ചെന്നൈ: തമിഴ്നാട്ടില്‍ ജാതിവിവേചനം രൂക്ഷമായ രാമനാഥപുരം ജില്ലയിലെ പരമകുടിയില്‍ പൊലീസ് വെടിവയ്പില്‍ അഞ്ചു ദളിതര്‍ കൊല്ലപ്പെട്ടു. ദളിത് സംഘടനയായ തമിള്‍നാട് മക്കള്‍ മുന്നേറ്റ കഴകം നേതാവ് ജോണ്‍ പാണ്ഡ്യന്‍ അറസ്റ്റിലായെന്നറിഞ്ഞ് പരമകുടിയില്‍ ദേശീയപാത ഉപരോധിച്ചവര്‍ക്കുനേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പൊട്ടിപുറപ്പെട്ട അക്രമം അയല്‍ ജില്ലകളിലേക്കും വ്യാപിച്ചു. മധുരയില്‍ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ക്ക് പരിക്കുണ്ട്. വെടിവയ്പില്‍ ജയപാല്‍ , ഗണേശന്‍ , പനീര്‍സെല്‍വം എന്നിവര്‍ സംഭവസ്ഥലത്ത് മരിച്ചു. മാണിക്യം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരായ നിരവധി പേര്‍ക്കുംപൊലീസുകാര്‍ക്കും പരിക്കുണ്ട്. വാഹനങ്ങള്‍ക്ക് തീയിട്ടു.
ദളിത് നേതാവായിരുന്ന ഇമാനുവല്‍ ശേഖറിന്റെ അമ്പത്തിനാലാം ചരമവാര്‍ഷിക ദിനത്തില്‍ പങ്കെടുക്കാന്‍ പോകവെ ജോണ്‍ പാണ്ഡ്യനെ തൂത്തുകുടിയില്‍ പൊലീസ് അറസ്റ്റുചെയ്തുവെന്ന വാര്‍ത്തയറിഞ്ഞാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. മുമ്പും സംഘര്‍ഷമുണ്ടായ ഇവിടെ വേണ്ടത്ര പൊലീസിനെ നിയോഗിക്കാതിരുന്നതാണ് ജനക്കൂട്ടം അക്രമത്തിലേക്ക് തിരിയാന്‍ കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ദേശീയപാത ഉപരോധിച്ച ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ക്കുനേരെ കല്ലെറിയുകയായിരുന്നു. 15 പൊലീസുകാര്‍ക്ക് പരിക്കുണ്ട്. 15 വാഹനങ്ങളും തീയിട്ടു. പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് നടത്തിയ വെടിവയ്പിലാണ് മരണം. സംഘര്‍ഷം ശക്തമായതോടെ പരമകുടിയിലേയും മുത്തുകോള്‍ത്തൂരിലും കടകമ്പോളങ്ങള്‍ അടച്ചു. ഗതാഗതവും നിലച്ചു. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദളിതര്‍ക്കുനേരെ വെടിവച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായം നല്‍കണം. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
deshabhimani 120911
തമിഴ്നാട്ടില്‍ ജാതിവിവേചനം രൂക്ഷമായ രാമനാഥപുരം ജില്ലയിലെ പരമകുടിയില്‍ പൊലീസ് വെടിവയ്പില്‍ അഞ്ചു ദളിതര്‍ കൊല്ലപ്പെട്ടു.
ReplyDelete