Monday, September 5, 2011

മെഡി.കോര്‍പറേഷന്‍ വാങ്ങുന്ന മരുന്നിന് എട്ടിരട്ടി വില കൂടുതല്‍ , 100 കോടി നഷ്ടം

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം വാങ്ങിയ വിവിധയിനം മരുന്നുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഈ വര്‍ഷം അഞ്ചുമുതല്‍ എട്ടിരട്ടിവരെ അധിക വില നല്‍കേണ്ടി വരും. കോര്‍പറേഷന്‍ അധികൃതര്‍ വന്‍കിട മരുന്ന് ഉല്‍പ്പാദന കമ്പനികളുമായി ഒത്തുകളിച്ച് ടെന്‍ഡര്‍ നടപടി അലങ്കോലമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. ഇതിലൂടെ ഈ സാമ്പത്തികവര്‍ഷം മാത്രം സര്‍ക്കാരിന് 100 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടാകുക.

620 ഇനം മരുന്നുകളും അനുബന്ധഉപകരണങ്ങളും വാങ്ങുന്നതിനാണ് ഈ വര്‍ഷം ടെന്‍ഡര്‍ ക്ഷണിച്ചത്. ഇതില്‍ ടെന്‍ഡര്‍ പൂര്‍ത്തിയായ 387 ഇനങ്ങളില്‍ പകുതിയിലേറെ ഇനത്തിനും ഒരോ കമ്പനി മാത്രമാണ് "യോഗ്യത" നേടിയത്. ഒരേ കമ്പനി തന്നെ 15 മുതല്‍ 25 ഇനങ്ങളുടെ ടെന്‍ഡറും സ്വന്തമാക്കി. ഈ കമ്പനി കളാകട്ടെ മുന്‍വര്‍ഷത്തെക്കാള്‍ എട്ടിരട്ടിവരെ വില കൂടുതലായാണ് ക്വാട്ടുചെയ്തത്. കഴിഞ്ഞ നാലുവര്‍ഷമായി 160ലേറെ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. കോര്‍പ്പറേഷന്റെ കള്ളക്കളികാരണം ഈ വര്‍ഷം 100ല്‍ താഴെ കമ്പനികള്‍ മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഇതില്‍ 30ലേറെ കമ്പനികളെ കോര്‍പറേഷന്‍ പലകാരണങ്ങള്‍ പറഞ്ഞ് അയോഗ്യരാക്കുകയുംചെയ്തു.

സിറിഞ്ച്, ബാഗ് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപെട്ട (ഐവി കാനുല, ഐവിസെറ്റ്) ഒമ്പത് ഇനം മരുന്നുകള്‍ക്ക് മാത്രമായി കോര്‍പറേഷന്‍ നല്‍കേണ്ടത് 34 കോടി രൂപയാണ്. ഇവയില്‍ മിക്കയിനത്തിനും ടെന്‍ഡര്‍ ഉറപ്പിച്ചത് മുംബൈയിലെ ബ്രോണ്‍ മെഡിക്കല്‍ ഇന്ത്യ ലിമിറ്റഡാണ്. ഈ കമ്പനിയോടൊപ്പം ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് അഞ്ചുകമ്പനികളെ നിശ്ചിത യോഗ്യതയില്ലെന്ന് പറഞ്ഞ് പുറത്താക്കിയാണ് തട്ടിപ്പുനടന്നത്. ഈ കമ്പനിയുടെ ഐവി കാനുല 18 ഗേജിന് കഴിഞ്ഞ വര്‍ഷത്തെ വില 4.39 രൂപയായിരുന്നു. ഈ വര്‍ഷം അത് 26 രൂപയാണ്. ഈ കമ്പനിയുടെ ഐവി സെറ്റ് വാങ്ങുന്നത് ഈ വര്‍ഷം 24.50 രൂപയ്ക്കാണ്. കഴിഞ്ഞ വര്‍ഷം ഇതിന്റെ വില 3.28 രൂപ മാത്രമായിരുന്നു. ഈ രണ്ട് മരുന്നിനും കൂടി 15.61 കോടി രൂപ കോര്‍പറേഷന്‍ നല്‍കണം. കഴിഞ്ഞവര്‍ഷം ഇത് മൂന്നരക്കോടി രൂപ മാത്രമായിരുന്നു.

