Tuesday, July 19, 2011

വോട്ട്കോഴ: പണം നല്‍കിയത് അമര്‍സിങ്ങെന്ന് സക്സേന

ന്യൂഡല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പില്‍ പിന്തുണയ്ക്കാന്‍ മൂന്ന് ബിജെപി എംപിമാരെ വിലയ്ക്കെടുക്കുന്നതിന് പണം നല്‍കിയത് സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍സിങ്ങാണെന്ന് അറസ്റ്റിലായ സഞ്ജീവ് സക്സേനയുടെ കുറ്റസമ്മതം. ബിജെപി എംപിമാരായ അശോക് അര്‍ഗല്‍ , ഭഗന്‍ സിങ് കുലസ്തെ, മഹാവീര്‍ ബഗോഡ എന്നിവരെ വിലയ്ക്കെടുക്കാന്‍ മുന്‍കൂറായി ഒരുകോടി രൂപ അമര്‍സിങ് സ്യൂട്ട്കേസിലാക്കി നല്‍കിയെന്ന് സക്സേന ഡല്‍ഹി പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ സക്സേനയെ മൂന്നുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അമര്‍സിങ്ങിനെ പൊലീസ് ഉടന്‍ ചോദ്യംചെയ്തേക്കും. കേസില്‍ സുപ്രീംകോടതി സ്ഥിതിവിവര റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ട്. അടുത്ത മാസം പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തുടങ്ങാനിരിക്കെ വോട്ടുകോഴ വിവാദം കേന്ദ്രത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിക്കും.

അമര്‍സിങ്ങിന്റെ അനുയായിയായ സഞ്ജീവ് സക്സേനയെ ഞായറാഴ്ച ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയശേഷം ഡല്‍ഹി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രത്യേക ജഡ്ജി സംഗീത ദിങ്റ സഹ്ഗാള്‍ മുമ്പാകെ ഹാജരാക്കി. സക്സേനയെ കൂടുതല്‍ ചോദ്യംചെയ്യണമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. കോഴ നല്‍കാന്‍ അശോക് അര്‍ഗലിന്റെ വസതിയിലേക്ക് സക്സേനയെ എത്തിച്ച അമര്‍സിങ്ങിന്റെ ഡ്രൈവര്‍ സഞ്ജയിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. പണമിടപാടിന്റെ കൃത്യമായ വഴി അറിയാമെങ്കിലും പരസ്പരവിരുദ്ധമായ മൊഴിയാണ് സക്സേന ഇപ്പോള്‍ നല്‍കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇന്ത്യ-അമേരിക്ക ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത്. 2008 ജൂലൈ 22ന് നടന്ന വിശ്വാസവോട്ടിനിടെ ബിജെപി എംപിമാര്‍ സര്‍ക്കാരിന്റെ ദല്ലാളന്മാര്‍ നല്‍കിയ കോഴപ്പണം സഭയില്‍ പ്രദര്‍ശിപ്പിച്ചു. സംഭവം അന്വേഷിക്കാന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അപ്പോള്‍ത്തന്നെ ഡല്‍ഹി പൊലീസിനോട് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് എംപി കിഷോര്‍ ചന്ദ്രദേവിന്റെ അധ്യക്ഷതയില്‍ ഏഴംഗ പാര്‍ലമെന്ററി സമിതിക്കും രൂപംനല്‍കി. കോഴപ്പണം കൈമാറുന്നതിനുള്ള ചര്‍ച്ചകളിലും മറ്റും സജീവമായി പങ്കെടുത്ത സഞ്ജീവ് സക്സേന, സുധീന്ദ്ര കുല്‍ക്കര്‍ണി, സൊഹൈല്‍ ഹിന്ദുസ്ഥാനി എന്നിവരുടെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പാര്‍ലമെന്ററി സമിതി വിശദമായ അന്വേഷണം നിര്‍ദേശിച്ചെങ്കിലും ഡല്‍ഹി പൊലീസ് കേസ് മുക്കി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഇടപെടലുകളും കേസ് മരവിക്കാന്‍ കാരണമായി. മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോ പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും സജീവമായത്.
(എം പ്രശാന്ത്)

deshabhimani 190711

1 comment:

  1. ഒന്നാം യുപിഎ സര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പില്‍ പിന്തുണയ്ക്കാന്‍ മൂന്ന് ബിജെപി എംപിമാരെ വിലയ്ക്കെടുക്കുന്നതിന് പണം നല്‍കിയത് സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍സിങ്ങാണെന്ന് അറസ്റ്റിലായ സഞ്ജീവ് സക്സേനയുടെ കുറ്റസമ്മതം. ബിജെപി എംപിമാരായ അശോക് അര്‍ഗല്‍ , ഭഗന്‍ സിങ് കുലസ്തെ, മഹാവീര്‍ ബഗോഡ എന്നിവരെ വിലയ്ക്കെടുക്കാന്‍ മുന്‍കൂറായി ഒരുകോടി രൂപ അമര്‍സിങ് സ്യൂട്ട്കേസിലാക്കി നല്‍കിയെന്ന് സക്സേന ഡല്‍ഹി പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ സക്സേനയെ മൂന്നുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അമര്‍സിങ്ങിനെ പൊലീസ് ഉടന്‍ ചോദ്യംചെയ്തേക്കും. കേസില്‍ സുപ്രീംകോടതി സ്ഥിതിവിവര റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ട്. അടുത്ത മാസം പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തുടങ്ങാനിരിക്കെ വോട്ടുകോഴ വിവാദം കേന്ദ്രത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിക്കും.

    ReplyDelete