Sunday, September 4, 2011

ശുപാര്‍ശക്കാരുടെ ശല്യം : ഐഎഎസുകാര്‍ സംസ്ഥാനം വിടുന്നു

ശുപാര്‍ശകളുമായി കയറിയിറങ്ങുന്നവരുടെ സമ്മര്‍ദം സഹിക്കാനാകാതെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ സംസ്ഥാനം വിടുന്നു. യുഡിഎഫ് സര്‍ക്കാര്‍ നൂറുദിനം പിന്നിട്ടപ്പോള്‍ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കേരളം വിട്ട് ഡല്‍ഹിക്കും ബംഗളൂരിലേക്കുമൊക്കെ പോയത്. മൂന്നുപേരുടെ അപേക്ഷ മന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നു. ഇതിന് അംഗീകാരമായാലുടന്‍ മറ്റുപലരും അപേക്ഷ നല്‍കാനുള്ള തീരുമാനത്തിലാണ്. കൃഷി സെക്രട്ടറിയും ഡയറക്ടറുമായിരുന്ന എം ജയതിലക്, ഫിഷറീസ് സെക്രട്ടറി ഇഷിതാ റോയ്, ഡല്‍ഹിയിലെ കേരള ഹൗസ് റെസിഡന്റ് കമീഷണര്‍ ദേവേന്ദ്രകുമാര്‍ സിന്‍ഹ, ടൂറിസം- സാംസ്കാരിക സെക്രട്ടറിയായിരുന്ന ഡോ. വേണു, തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന ഡോ. ദിനേശ് അറോറ തുടങ്ങിയവരാണ് രണ്ടുമാസത്തിനുള്ളില്‍ സ്ഥലംവിട്ടത്. ധനസെക്രട്ടറിയായിരുന്ന കെ എം എബ്രഹാം കേന്ദ്രത്തില്‍ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിലെ സെന്‍ട്രല്‍ സ്റ്റാഫ് സ്കീമിലേക്കാണ് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തി പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിലേക്കും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡബ്ള്യു ആര്‍ റെഡ്ഡി ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റഷന്‍ മാനേജ്മെന്റിന്റെ ഡയറക്ടര്‍ ജനറലായും മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്.

ശുപാര്‍ശക്കാരുടെ അന്യായമായ സമ്മര്‍ദമാണ് ഉന്നത ഉദ്യോഗസ്ഥരുടെ പലായനത്തിന് പ്രധാന കാരണം. വകുപ്പ് മേധാവികളെയടക്കം കളിപ്പാവകളായാണ് ഇക്കൂട്ടര്‍ കാണുന്നതെന്ന് ഒരു ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശുപാര്‍ശ കാണിച്ച് ഭരണത്തിന്റെ എല്ലാം മുകളിലാണ് തങ്ങള്‍ എന്ന ഭാവത്തിലാണ് ഇവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കാണുന്നത്. വകുപ്പ് ഭരിക്കുന്ന പാര്‍ടികളുടെ പ്രാദേശിക നേതാക്കള്‍ പോലും ചട്ടം ലംഘിച്ചുള്ള തീരുമാനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ വിരട്ടുന്നു. സെക്രട്ടറിമാരുടെ മുറികള്‍ കൈയടക്കുന്ന ഇക്കൂട്ടര്‍ കാര്യം നടത്തി തന്നാലെ മടങ്ങിപോകുയെന്ന നിലപാട് സ്വീകരിക്കുന്നത് പതിവാണെന്ന് പരക്കെ ആക്ഷേപമുണ്ട്. സെക്രട്ടറിമാരുടെ മുറികള്‍ മാത്രമല്ല, സെക്ഷനുകളും ഇക്കൂട്ടരുടെ നിയന്ത്രണത്തിലായതോടെ ജീവനക്കാരും നെട്ടോട്ടത്തിലാണ്. മന്ത്രിക്ക് നല്‍കിയ അപേക്ഷ നേരിട്ടുവാങ്ങി അതില്‍തന്നെ ഉത്തരവ് ഒപ്പിട്ടുനല്‍കാന്‍ ആവശ്യപ്പെടുന്നവരും വിരളമല്ല. ഇവര്‍ക്കൊക്കെ വഴങ്ങിയുള്ള തീരുമാനങ്ങള്‍ കോടതി കയറ്റുമെന്നാണ് പലരും ആശങ്കപ്പെടുന്നത്.

ദേശാഭിമാനി 040911

1 comment:

  1. ശുപാര്‍ശക്കാരുടെ അന്യായമായ സമ്മര്‍ദമാണ് ഉന്നത ഉദ്യോഗസ്ഥരുടെ പലായനത്തിന് പ്രധാന കാരണം. വകുപ്പ് മേധാവികളെയടക്കം കളിപ്പാവകളായാണ് ഇക്കൂട്ടര്‍ കാണുന്നതെന്ന് ഒരു ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശുപാര്‍ശ കാണിച്ച് ഭരണത്തിന്റെ എല്ലാം മുകളിലാണ് തങ്ങള്‍ എന്ന ഭാവത്തിലാണ് ഇവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കാണുന്നത്. വകുപ്പ് ഭരിക്കുന്ന പാര്‍ടികളുടെ പ്രാദേശിക നേതാക്കള്‍ പോലും ചട്ടം ലംഘിച്ചുള്ള തീരുമാനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ വിരട്ടുന്നു. സെക്രട്ടറിമാരുടെ മുറികള്‍ കൈയടക്കുന്ന ഇക്കൂട്ടര്‍ കാര്യം നടത്തി തന്നാലെ മടങ്ങിപോകുയെന്ന നിലപാട് സ്വീകരിക്കുന്നത് പതിവാണെന്ന് പരക്കെ ആക്ഷേപമുണ്ട്.

    ReplyDelete