Thursday, September 1, 2011

ഭൂമി കേസുകളില്‍ സംരക്ഷിക്കേണ്ടത് ആദിവാസി താല്‍പ്പര്യം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ആദിവാസിഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആദിവാസിതാല്‍പ്പര്യത്തിനായിരിക്കണം സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സുപ്രീംകോടതി. പാലക്കാട് അഗളിയില്‍ ആദിവാസിഭൂമി കൈയേറ്റ കേസില്‍ ആദിവാസികള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിക്കെ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ചന്ദ്രകുമാര്‍ മൗലി പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരുകള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.

ആദിവാസിഭൂമിയുടെ കൈമാറ്റവും കൈയേറ്റവും വില്‍പ്പനയും ആദിവാസി ഭൂസംരക്ഷണനിയമത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. 1987ല്‍ അഗളിയില്‍ കക്കി, പൊന്നി എന്നീ രണ്ട് ആദിവാസികളുടെ ഭൂമി കൈയേറിയെന്ന കേസിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. രാജലക്ഷ്മി, ഇസ്മയില്‍ റാവുത്തര്‍ എന്നിവര്‍ രണ്ടര ഹെക്ടര്‍ ആദിവാസിഭൂമി വാങ്ങുകയായിരുന്നു. എന്നാല്‍ , പിന്നീട് ഭൂമിയെച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കസ്ഥലം ആദിവാസികളുടെ ഭൂമിയാണെന്നായിരുന്നു തഹസില്‍ദാരുടെയും കലക്ടറുടെയും റിപ്പോര്‍ട്ട്. തുടര്‍ന്ന് ഭൂമി വാങ്ങിയവര്‍ ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ ഭൂമി വാങ്ങിയതല്ലെന്നും കൃഷിക്കായി കൈയേറിയതാണെന്നുമായിരുന്നു ഹൈക്കോടതിയില്‍ പരാതിക്കാര്‍ വാദിച്ചത്.

എന്നാല്‍ , ഈ കൈയേറ്റവും ആദിവാസി ഭൂസംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി 2000ല്‍ ഹൈക്കോടതി ഹര്‍ജി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കായി ഭൂമി കൈവശംവയ്ക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആദിവാസിഭൂമി സംരക്ഷിക്കാനാണ് നിയമമെന്നും കൈയേറ്റക്കാര്‍ക്കുവേണ്ടിയല്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ രമേശ് ബാബുവും ഹര്‍ജിക്കാര്‍ക്കുവേണ്ടി റോമി ചാക്കോയും ഹാജരായി.

കൈയേറ്റഭൂമി ഏറ്റെടുക്കുന്നതു തടയാന്‍ ശ്രേയാംസിന്റെ നീക്കം

കല്‍പ്പറ്റ: വയനാട് കൃഷ്ണഗിരി വില്ലേജില്‍ അനധികൃതമായി കൈവശംവയ്ക്കുന്ന 16.75 ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുന്നത് തടയാന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ ശ്രമം. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ശ്രേയാംസ്കുമാര്‍ ഏറ്റെടുക്കല്‍ തടയാന്‍ ശ്രമിക്കുന്നത്. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ഏറ്റെടുക്കല്‍ ഉത്തരവുള്‍പ്പെടെ തയ്യാറായെങ്കിലും ഫയലില്‍ ഒപ്പിടാതെ ബത്തേരി തഹസില്‍ദാര്‍ കെ കെ വിജയന്‍ മുങ്ങിനടക്കുകയാണ്. ഭരണമുന്നണി എംഎല്‍എയെ രക്ഷിക്കാന്‍ കൈയേറ്റക്കാരനെന്ന് കോടതി പറഞ്ഞയാള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ . ഒരു എംഎല്‍എയ്ക്ക് ചേര്‍ന്ന നടപടിയല്ല ഇത് എന്ന് വിധി പുറപ്പെടുവിച്ച് ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഭൂമി വിട്ടുകൊടുക്കാതെ സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ് ശ്രേയാംസ്. വ്യാഴാഴ്ചയാണ് കോടതി കേസ് പരിഗണിക്കുന്നത്.

