Friday, July 15, 2011

മ്യൂസിയം വേണ്ടെന്ന് സര്‍ക്കാര്‍ ആകാമെന്ന് രാജകുടുംബം

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്ര നിലവറകളില്‍ കണ്ടെത്തിയ പുരാതന വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും അതിനാല്‍ മ്യൂസിയത്തിന്റെ ആവശ്യമില്ലെന്നും കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ , മ്യൂസിയം വേണ്ടെന്ന വാദത്തെ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ഖണ്ഡിച്ചു. കണ്ടെത്തിയ വസ്തുക്കള്‍ പ്രദര്‍ശനയോഗ്യമാണെന്നും അവ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ഇതെങ്ങനെ വേണമെന്ന് കോടതി തീരുമാനിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. നിലവറകളിലെ വന്‍സ്വത്തിന്റെ സംരക്ഷണവും സുരക്ഷയും എങ്ങനെ വേണമെന്ന കാര്യത്തില്‍ സുപ്രീംകോടതി അടുത്ത വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. പുരാതനവസ്തുക്കളുടെ സംരക്ഷണത്തിന് ഏതൊക്കെ വിദഗ്ധരെ നിയമിക്കണമെന്നും സുരക്ഷാകാര്യങ്ങള്‍ക്ക് ഏതെല്ലാം ഏജന്‍സികളുടെ ഉപദേശം തേടണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിക്കും.

നിലവിലെ സുരക്ഷാസംവിധാനം തൃപ്തികരമല്ലെന്നും സുരക്ഷയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപ അപര്യാപ്തമാണെന്നും ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ , എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഉരുക്കറകള്‍ നിര്‍മിക്കുന്നതടക്കം പരിഗണിക്കണമെന്നും കോടതി പറഞ്ഞു. നിലവറകളിലെ വസ്തുക്കളൊന്നും പ്രദര്‍ശനയോഗ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ പറഞ്ഞു. സ്വത്തുക്കള്‍ നിലവറകളില്‍തന്നെ സൂക്ഷിച്ചാല്‍ മതി. കണ്ടെത്തിയ വസ്തുക്കള്‍ പ്രദര്‍ശനയോഗ്യമല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ അംഗമായ ദേവസ്വം കമീഷണര്‍ അറിയിച്ചിട്ടുണ്ട്. അമൂല്യമായ കല്ലുകള്‍ പതിച്ച നീളമേറിയ സ്വര്‍ണമാലകളാണ് കണ്ടെത്തിയ വസ്തുക്കളിലേറെയും. ഇതെല്ലാം ഒരേരീതിയിലുള്ളതാണ്. പൊട്ടിയ വിഗ്രഹങ്ങളും സ്വര്‍ണപ്പാത്രങ്ങളും നാണയങ്ങളും സ്വര്‍ണാഭരണങ്ങളുമാണ് മറ്റ് വസ്തുക്കള്‍ . ഒരു മ്യൂസിയം സ്ഥാപിച്ച് പ്രദര്‍ശിപ്പിക്കാന്‍മാത്രം വസ്തുക്കള്‍ അവിടെയില്ല. കണ്ടെത്തിയ സ്വത്തുക്കള്‍ പത്മനാഭസ്വാമിയുടേതുമാത്രമാണെന്നും മറ്റാര്‍ക്കും ഇതില്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ക്ഷേത്രസ്വത്തുക്കളെ മൂന്നായി തിരിക്കണമെന്നും പ്രദര്‍ശനയോഗ്യമായവ പ്രദര്‍ശിപ്പിക്കണമെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു. കലാപരമായോ ചരിത്രപരമായോ പൗരാണികമായോ മൂല്യമില്ലാത്ത വസ്തുവകകള്‍ ഉപേക്ഷിക്കുകയോ പണമായി മാറ്റുകയോ ചെയ്യാം. ഈ പണം ക്ഷേത്രത്തിന്റെ വിവിധ ആവശ്യത്തിന് ഉപയോഗിക്കാം. വേദപാഠശാലയും താന്ത്രികപീഠവും സ്ഥാപിക്കണമെന്ന താല്‍പ്പര്യം ക്ഷേത്രം ഭാരവാഹികള്‍ക്കുണ്ട്. പ്രദര്‍ശനയോഗ്യമായ വസ്തുക്കളുടെ തനിപ്പകര്‍പ്പായ വസ്തുക്കള്‍ കല്ലറകളില്‍ അതേപടി സൂക്ഷിക്കണമെന്നും മാര്‍ത്താണ്ഡവര്‍മയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇനിയും തുറക്കാത്ത ബി നിലവറ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുത്താല്‍ മതി. കണ്ടെത്തിയ വസ്തുക്കളുടെ വീഡിയോ എടുക്കുന്നതും ഫോട്ടോ എടുക്കുന്നതും കോടതി തീരുമാനിക്കണം. വീഡിയോഗ്രഫി വേണമെന്നാണെങ്കില്‍ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതി ഏറ്റുവാങ്ങി സൂക്ഷിക്കണം. ഇതിന്റെ മറ്റു പകര്‍പ്പുകള്‍ക്ക് സാധ്യത കൊടുക്കരുത്. സുപ്രീംകോടതി മ്യൂസിയം ക്യുറേറ്റായ രാജേഷ് പ്രസാദിനെ പുരാതനവസ്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള വിദഗ്ധനായി നിയമിക്കാം. സുരക്ഷയ്ക്കായി ക്ഷേത്രപരിസരം പൂര്‍ണമായി ഏറ്റെടുക്കണം. സിസി ടിവികളടക്കം ആവശ്യമായ സാമഗ്രികള്‍ സ്ഥാപിക്കണം- വേണുഗോപാല്‍ പറഞ്ഞു.

