമാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് സിപിഎം ഐ കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന് ആവശ്യപ്പെട്ടു. അക്രമികളോട് മൃദുസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പൊലീസിന് ആരെ ആക്രമിക്കാനും സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്രം തകര്‍ക്കുന്ന നടപടികളെ ഇ പി ശക്തിയായി അപലപിച്ചു.
ReplyDeleteവ്യാഴാഴ്ച എല്‍എംഎസ് കോമ്പൗണ്ടില്‍ അക്രമം നടത്തിയതിന് വിവിധ വിഭാഗക്കാര്‍ക്കെതിരെ നാല് കേസെടുത്തതായി മ്യൂസിയം സിഐ ജോബി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് മുരളീധരന് , വി വി രാജേഷ് എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് ഒരു കേസ്. അതിക്രമിച്ച് കടക്കല്‍ , കൈയേറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മാര്‍ഷല്‍ വി സെബാസ്റ്റ്യനെ മര്‍ദിച്ചതിന് കണ്ടാലറിയുന്ന ഒരു പൊലീസിനെതിരെയും ശരത്തിനെയും അയ്യപ്പനെയും മര്‍ദിക്കുകയും ക്യാമറ പിടിച്ചെടുക്കുകയും ചെയ്തതിന് എഎസ്ഐ റസലയ്യന് , എഡ്വില്‍ , സാമുവല്‍ എന്നിവരുള്‍പ്പെടെ ഇരുപത്തഞ്ചോളം പേര്‍ക്കെതിരെയും കേസെടുത്തു. കൂടാതെ, കാസറ്റ് തട്ടിയെടുത്ത് മായ്ച്ച് കളഞ്ഞതിന് ഒരു കേസും എടുത്തതായി സിഐ അറിയിച്ചു.
ReplyDelete