Sunday, September 4, 2011

കമല്‍നാഥിന് 263 കോടി, മന്‍മോഹന് 4.8 കോടി. 5 പേര്‍ വെളിപ്പെടുത്തിയില്ല

കേന്ദ്രമന്ത്രിസഭാംഗങ്ങളില്‍ ഏറ്റവും സമ്പന്നന്‍ കമല്‍നാഥ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വെളിപ്പെടുത്തിയ കണക്കനുസരിച്ച് 263 കോടി രൂപയാണ് നഗരവികസനമന്ത്രിയായ കമല്‍നാഥിന്റെ സ്വത്ത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തിയത്. അഞ്ചു മന്ത്രിമാര്‍ ഇനിയും സ്വത്ത് വെളിപ്പെടുത്തിയിട്ടില്ല. 2009-10 ജൂണില്‍ മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തിയിരുന്നു. അന്ന് കമല്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ യഥാര്‍ഥ വിവരം മറച്ചുവച്ചെന്ന്പരാതിയുണ്ടായി. ആറരക്കോടിയുടെ സ്വത്തും പിന്നെ ബിസിനസ് താല്‍പ്പര്യവും എന്നാണ് ജൂണില്‍ കമല്‍നാഥ് വെളിപ്പെടുത്തിയത്. ഹോട്ടല്‍ , റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട്, ഓഹരി എന്നീ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന പത്തു കമ്പനിയുടെ ഉടമയാണ് കമല്‍നാഥ്. ഏറെ ചര്‍ച്ചയായ റാഡിയടേപ്പില്‍ കോര്‍പറേറ്റ് ഉപദേഷ്ടാവ് തരുണ്‍ദാസ് പറയുന്ന "മന്ത്രാലയം സ്വന്തം എടിഎം ആക്കിയ മന്ത്രി" കമല്‍നാഥാണ്. മധ്യപ്രദേശിലെ ചിന്ത്വാഡ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ആകെ 4.8 കോടി രൂപയുടെ സ്വത്തുണ്ട്. ചണ്ഡീഗഢില്‍ 90 ലക്ഷം രൂപ വിലയുള്ള വീട്, ന്യൂഡല്‍ഹി വസന്ത്കുഞ്ചില്‍ 88 ലക്ഷം രൂപ വിലയുള്ള ഫ്ളാറ്റ് എന്നിവ കൂടാതെ ബാങ്കില്‍ 2.7 കോടി രൂപയുടെ സ്ഥിരനിക്ഷേപം. പ്രഫുല്‍പട്ടേലിന് 120 കോടിയുടെയും ജയറാം രമേശിന് 70 കോടി രൂപയുടെയും സ്വത്തുണ്ട്. ജൂണില്‍ 21 കോടിയായിരുന്ന സിബലിന്റെ സ്വത്ത് ഇപ്പോള്‍ 30 കോടി. അഴഗിരിക്കും 30 കോടിയാണ് ആസ്തി. മന്ത്രി ചിദംബരത്തിനും അഭിഭാഷകയായ ഭാര്യ നളിനിക്കുംകൂടി 20 കോടിയുടെ സ്വത്തുണ്ട്. സ്കോഡ, ഫോക്സ്വാഗണ്‍ , ഫോഡ് കാറുകളുമുണ്ട്. പ്രണബ്മുഖര്‍ജിക്ക് വെബ്സൈറ്റുപ്രകാരം മൂന്നുകോടിയുടെ സ്വത്താണുള്ളത്. എന്നാല്‍ , വീടുള്‍പ്പെടെ 10 കേന്ദ്രങ്ങളില്‍ ഭൂമിയുണ്ടെന്നും സൈറ്റിലുണ്ട്. റിലയന്‍സുമായി അടുത്തബന്ധമുള്ള ദയാനിധി മാരന്റെ സ്വത്ത് 2.94 കോടിമാത്രം. കഴിഞ്ഞമാസം രാജിവച്ച മാരനും ഭാര്യക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സിലും റിലയന്‍സ് പെട്രോളിയത്തിലും ഓഹരിയുണ്ട്. ജൂണില്‍ മാരന്‍ മൂന്നുകോടിയാണ് വെളിപ്പെടുത്തിയത്.