പൗരാണികമൂല്യമില്ലാത്ത വസ്തുക്കള്‍ വില്‍ക്കണമെന്ന രാജകുടുംബത്തിന്റെ നിലപാട് കോടതി തള്ളി. ബി നിലവറ തുറക്കുംമുമ്പ് ദേവപ്രശ്നം നടത്തണമെന്ന് കക്ഷിചേര്‍ന്ന രാജകുടുംബാംഗം മൂലംതിരുനാള്‍ രാമവര്‍മയുടെ അഭിഭാഷകന്‍ പി പി റാവു പറഞ്ഞു. സ്വത്ത് ക്ഷേത്രത്തില്‍തന്നെ പ്രദര്‍ശിപ്പിക്കണം. കൂടുതല്‍ ഭക്തര്‍ ക്ഷേത്രത്തിലേക്കു വരാന്‍ ഇതു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 150711

1 comment:

  1. പത്മനാഭസ്വാമി ക്ഷേത്ര നിലവറകളില്‍ കണ്ടെത്തിയ പുരാതന വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും അതിനാല്‍ മ്യൂസിയത്തിന്റെ ആവശ്യമില്ലെന്നും കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ , മ്യൂസിയം വേണ്ടെന്ന വാദത്തെ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ഖണ്ഡിച്ചു. കണ്ടെത്തിയ വസ്തുക്കള്‍ പ്രദര്‍ശനയോഗ്യമാണെന്നും അവ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ഇതെങ്ങനെ വേണമെന്ന് കോടതി തീരുമാനിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. നിലവറകളിലെ വന്‍സ്വത്തിന്റെ സംരക്ഷണവും സുരക്ഷയും എങ്ങനെ വേണമെന്ന കാര്യത്തില്‍ സുപ്രീംകോടതി അടുത്ത വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. പുരാതനവസ്തുക്കളുടെ സംരക്ഷണത്തിന് ഏതൊക്കെ വിദഗ്ധരെ നിയമിക്കണമെന്നും സുരക്ഷാകാര്യങ്ങള്‍ക്ക് ഏതെല്ലാം ഏജന്‍സികളുടെ ഉപദേശം തേടണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിക്കും.

    ReplyDelete