Wednesday, September 7, 2011

എംഎല്‍എയും സംഘവും "108 ആംബുലന്‍സ് " ജീവനക്കാരെ ഓടിച്ചിട്ടുതല്ലി

"108 ആംബുലന്‍സ"് ഡ്രൈവറെയും ടെക്നീഷ്യനെയും എംഎല്‍എയും സംഘവും ക്രൂരമായി മര്‍ദിച്ചു. ടയര്‍ പഞ്ചറായതിനാല്‍ ആംബുലന്‍സ് ഓടിക്കാനാകില്ലെന്ന് പറഞ്ഞതിനാണിത്. തിങ്കളാഴ്ച രാത്രി പത്തോടെ പാറശാല താലൂക്കാശുപത്രിയിലാണ് സംഭവം. കോണ്‍ഗ്രസ് നേതാവും പാറശാല എംഎല്‍എയുമായ എ ടി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ "108 ആംബുലന്‍സ്" ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കി. ആംബുലന്‍സ് ഡ്രൈവര്‍ പൂവാര്‍ പുതിയതുറ എ നൗഷാദ് (34), എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ കോട്ടയം സ്വദേശി കെ എസ് രതീഷ് (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടാണ് അക്രമം നടത്തിയത്. രോഗിയുടെ കൂട്ടിരിപ്പുകാര്‍ ആംബുലന്‍സിനായി ഡ്രൈവറെ സമീപിച്ചപ്പോള്‍ ടയര്‍ പഞ്ചറാണെന്നും നെയ്യാറ്റിന്‍കരയില്‍നിന്ന് മറ്റൊരു ആംബുലന്‍സ് എത്തിക്കാമെന്നും അറിയിച്ചു. അത് സമ്മതിച്ച് കൂട്ടിരിപ്പുകാര്‍ മടങ്ങി. എന്നാല്‍ , അല്‍പ്പസമയത്തിനുശേഷം എ ടി ജോര്‍ജിന്റെ നേതൃത്വത്തില്‍ മദ്യപിച്ചെത്തിയ സംഘം ഡ്രൈവര്‍ക്കും ടെക്നീഷ്യനും നേരെ തട്ടിക്കയറി മര്‍ദനം തുടങ്ങി. അസഭ്യവര്‍ഷം ചൊരിഞ്ഞ എംഎല്‍എ കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീടായിരുന്നു മര്‍ദനമെന്ന് രതീഷ് പറഞ്ഞു. മര്‍ദനം രൂക്ഷമായപ്പോള്‍ നൗഷാദ് രക്ഷതേടി ഓടി. പിന്നാലെ മുണ്ടും മടക്കിക്കുത്തി ഓടിയെത്തിയ എംഎല്‍എ നൗഷാദിനെ പിടിച്ചുനിര്‍ത്തി അടിച്ചു. ആശുപത്രി കോമ്പൗണ്ടിനുപുറത്തിട്ടും മര്‍ദിച്ചു. മര്‍ദനത്തിനിടെ അടിതെറ്റി വീണ എംഎല്‍എ കൂടുതല്‍ പ്രകോപിതനായി. അടിക്കരുതെന്ന് നൗഷാദ് കൈകൂപ്പി അപേക്ഷിച്ചിട്ടും നിര്‍ത്തിയില്ല. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തിയതോടെ എംഎല്‍എയും സംഘവും കാറില്‍ സ്ഥലംവിട്ടു.

മര്‍ദനത്തില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സിലെ ജീവനക്കാര്‍ പണിമുടക്കി സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി. എംഎല്‍എയ്ക്കും സംഘത്തിനുമെതിരെ നടപടിയെടുക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. രാവിലെ എട്ടരയോടെയാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് കാരണം 108ലേക്ക് വിളി കുറവാണെന്നും ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും 108 ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. ആംബുലന്‍സ് ഡ്രൈവറെയും ടെക്നീഷ്യനെയും മര്‍ദിച്ചതില്‍ എ ടി ജോര്‍ജ് എംഎല്‍എയ്ക്കും കണ്ടാലറിയുന്ന പത്തുപേര്‍ക്കുമെതിരെ കേസെടുത്തതായി പാറശാല സിഐ അറിയിച്ചു.

deshabhimani news

2 comments:

  1. "108 ആംബുലന്‍സ"് ഡ്രൈവറെയും ടെക്നീഷ്യനെയും എംഎല്‍എയും സംഘവും ക്രൂരമായി മര്‍ദിച്ചു. ടയര്‍ പഞ്ചറായതിനാല്‍ ആംബുലന്‍സ് ഓടിക്കാനാകില്ലെന്ന് പറഞ്ഞതിനാണിത്. തിങ്കളാഴ്ച രാത്രി പത്തോടെ പാറശാല താലൂക്കാശുപത്രിയിലാണ് സംഭവം. കോണ്‍ഗ്രസ് നേതാവും പാറശാല എംഎല്‍എയുമായ എ ടി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ "108 ആംബുലന്‍സ്" ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കി.

    ReplyDelete
  2. 108 ആംബുലന്‍സ് ജീവനക്കാരെ മര്‍ദ്ദിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. 108 ആംബുലന്‍സ് നടത്തിപ്പ് സ്വകാര്യകമ്പനിക്കാണെന്നും മന്ത്രി പറഞ്ഞു. ഈവിഷയം എന്‍ആര്‍എച്ച്എം ഡയറക്ടര്‍ ബിജുപ്രതാപന്‍ അന്വേഷിക്കും. സ്വാശ്രയ കോളേജുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അതേഫീസ് ഈടാക്കും. മാനേജ്മെന്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പരീക്ഷാകമ്മീഷന്റെ പട്ടികയില്‍ നിന്നും പ്രവേശനം നല്‍കും. ഈ ലിസ്റ്റില്‍ മതിയായ വിദ്യാര്‍ഥികളില്ലാതെ വന്നാല്‍ മാനേജ്മെന്റുകള്‍ക്ക് പരീക്ഷ നടത്താം. ഇതിനായുള്ള പരീക്ഷ 23ന് നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    ReplyDelete