Monday, September 5, 2011

മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി വെട്ടിച്ചുരുക്കാന്‍ നീക്കം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി പഞ്ഞമാസ സമ്പാദ്യ സമാശ്വാസപദ്ധതി ബിപിഎല്‍ വിഭാഗത്തിനുമാത്രമായി വെട്ടിച്ചുരുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം. 40 ശതമാനത്തോളംപേരുടെ ആനുകൂല്യം ഇതോടെ നഷ്ടമാകും. ഇതിനു മുന്നോടിയായി പദ്ധതിയിലേക്കുള്ള തൊഴിലാളിവിഹിതം സ്വീകരിക്കുന്നതു നിര്‍ത്തി. മത്സ്യത്തൊഴിലാളികളില്‍നിന്ന് ക്ഷേമനിധിബോര്‍ഡ് പ്രതിമാസം 75 രൂപവീതം എട്ടുമാസം ശേഖരിച്ച് സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും 600 രൂപവീതം വിഹിതവും ചേര്‍ത്ത് പഞ്ഞമാസത്തില്‍ 1800 രൂപ നല്‍കുന്നതാണ് പദ്ധതി. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന മെയ് മുതല്‍ ജൂലൈ വരെ ഒന്നിച്ചോ ഗഡുക്കളോ ആയാണ് തുക നല്‍കുന്നത്. ആഗസ്ത്മുതല്‍ വീണ്ടും തൊഴിലാളിവിഹിതം സ്വീകരിച്ചുതുടങ്ങും.

എന്നാല്‍ , ഇക്കുറി സെപ്തംബറായിട്ടും തുക സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ക്ഷേമനിധി ഓഫീസുകളും അനിശ്ചിതത്വത്തിലാണ്. പദ്ധതി ബിപിഎല്‍ ലിസ്റ്റില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന്റെ മറവിലാണ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. അറുപതിനായിരത്തിലേറെപേര്‍ക്കാണ് ഇതുമൂലം ആനുകൂല്യം നഷ്ടമാകുന്നത്. മൊത്തം 1,60,000ഓളംപേര്‍ക്കാണ് ഇപ്പോള്‍ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതി ബിപിഎല്‍കാര്‍ക്കേ നല്‍കാവൂവെന്ന കേന്ദ്രനിര്‍ദേശം നേരത്തെയുണ്ടെങ്കിലും ഇക്കാര്യം ശ്രദ്ധയില്‍ പ്പെട്ടത് ഇപ്പോഴാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേന്ദ്ര നിര്‍ദേശം കൃത്യമായി പാലിക്കണമെന്ന് അക്കൗണ്ടന്റ് ജനറലാണ് ഉപദേശം നല്‍കിയത്.

എന്നാല്‍ , മത്സ്യത്തൊഴിലാളികളെ മുഴുവന്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാമെങ്കിലും ഈ വഴിക്കുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ല. ബിപിഎല്‍ ലിസ്റ്റ് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങളും ഈ നീക്കത്തിന് തിരിച്ചടിയായേക്കും. അംശവിഹിതം 75 രൂപയായി ഓരോ മാസം സ്വീകരിക്കാത്ത പക്ഷം പദ്ധതിയിലെ അനിശ്ചിതത്വം തീരുന്ന വേളയില്‍ തുക ഒരുമിച്ച് അടയ്ക്കാനും തൊഴിലാളികള്‍ നിര്‍ബന്ധിതരാകും. ഇതും നിര്‍ധനരായ ഈ വിഭാഗത്തിന് പ്രശ്നം സൃഷ്ടിക്കും.

deshabhimani 050911

1 comment:

  1. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി പഞ്ഞമാസ സമ്പാദ്യ സമാശ്വാസപദ്ധതി ബിപിഎല്‍ വിഭാഗത്തിനുമാത്രമായി വെട്ടിച്ചുരുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം. 40 ശതമാനത്തോളംപേരുടെ ആനുകൂല്യം ഇതോടെ നഷ്ടമാകും. ഇതിനു മുന്നോടിയായി പദ്ധതിയിലേക്കുള്ള തൊഴിലാളിവിഹിതം സ്വീകരിക്കുന്നതു നിര്‍ത്തി.

    ReplyDelete