ഒരുമാസത്തിനകം ഭൂമി വിട്ടുകൊടുക്കാനും അല്ലെങ്കില്‍ 90 ദിവസത്തിനകം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യണമെന്നുമായിരുന്നു കോടതി വിധി. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും സ്റ്റേ അനുവദിക്കാന്‍ കോടതി തയ്യാറായില്ല. ഈ സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ നീട്ടിക്കൊണ്ടുപോകാനായി ശ്രമം. സ്ഥലത്തിന്റെ മഹസറും സ്കെച്ചും വില്ലേജ് ഓഫീസര്‍ ആഗസ്ത് 10ന് തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും അതില്‍ തുടര്‍നടപടിയുണ്ടായില്ല. 26ന് എകെഎസ് പ്രവര്‍ത്തകര്‍ തഹസില്‍ദാരെ ഉപരോധിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയോടെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാമെന്ന് സമ്മതിച്ചിരുന്നു. സ്ഥലത്തിന്റെ വിശദമായ മഹസര്‍ വില്ലേജ് അധികൃതര്‍ തയ്യാറാക്കി 27നുതന്നെ തഹസില്‍ദാര്‍ക്ക് നല്‍കി. 29ന് ഏറ്റെടുക്കല്‍ ഉത്തരവും തയ്യാറായി. എന്നാല്‍ , മൂന്നുദിവസമായി ഈ ഫയല്‍ നോക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു തഹസില്‍ദാര്‍ . ഓഫീസില്‍ കൃത്യമായി വരാതെയും വന്നാല്‍തന്നെ സീറ്റിലിരിക്കാതെയും ഫയല്‍ നോക്കാതെയും ഒളിച്ചുകളിച്ച തഹസില്‍ദാര്‍ കെ കെ വിജയന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പോകേണ്ട യോഗത്തിന് ഇപ്പോള്‍ എറണാകുളത്താണ്. ഒരാഴ്ചയിലേറെയായി എം പി വീരേന്ദ്രകുമാര്‍ ഡല്‍ഹിയില്‍ ക്യാമ്പുചെയ്താണ് സ്റ്റേഹര്‍ജി നല്‍കാനുള്ള നീക്കം നടത്തിയത്. ഈ ഹര്‍ജി പരിഗണിക്കുന്നതുവരെ ഏറ്റെടുക്കല്‍ നീട്ടാനാണ് തഹസില്‍ദാരും ശ്രമിച്ചത്.
(ഒ വി സുരേഷ്)

deshabhimani 010911

2 comments:

  1. ആദിവാസിഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആദിവാസിതാല്‍പ്പര്യത്തിനായിരിക്കണം സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സുപ്രീംകോടതി. പാലക്കാട് അഗളിയില്‍ ആദിവാസിഭൂമി കൈയേറ്റ കേസില്‍ ആദിവാസികള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിക്കെ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ചന്ദ്രകുമാര്‍ മൗലി പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരുകള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.

    ReplyDelete
  2. ശ്രേയാംസിന്റെ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു
    Posted on: 01-Sep-2011 02:52 PM

    ന്യൂഡല്‍ഹി: വയനാട്ടില്‍ കൃഷ്ണഗിരി എസ്റേറ്റ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ശ്രേയാംസ്കുമാറിന്റെ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. തന്റെ കൈവശത്തിലുള്ള ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ശ്രേയാംസ്കുമാറിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഉത്തരവ് കൈപ്പറ്റി രണ്ടാഴ്ചക്കകം ഹൈക്കോടതി ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും സുപ്രീം കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.ഭൂമി ഏറ്റെടുക്കണമെന്ന ഹൈക്കോടതിയുടെ വിധിക്കെതിരെ ശ്രേയാംസ്കുമാറിന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനുള്ള സാവകാശം ലഭിക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കല്‍ നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു. കൃഷ്ണഗിരിയില്‍ സര്‍വേ നമ്പര്‍ 701/1, 701/3 എന്നീ സര്‍വേ നമ്പറുകളിലായി 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശംവെക്കുന്നത്. കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയിലുള്ള ഈ കാപ്പിത്തോട്ടത്തില്‍ കോടികളുടെ ആസ്തിയുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണ് എന്ന് സമ്മതിച്ചതാണ്. എന്നാല്‍ വീരേന്ദ്രകുമാറും മകനും യുഡിഎഫില്‍ എത്തിയതോടെ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സും മലക്കം മറിഞ്ഞു. സ്ഥലം തിരിച്ചുപിടിക്കണമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ 2007 സെപ്തംബര്‍ ഒമ്പതിന് ഉത്തരവിട്ടിരുന്നു. (ജിഒ (എംഎസ്) നം.291/07- റവന്യു). ഭൂമി തിരിച്ചുപിടിക്കാന്‍ വിവിധ കാലങ്ങളിലായി റവന്യൂ വകുപ്പ് എട്ട് ഉത്തരവും ഇറക്കിയിരുന്നു. നാഷണല്‍ ആദിവാസി ഫെഡറേഷന്‍ നല്‍കിയ ഹരജിയില്‍ 2008 ഫെബ്രുവരിയില്‍ ഹൈക്കോടതി സ്ഥലം ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു

    ReplyDelete