Tuesday, September 20, 2011

ജീവനക്കാരില്ല; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കുന്നു

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് വ്യാപകമായി റദ്ദാക്കുന്നു. ഡ്രൈവര്‍മാരില്ലാത്തതിനാല്‍ 15 മുതല്‍ 20 വരെ സര്‍വീസുകളാണ് ദിവസവും ഒരോ ഡിപ്പോകളിലും റദ്ദാക്കുന്നത്. ദീര്‍ഘദൂര ബസുകളുടെ സര്‍വീസുകള്‍ റദ്ദാക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നതോടൊപ്പം പടിപടിയായി നിര്‍ത്തലാക്കുന്ന റൂട്ടുകളില്‍ സ്വകാര്യസര്‍വീസുകള്‍ കടന്നുകയറാനും ഇടയാക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ശമ്പളക്കുറവുകാരണം ജോലി ഉപേക്ഷിച്ചു പോകുന്നത് പതിവാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്ന ഡ്രൈവര്‍ക്ക് 300 രൂപയും കണ്ടക്ടര്‍ക്ക് 280 രൂപയുമാണ് ദിവസക്കൂലി. സ്വകാര്യവാഹനങ്ങളില്‍ 400 മുതല്‍ 600 രൂപവരെ കൂലികിട്ടും. ലോറിയിലാണെങ്കില്‍ ദിവസവും 600 രൂപ ലഭിക്കും. കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍ കയറുന്നയാള്‍ 5000 രൂപ ബോണ്ടും നല്‍കണം.

സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ ദീര്‍ഘ-സിറ്റി സര്‍വീസ് വ്യത്യാസമില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1000ല്‍ അധികം പുതിയ സര്‍വീസുകളാണ് ആരംഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി 14000ലേറെ ഡ്രൈവര്‍മാരെയും നിയമിച്ചു. പിഎസ്സി വഴി പലതവണ റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്കും നിയമനം നടത്തി. എന്നാല്‍ ഈ സര്‍ക്കാര്‍ വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ജീവനക്കാരെ നിയമിക്കാനുള്ള ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. സര്‍വീസിലുള്ള പല ഡ്രൈവര്‍മാരും അധിക ജോലിയെടുക്കാന്‍ തയ്യാറാണെങ്കിലും അധികശമ്പളം കൊടുക്കാന്‍ അധികൃതര്‍ തയ്യാറല്ല. സര്‍വീസുകള്‍ വ്യാപകമായി റദ്ദായിട്ടും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എറണാകുളം ഡിപ്പോയില്‍ മാത്രം 40ലേറെ ഡ്രൈവര്‍മാരുടെ ഒഴിവുണ്ട്. പിഎസ്സി വഴി ആളെയെടുക്കാതെ ദിവസക്കൂലിക്കാരെ നിയമിക്കുന്നതും പതിവായിട്ടുണ്ട്. എട്ടുവര്‍ഷം പൂര്‍ത്തിയായ എം പാനല്‍ ജീവനക്കാരെയും പിഎസ്സി അണ്‍ അഡൈ്വസ്ഡ് കണ്ടക്ടര്‍മാരെയും സ്ഥിരപ്പെടുത്താന്‍ മുന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ പാടേ അവഗണിച്ചു. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച ശമ്പളപരിഷ്കരണചര്‍ച്ചകളും അവസാനിപ്പിച്ചിരിക്കുകയാണ്.

deshabhimani 200911

1 comment:

  1. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് വ്യാപകമായി റദ്ദാക്കുന്നു. ഡ്രൈവര്‍മാരില്ലാത്തതിനാല്‍ 15 മുതല്‍ 20 വരെ സര്‍വീസുകളാണ് ദിവസവും ഒരോ ഡിപ്പോകളിലും റദ്ദാക്കുന്നത്.

    ReplyDelete