മരുന്ന് ഉപകരണങ്ങള്‍ വിതരണംചെയ്യുന്നതിനുള്ള ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള കമ്പനികളുടെ വാര്‍ഷികവിറ്റുവരവ് നേരത്തെ രണ്ട് കോടി രൂപയായിരുന്നു. ഇത് ഒറ്റയടിക്ക് 50 കോടിയായി ഉയര്‍ത്തിയാണ് മറ്റ് കമ്പനികളെ പുറംതള്ളിയത്. സാധാരണയിനം മരുന്നുകളുടെയും കോള്‍ഡ് ചെയിന്‍ ഇനങ്ങളുടെയും വിറ്റുവരവ് അഞ്ചു കോടിയെന്നത് 20 കോടിയാക്കി. മറ്റു വിവിധയിനങ്ങളുടെ വിറ്റുവരവ് ഒരു കോടിയും രണ്ടു കോടിയും ആയിരുന്നത് 20 കോടിമുതല്‍ 100 കോടി രൂപവരെയായി ഉയര്‍ത്തി. ഇങ്ങനെ വിറ്റുവരവ് ഉയര്‍ത്തിയതിനാലാണ് മിക്ക കമ്പനികളും പുറത്തായത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 140 കോടിയുടെ മരുന്നാണ് കോര്‍പറേഷന്‍ വാങ്ങിയത്. ഇപ്പോഴത്തെ ടെന്‍ഡര്‍ നിരക്ക് അനുസരിച്ച് ഇത് 240 കോടിയിലും അധികമാകും. എന്നാല്‍ , ധനവകുപ്പ് 140 കോടി രൂപയില്‍ കൂടുതല്‍ നല്‍കാനിടയില്ല. ഇങ്ങനെ വരുമ്പോള്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ പകുതി മരുന്ന് പോലും ആശുപത്രികളിലെത്താനിടയില്ലെന്നാണ് സൂചന. ടെന്‍ഡര്‍ നടപടികള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയതിനാല്‍ 233 ഇനങ്ങളുടെ ടെന്‍ഡര്‍ ഇനിയും എങ്ങുമെത്തിയിട്ടില്ല. പൂര്‍ത്തിയായ 387 ഇനങ്ങളില്‍ 187 ഇനങ്ങള്‍ക്ക് ഇനിയും വിതരണത്തിനുള്ള കത്തും നല്‍കിയിട്ടില്ല. സാമ്പത്തികവര്‍ഷം തുടങ്ങി അഞ്ചുമാസം പിന്നിട്ടിട്ടും തുടരുന്ന ഈ അവസ്ഥ സര്‍ക്കാര്‍ ആശുപത്രികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
(എം രഘുനാഥ്)

deshabhimani 050911

1 comment:

  1. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം വാങ്ങിയ വിവിധയിനം മരുന്നുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഈ വര്‍ഷം അഞ്ചുമുതല്‍ എട്ടിരട്ടിവരെ അധിക വില നല്‍കേണ്ടി വരും. കോര്‍പറേഷന്‍ അധികൃതര്‍ വന്‍കിട മരുന്ന് ഉല്‍പ്പാദന കമ്പനികളുമായി ഒത്തുകളിച്ച് ടെന്‍ഡര്‍ നടപടി അലങ്കോലമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. ഇതിലൂടെ ഈ സാമ്പത്തികവര്‍ഷം മാത്രം സര്‍ക്കാരിന് 100 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടാകുക.

    ReplyDelete