Sunday, September 4, 2011

കരുത്തോടെ പാര്‍ടി സമ്മേളനം; മാധ്യമ അജന്‍ഡ പൊളിയും

ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായ സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായതോടെ മാധ്യമങ്ങള്‍ നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ നുണക്കളി ഇക്കുറിയും ഫലം കാണില്ല. വിഭാഗീയതയുടെയും അനൈക്യത്തിന്റെയും കൂത്തരങ്ങായി പാര്‍ടി മാറണം എന്ന ശത്രുവര്‍ഗത്തിന്റെ വ്യാമോഹത്തെയാണ് ചില മാധ്യമങ്ങള്‍ പ്രതിനിധാനംചെയ്യുന്നത്. ബ്രാഞ്ചുമുതല്‍ മുകളിലേക്കുള്ള സമ്മേളനങ്ങളെല്ലാം വലിയ ജനമുന്നേറ്റമാകും. പാര്‍ടിയെ പിടികൂടിയ മഹാരോഗമാണ് വിഭാഗീയതയെന്നു തിരിച്ചറിഞ്ഞ് അതിനെ വലിയ പരിധിവരെ ഇല്ലാതാക്കാന്‍ പാര്‍ടിക്കു കഴിഞ്ഞിട്ടുണ്ട്. സംഘടന-പ്രത്യയശാസ്ത്ര തലത്തില്‍ കേരളത്തിലെ സിപിഐ എം ഒരു പ്രതിസന്ധിയും നേരിടുന്നില്ല. പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയനിലപാടിനെയും സംബന്ധിച്ച് ഒരു തര്‍ക്കവുമില്ലെന്നിരിക്കെ, വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിയില്‍ യുഎസ് അനുകൂല-പ്രതികൂല ചേരികളുണ്ടെന്നു വരുത്താനുള്ള പരിഹാസ്യമായ നുണപ്രചാരണത്തിലാണ് കുറെ മാധ്യമങ്ങള്‍ . ഇവരുടെ അജന്‍ഡയില്‍ തിരിയുന്നതല്ല പാര്‍ടി സമ്മേളനങ്ങള്‍ .

സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലാണ് മുഖ്യവൈരുധ്യം എന്ന കാഴ്ചപ്പാടുള്ളവരാണ് കമ്യൂണിസ്റ്റുകാര്‍ . ഇക്കാര്യത്തില്‍ പിണറായി വിജയനും വി എസ് അച്യുതാനന്ദനും വി വി ദക്ഷിണാമൂര്‍ത്തിയും ഉള്‍പ്പെടെയുള്ള നേതാക്കാള്‍ക്കും അണികള്‍ക്കും രണ്ടഭിപ്രായമില്ല. അമേരിക്കന്‍ സാമ്രാജ്യത്വമെന്ന പുള്ളിപ്പുലിയുടെ പുള്ളി മാഞ്ഞെന്നോ സാമ്രാജ്യത്വം സസ്യഭുക്കായെന്നോയുള്ള ചിന്ത കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആര്‍ക്കുമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ത്തന്നെ അമേരിക്കന്‍ ജനങ്ങളെ ശത്രുവായി കാണുന്നതല്ല കമ്യൂണിസ്റ്റ് കാഴ്ചപ്പാട്. യാങ്കി ഭീകരത തുറന്നുകാട്ടുന്നതിലും എതിര്‍ക്കുന്നതിലും സിപിഐ എമ്മിന് ഒരാശയക്കുഴപ്പവുമില്ല. എന്നിട്ടും നേതാക്കളുടെ അഭിപ്രായങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് അമേരിക്കയെ ആസ്പദമാക്കി പാര്‍ടിയില്‍ രണ്ടുപക്ഷമുണ്ടെന്നു വരുത്താനുള്ള മാധ്യമശ്രമം, അവരുടെ രാഷ്ട്രീയമായ അജ്ഞതയെ അടയാളപ്പെടുത്തുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ കേരളത്തിലെ സിപിഐ എം നേതാക്കളെ കണ്ടത് വിക്കിലീക്സ് ഉയര്‍ത്തി മഹാസംഭവമായി ഇന്ത്യന്‍ എക്സ്പ്രസ് ആദ്യം അവതരിപ്പിച്ചപ്പോള്‍ തെളിഞ്ഞത് പാര്‍ടി നിലപാടിനെപ്പറ്റി ആ പത്രത്തിനുള്ള അജ്ഞതയാണ്. വി എസ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ കണ്ടില്ലെന്നും മറ്റു നേതാക്കള്‍ കണ്ടെന്നുമുള്ള തെറ്റായ വ്യാഖ്യാനവും ആ പത്രം നല്‍കി. എന്നാല്‍ , വി എസും പിണറായും ഉള്‍പ്പെടെയുള്ള നേതാക്കളെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വെവ്വേറെയായി കണ്ടപ്പോള്‍ എല്ലാവരും പാര്‍ടി നിലപാടുകള്‍ക്കുള്ളില്‍നിന്നാണ് സംസാരിച്ചത്. പ്രകാശ് കാരാട്ട്, ജ്യോതിബസു, ബുദ്ധദേവ് തുടങ്ങിയവരെയും മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നായനാരെയും അമേരിക്കന്‍ നയതന്ത്രഉദ്യോഗസ്ഥര്‍ കണ്ടിട്ടുണ്ട്.

അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് നമ്മുടെ നാടിന് അനുയോജ്യമായ നിക്ഷേപം വരുന്നതിനെ എതിര്‍ക്കുന്ന നിലപാട് സിപിഐ എമ്മിനില്ല. വസ്തുത ഇതായിരിക്കെ ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് പിടിക്കാനുള്ള പാഴ്വേലയിലാണ് വിക്കിലീക്സിന്റെ പേരില്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ . വിഭാഗീയത കത്തിച്ച് പാര്‍ടിയില്‍ ചൂടും പുകയും സൃഷ്ടിക്കാനുള്ള മാധ്യമ നീക്കങ്ങള്‍ മുളയിലേ നുള്ളി പാര്‍ടി നിശ്ചയിച്ച അജന്‍ഡയുമായി സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. ചില ജില്ലകളില്‍ സമ്മേളനം തുടങ്ങിയെങ്കിലും സംസ്ഥാനത്ത് പൊതുവില്‍ ബ്രാഞ്ചുസമ്മേളനങ്ങള്‍ സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയാണ്. കാല്‍ലക്ഷത്തിലധികം ബ്രാഞ്ച് സമ്മേളനവുംതുടര്‍ന്ന് ഒരു മാസത്തിനകം 1700ല്‍ അധികം ലോക്കല്‍ സമ്മേളനവും പൂര്‍ത്തിയാകും.
(ആര്‍ എസ് ബാബു)

സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താമെന്നത് വ്യാമോഹം: പിണറായി


പാര്‍ടി സമ്മേളനങ്ങളുടെ പേരില്‍ കുപ്രചാരണം നടത്തി സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സമ്മേളന നടപടികള്‍ ആരംഭിച്ചതോടെ ചില അജന്‍ഡകളുമായി ഒരുകൂട്ടര്‍ കോലാഹലം ഉയര്‍ത്തുകയാണ്. ഇത്തരം പ്രചാരണമൊന്നും സിപിഐ എമ്മിനെ ബാധിക്കില്ല. കെട്ടുറപ്പോടെ എല്ലാ സമ്മേളനവും നല്ലരീതിയില്‍ പൂര്‍ത്തിയാക്കാനുള്ള കരുത്ത് പാര്‍ടിക്കുണ്ട്. സിപിഐ എം കഴക്കൂട്ടം ഏരിയ കമ്മിറ്റി ഓഫീസിനായി നിര്‍മിച്ച സ. കഴക്കൂട്ടം ശ്രീധരപ്പണിക്കര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടനാ സമ്മേളനങ്ങളെ കുറിച്ച് പാര്‍ടി അംഗങ്ങള്‍ ഗൗരവമായി ചിന്തിച്ചുതുടങ്ങുന്നതിനുമുമ്പേ മാധ്യമങ്ങളില്‍ സമ്മേളന വാര്‍ത്ത നിറയുന്നു. വക്രീകരിച്ച വാര്‍ത്തകളാണ് ഭൂരിപക്ഷവും. മാധ്യമങ്ങളുടെ അജന്‍ഡ പാര്‍ടിയുടെ മേല്‍ ചാര്‍ത്താനാണ് ശ്രമം. സിപിഐ എമ്മിന്റെ മുന്നേറ്റത്തിലുള്ള അസഹിഷ്ണുതയാണ് ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നത്. നല്ലതോതില്‍ കരുത്തുനേടിയ പാര്‍ടിയാണ് സിപിഐ എം. കൂടുതല്‍ വളര്‍ച്ചയ്ക്കുള്ള എല്ലാ സാധ്യതയും ഇന്നത്തെ സാഹചര്യത്തിലുണ്ട്. അതില്‍ ഒരുകൂട്ടര്‍ക്ക് ആശങ്കയും സ്വാഭാവികമായ വിഷമവുമുണ്ട്. ജനങ്ങള്‍ സിപിഐ എമ്മില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. തങ്ങളുടെ ജീവിതപ്രശ്നങ്ങളുടെ പരിഹാരത്തിന് സിപിഐ എം കരുത്തുനേടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പാര്‍ടിയെ മോശമായി ചിത്രീകരിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ഒരുകൂട്ടര്‍ ശ്രമിക്കുന്നത്. ഇതു ചെലവാകില്ല.