മന്ത്രിസ്ഥാനം രാജിവച്ച മറ്റൊരു റിലയന്‍സ് ബന്ധു മുരളിദേവ്റയ്ക്ക് 15 കോടിയുടെ സ്വത്താണുള്ളത്. ശരദ്പവാര്‍ ഇക്കുറിയും 12 കോടിയില്‍ തുടരുന്നു. ഏറ്റവും കൂടുതല്‍ കമ്പനിയില്‍ ഓഹരിയുള്ളത് പവാറിന്റെ കുടുംബത്തിനാണ്. മന്ത്രിസഭയില്‍ ഏറ്റവും കുറഞ്ഞ ആസ്തി പ്രതിരോധമന്ത്രി എ കെ ആന്റണിക്ക്- 32 ലക്ഷം രൂപ. ഇതില്‍ 30 ലക്ഷവും ഭാര്യ എലിസബത്തിന്റെ പേരില്‍ . ആന്റണിക്ക് എസ്ബിഐ പാര്‍ലമെന്റ് ഹൗസ് ബ്രാഞ്ചില്‍ 1.64 ലക്ഷം രൂപയും തിരുവനന്തപുരം മെയിന്‍ ബ്രാഞ്ചില്‍ 18,000 രൂപയും നിക്ഷേപം. 1.36 ലക്ഷം രൂപ വിലയുള്ള സെക്കന്‍ഡ് ഹാന്‍ഡ് മാരുതി വാഗണ്‍ആര്‍ കാറുണ്ട്. മറ്റു മന്ത്രിമാര്‍ : വയലാര്‍ രവി- 1.1 കോടി, 900 ഗ്രാം സ്വര്‍ണം. കെ വി തോമസ്-1.6 കോടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ - ഒരുകോടി, കെ സി വേണുഗോപാല്‍ - 63 ലക്ഷം (30 ലക്ഷത്തിലധികം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി), ഇ അഹമ്മദ്- 53 ലക്ഷം. വിലാസ്റാവു ദേശ്മുഖ്, ജയന്തി നടരാജന്‍ , കൃഷ്ണതിരാഥ്, ജഗദ്രാച്ചഗന്‍ , ജിതേന്ദ്രസിങ് എന്നിവര്‍ സ്വത്ത് വെളിപ്പെടുത്തിയില്ല. ജയന്തി നടരാജന്‍ ഇക്കഴിഞ്ഞ പുനഃസംഘടനയിലാണ് മന്ത്രിയായത്. സ്വത്തിന്റെ യഥാര്‍ഥ മൂല്യം ഒരു മന്ത്രിയും വെളിപ്പെടുത്തിയിട്ടില്ല. ചെറിയ അംശം മാത്രമാണ് എല്ലാവരും വെബ് സൈറ്റില്‍ കൊടുത്തത്.
(ദിനേശ്വര്‍മ)

ദേശാഭിമാനി 040911

1 comment:

  1. കേന്ദ്രമന്ത്രിസഭാംഗങ്ങളില്‍ ഏറ്റവും സമ്പന്നന്‍ കമല്‍നാഥ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വെളിപ്പെടുത്തിയ കണക്കനുസരിച്ച് 263 കോടി രൂപയാണ് നഗരവികസനമന്ത്രിയായ കമല്‍നാഥിന്റെ സ്വത്ത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തിയത്. അഞ്ചു മന്ത്രിമാര്‍ ഇനിയും സ്വത്ത് വെളിപ്പെടുത്തിയിട്ടില്ല.

    ReplyDelete