Monday, September 19, 2011

ബത്തേരിയില്‍ പൊലീസ് ഭീകരത; നേതാക്കളെ അറസ്റ്റ്ചെയ്തു

ബത്തേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ചതിന് വയനാട്ടില്‍ എല്‍ഡിഎഫ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം ഉണ്ടാക്കി. മുന്‍ എംഎല്‍എ പി കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ള നേതാക്കളെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് അറസ്റ്റ് ചെയ്തതെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ ബത്തേരി മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.

എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ കൈയേറ്റഭൂമി ഏറ്റെടുക്കണമെന്ന കോടതി വിധി നടപ്പാക്കണം എന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജില്ലയില്‍ മൂന്നിടങ്ങളിലായി കരിങ്കൊടി കാണിച്ചത്. ബത്തേരിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജും നടത്തിയിരുന്നു. ആദിവാസി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഇ എ ശങ്കരന്‍ ഒന്നാം പ്രതിയായാണ് കേസ്. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍ , മുന്‍ എംഎല്‍എ പി കൃഷ്ണപ്രസാദ്, ഏരിയാസെക്രട്ടറി കെ ശശാങ്കന്‍ തുടങ്ങിയവരും പ്രതികളാണ്. സിപിഐ എം ബത്തേരി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ബാബു അബ്ദുറഹിമാ (59) നെ ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം വീട്ടില്‍ കയറി ബലമായി അറസ്റ്റുചെയ്തു. ബത്തേരി സിഐ വി കെ വിശ്വംഭരന്‍ , എസ്ഐ എന്‍ ഒ സിബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി കെ ആര്‍ പ്രജീഷിന്റെയും കുപ്പാടിയിലെ റോയിയുടെയും വീട്ടിലും അര്‍ധരാത്രിയോടെ പൊലീസ് ചെന്ന് ഭീകരാന്തരീക്ഷമുണ്ടാക്കി. ഇരുവരും സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.

ബാബു അബ്ദുറഹിമാനെ വീട്ടില്‍ കയറി അറസ്റ്റ്ചെയ്തതറിഞ്ഞ് പി കൃഷ്ണപ്രസാദിന്റെയും കെ ശശാങ്കന്റെയും നേതൃത്വത്തില്‍ സിപിഐ എം നേതാക്കള്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. ബാബു അബ്ദുറഹിമാനെകൂടാതെ പി കൃഷ്ണപ്രസാദ്, ഇ എ ശങ്കരന്‍ , കെ ശശാങ്കന്‍ , വി വി ബേബി, പ്രഭാകരന്‍ നായര്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ അറസ്റ്റ്ചെയ്തത്. പൊലീസിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന വകുപ്പുകൂടി ചേര്‍ത്ത് മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയെങ്കിലും അതിന് തെളിവ് ഹാജരാക്കാന്‍ പൊലീസിനു സാധിച്ചില്ല. തുടര്‍ന്നാണ് നേതാക്കളെ വിട്ടയച്ചത്. എല്‍ഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെയും കൃഷ്ണഗിരിയിലെ നിരോധനാജ്ഞയ്ക്കെതിരെയും ബത്തേരിയില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടന്നു.

deshabhimani 190911

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ചതിന് വയനാട്ടില്‍ എല്‍ഡിഎഫ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം ഉണ്ടാക്കി. മുന്‍ എംഎല്‍എ പി കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ള നേതാക്കളെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് അറസ്റ്റ് ചെയ്തതെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ ബത്തേരി മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.

    ReplyDelete