പാര്‍ടിയില്‍ ഒരു ഘട്ടത്തില്‍ വിഭാഗീയ പ്രശ്നമുണ്ടായിരുന്നു. പാര്‍ടി പ്രവര്‍ത്തകര്‍തന്നെ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചു. കൂട്ടായ ശ്രമത്തിലൂടെ, അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ നിലപാടില്‍ എത്താന്‍ പാര്‍ടിക്കായി. ഇതില്‍ കേന്ദ്രനേതൃത്വവും സഹായിച്ചു. വിഷയങ്ങളെ സമീപിക്കുമ്പോള്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകാം. കൂട്ടായ ചര്‍ച്ചയിലൂടെയാണ് ശരിയായ തീരുമാനത്തില്‍ എത്തുന്നത്. വിക്കിലീക്സ് വെളിപ്പെടുത്തലുമായി ബന്ധപ്പെടുത്തി സിപിഐ എമ്മിനെയും നേതാക്കളെയും പ്രതിസന്ധിയിലാക്കാമെന്ന് ചിലര്‍ മോഹിച്ചു. സിപിഐ എം നേതാക്കള്‍ തലയില്‍ മുണ്ടിട്ടല്ല അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. രാജ്യകാര്യങ്ങള്‍ സംബന്ധിച്ച് പാര്‍ടിക്ക് വ്യക്തമായ നിലപാടുണ്ട്. അതേക്കുറിച്ച് സംസാരിക്കാനെത്തിയ അമേരിക്കന്‍ ഉദ്യോഗസ്ഥരോടു പറഞ്ഞ കാര്യമെല്ലാം അവര്‍ തങ്ങളുടെ നാട്ടിലേക്ക് എഴുതി അറിയിച്ചിട്ടില്ല. അവര്‍ക്ക് താല്‍പ്പര്യമുള്ളതു മാത്രമാണ് അറിയിച്ചത്. എന്നാല്‍ , യുഎസ് ഉദ്യോഗസ്ഥര്‍ കണ്ട സിപിഐ എം നേതാക്കളെല്ലാം ഒരേ അഭിപ്രായമാണ് അവരോടു പറഞ്ഞതെന്ന് വ്യക്തമായി. അത് പാര്‍ടിയുടെ നിലപാടാണ്. ഇതു വ്യക്തമായതോടെ കുപ്രചാരണത്തിന് ഇറങ്ങിയവര്‍ പത്തിമടക്കിയിരിക്കയാണെന്നും പിണറായി പറഞ്ഞു.

deshabhimani 040911

1 comment:

  1. ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായ സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായതോടെ മാധ്യമങ്ങള്‍ നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ നുണക്കളി ഇക്കുറിയും ഫലം കാണില്ല. വിഭാഗീയതയുടെയും അനൈക്യത്തിന്റെയും കൂത്തരങ്ങായി പാര്‍ടി മാറണം എന്ന ശത്രുവര്‍ഗത്തിന്റെ വ്യാമോഹത്തെയാണ് ചില മാധ്യമങ്ങള്‍ പ്രതിനിധാനംചെയ്യുന്നത്. ബ്രാഞ്ചുമുതല്‍ മുകളിലേക്കുള്ള സമ്മേളനങ്ങളെല്ലാം വലിയ ജനമുന്നേറ്റമാകും.

    ReplyDelete