Monday, September 12, 2011

ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ സുപ്രീംകോടതിയിലേക്ക്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അടക്കം അഞ്ചുപേര്‍ സുപ്രീംകോടതി ജഡ്ജിമാരാകും. പുതിയ ജസ്റ്റിസുമാരില്‍ ഒരാള്‍ വനിതയാണ്. ഇതോടെ 31 ജഡ്ജിമാരുള്ള സുപ്രീംകോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം രണ്ടാകും. ബോംബെ ഹൈക്കോടതി ജഡ്ജി രഞ്ജന ദേശായിയാണ് പുതിയ വനിത ജഡ്ജി. ജസ്റ്റിസ് ഗ്യാന്‍സുധ മിശ്രയായിരുന്നു സുപ്രീംകോടതിയിലെ ഏക വനിത ജഡ്ജി. ജസ്റ്റിസ് ചെലമേശ്വറിനും ജസ്റ്റിസ് രഞ്ജന ദേശായിയ്ക്കും പുറമെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ, കര്‍ണാടക ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ , ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നത്. രഞ്ജന ദേശായി, മുഖോപാധ്യായ, ഖേഹര്‍ എന്നിവരുടെ നിയമനം രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അംഗീകരിച്ചു. ഇവര്‍ ചൊവ്വാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയ്ക്കുമുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും.

ജസ്റ്റിസുമാരായ ചെലമേശ്വര്‍ , ദീപക് മിശ്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിന് സുപ്രീംകോടതി കോളീജിയം തീരുമാനിച്ചു. കോളീജിയത്തിന്റെ നിര്‍ദേശം നിയമമന്ത്രാലയം അംഗീകരിച്ചാല്‍ രാഷ്ട്രപതി നിയമിക്കും. ആന്ധ്രപ്രദേശില്‍നിന്നുള്ള ഒഴിവിലാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നിയമനം. 2007ല്‍ ഗുവാഹതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ചെലമേശ്വര്‍ 2010 മാര്‍ച്ചിലാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അമ്പത്തെട്ടുകാരനായ ജസ്റ്റിസ് ചെലമേശ്വറിന് സുപ്രീംകോടതിയില്‍ ഏഴുവര്‍ഷത്തെ സേവനകാലാവധിയുണ്ട്.

deshabhimani 120911

1 comment:

  1. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അടക്കം അഞ്ചുപേര്‍ സുപ്രീംകോടതി ജഡ്ജിമാരാകും.

    ReplyDelete