Friday, September 23, 2011

അട്ടപ്പാടി പാക്കേജ്: എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിക്കപ്പെട്ടു

അട്ടപ്പാടിയില്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ ഉത്തരവിറക്കിയത്. 1275 സര്‍വേ നമ്പരിലുള്ള ഭൂമി ആദിവാസികളുടേതാണെന്ന തെളിവുകള്‍ അവഗണിച്ചാണ് പുതിയ ഉത്തരവ്. ഇതു സംബന്ധിച്ച ഐ ടി ഡി പി (സംയോജിത ആദിവാസി വികസന പരിപാടി) റിപ്പോര്‍ട്ടും യു ഡി എഫ് സര്‍ക്കാര്‍ അവഗണിച്ചു.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടനുസരിച്ച് കേരള ഭൂപരിഷ്‌കരണ നിയമം-1963ന്റെ ലംഘനമാണ് അട്ടപ്പാടിയില്‍ നടന്നത്. പാലക്കാട് കലക്ടറുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ച് സാര്‍ജന്‍ റിയാലിറ്റീസ് (101.01 ഏക്കര്‍), സുബാ റിയാലിറ്റീസ് (ഒന്‍പത് ഏക്കര്‍), കള്ളമല സൊസൈറ്റി (14 ഏക്കര്‍), ഉസ്മാന്‍ കുടുംബം(43 ഏക്കര്‍), ഉദയാഫാം(25.25 ഏക്കര്‍), രാമചന്ദ്രവാര്യര്‍ കുടുംബം (33.32 ഏക്കര്‍), ജി കെ ഫാം (21.10 ഏക്കര്‍) എന്നിങ്ങനെ ആകെ 246.68 ഏക്കര്‍ ഭൂമിടെ വ്യാജ രേഖകളാണ് പാലക്കാട് കലക്ടര്‍ കണ്ടെത്തിയത്. ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിലും കലക്ടറുടെ കണ്ടെത്തല്‍ ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ 2010 ജനവുരി 10ന് ഈ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമി കൈമാറുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
കൂടാതെ ഐ ടി ഡി പി തയ്യാറാക്കിയ ആദിവാസി സര്‍വേ റിപ്പോര്‍ട്ടില്‍ 1275 സര്‍വേ നമ്പറിലെ ഭൂമി പാരമ്പര്യമായി ആദിവാസികളുടേതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1977 ഫെബ്രുവരി 15 ന് നിലവിലുണ്ടായിരുന്ന ഭൂമിയെ സംബന്ധിച്ചുള്ള രേഖകളാണ് ഇതിന് അവലംബം. ആദിവാസികള്‍ക്ക് ഈ ഭൂമിക്ക് മേലുള്ള അവകാശം സത്യമാണെന്നും കലര്‍പ്പില്ലാത്തതാണെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദിവാസികള്‍ വില്ലേജ് ഓഫീസുകളില്‍ സമയാസമയങ്ങളില്‍ ഭൂനികുതി അടച്ചതിന്റെ രസീതുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത്രയും വ്യക്തതയോടെ കണ്ടെത്തിയ വസ്തുതകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് ഉത്തരവ് വഴി സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.

മണ്ണ് സംരക്ഷണവകുപ്പിന്റെ രേഖകളും 1275, 1273 സര്‍വേ നമ്പരുകളില്‍ ആദിവാസി ഭൂമിയാണെന്ന് സൂചിപ്പിക്കുന്നുണ്ട്. 1981-82 കാലത്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ കലക്ടറുടെ അന്വേഷണത്തില്‍ 1975-76മുതല്‍ 1981-82 വരെ 33 ആദിവാസി കുടുംബങ്ങള്‍ 111.30 ഏക്കര്‍ഭൂമിയുടെ നികുതി അടച്ചതിന്റെ രസീത് ഹാജരാക്കിയിട്ടുണ്ട്. ആദിവാസികള്‍ക്ക് സ്വന്തം ഭൂമിയുടെ അതിര്‍ത്തി മരവും പാറയും മറ്റ് പ്രകൃതി ദത്തമായ അടയാളങ്ങളുമാണ്.

ഇവര്‍ പരസ്പരം ഭൂമി കൈയേറില്ല. ഈ തെളിവുകളെല്ലാം മുഖ്യമന്ത്രി നിരാകരിച്ചിരിക്കുകയാണ്. കോട്ടത്തറ വില്ലേജില്‍ മറ്റ് സര്‍വേ നമ്പറുകളില്‍ 16 കാറ്റാടി യന്ത്രങ്ങളും അഗളി വില്ലേജില്‍ എട്ട് കാറ്റാടി യന്ത്രങ്ങളുമുണ്ട്. ഇതില്‍ അഗളിയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് അഹാഡ്‌സിലെ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശവും സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് പുതിയ ഉത്തരവ് തെളിക്കുന്നത്.

janayugom 230911

1 comment:

  1. Friday, September 23, 2011
    അട്ടപ്പാടി പാക്കേജ്: എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിക്കപ്പെട്ടു
    അട്ടപ്പാടിയില്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ ഉത്തരവിറക്കിയത്. 1275 സര്‍വേ നമ്പരിലുള്ള ഭൂമി ആദിവാസികളുടേതാണെന്ന തെളിവുകള്‍ അവഗണിച്ചാണ് പുതിയ ഉത്തരവ്. ഇതു സംബന്ധിച്ച ഐ ടി ഡി പി (സംയോജിത ആദിവാസി വികസന പരിപാടി) റിപ്പോര്‍ട്ടും യു ഡി എഫ് സര്‍ക്കാര്‍ അവഗണിച്ചു.

    ReplyDelete