Monday, September 19, 2011

100 ദിനപരിപാടി ഉദ്ഘാടനംചെയ്തത് എല്‍ഡിഎഫ് പദ്ധതികള്‍

ലക്ഷങ്ങള്‍ ചെലവഴിച്ച തട്ടിപ്പ്

യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനകര്‍മപരിപാടിയില്‍ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ 99 ശതമാനവും എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചവയും പൂര്‍ത്തിയാക്കിയവയും. തലസ്ഥാനമെന്ന നിലയില്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ഒരു വികസനപ്രവര്‍ത്തനവും തിരുവനന്തപുരം നഗരത്തില്‍ പുതിയതായി നടക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് എംഎല്‍എ വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോചെയ്ത പദ്ധതികളുടെ ഉദ്ഘാടനം വീണ്ടും നടത്തി ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും പരിഹാസ്യരാവുന്ന കാഴ്ചയാണ് അരങ്ങേറുന്നത്. നഗരത്തിലെ നൂറു വാര്‍ഡില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നൂറുദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡുകള്‍പോലും ഇത്രയും ശോച്യമായ കാലം മുമ്പുണ്ടായിട്ടില്ല.

പൂജപ്പുര എസ്സിഇആര്‍ടി ഓഫീസില്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനംചെയ്ത കോണ്‍ഫറന്‍സ് ഹാള്‍ എല്‍ഡിഎഫ് ഭരണത്തില്‍ നിര്‍മാണം ആരംഭിച്ചു പൂര്‍ത്തിയാക്കിയതാണ്. ജനറല്‍ ആശുപത്രികെട്ടിടം, വയോമിത്രം, മ്യൂസിയം-കുടിവെള്ളം, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെ സ്ത്രീകള്‍ക്കുള്ള ടോയ്ലറ്റ്, ഫയര്‍ഫോഴ്സ് കെട്ടിടം, കെഎസ്ആര്‍ടിസി ഈഞ്ചയ്ക്കല്‍ ബസ്സ്റ്റാന്‍ഡ്, നോര്‍ക്ക സെന്റര്‍ കെട്ടിടം, ഉള്ളൂര്‍ അങ്കണവാടി കെട്ടിടം, കണ്ണമ്മൂല പുത്തന്‍പാലം വൈദ്യുതിവിതരണ പദ്ധതി, അഗ്രോ-ഇന്‍ഡസ്ട്രീസ് കര്‍മസേന, പേരൂര്‍ക്കട മൃഗസംരക്ഷണവകുപ്പ് ട്രെയിനിങ് സെന്റര്‍ , പൊലീസ് ക്യാമറാ സംവിധാനം, ഡിഡിആര്‍സി ലാബ്, പട്ടം സബ്രജിസ്ട്രാര്‍ ഓഫീസ് കംപ്യൂട്ടറൈസേഷന്‍ , ഹാന്‍ടെക്സ് കെട്ടിടം, സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ , നാറ്റ്പാക് സെന്റര്‍ ഫോര്‍ എക്സലന്‍സ് കെട്ടിടം തുടങ്ങിയ പദ്ധതികളൊക്കെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കപ്പെട്ടവയാണെന്ന് അക്കാലത്തെ പത്രങ്ങള്‍ മറിച്ചുനോക്കിയാല്‍ മനസിലാകും.

എല്‍ഡിഎഫ് ഭരണത്തില്‍ പൂര്‍ത്തിയാക്കിയ കാച്ചാണി-വേട്ടമുക്ക്, മരുതംകുഴി-ഇലിപ്പോട്, വലിയവിള-അറപ്പുര, മുക്കോലയ്ക്കല്‍ -വഴയില-കടയില്‍മുടുമ്പ് എന്നീ റോഡുകള്‍ക്ക് ഈ സര്‍ക്കാര്‍ വീണ്ടും ഉദ്ഘാടനം നടത്തിയത് പ്രദേശവാസികള്‍ ബഹിഷ്കരിച്ചിരുന്നു. കാട്ടാക്കട കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്സ് എല്‍ഡിഎഫ്്ഭരണത്തില്‍ പൂര്‍ത്തിയാക്കിയതാണെങ്കിലും അതിന്റെ പിതൃത്വവും യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് വന്‍ പരസ്യം നല്‍കി, സ്പീക്കറെപ്പോലും അവഗണിച്ച്, ലക്ഷങ്ങള്‍ ചെലവിട്ട് ഉദ്ഘാടനംചെയ്തു.

deshabhimani 180911

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനകര്‍മപരിപാടിയില്‍ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ 99 ശതമാനവും എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചവയും പൂര്‍ത്തിയാക്കിയവയും. തലസ്ഥാനമെന്ന നിലയില്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ഒരു വികസനപ്രവര്‍ത്തനവും തിരുവനന്തപുരം നഗരത്തില്‍ പുതിയതായി നടക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് എംഎല്‍എ വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.

    ReplyDelete