Monday, September 5, 2011

മനോരമയുടെ പാഠക്കുറിപ്പ്

സിപിഐ എം സംസ്ഥാനസമ്മേളനം ലക്ഷ്യമാക്കി വലതുപക്ഷ മാധ്യമങ്ങള്‍ അവരുടെ പ്രചാരവേല പൂര്‍വാധികം ശക്തിയോടെ ആരംഭിച്ചിരിക്കുകയാണ്. പാര്‍ടിനേതാക്കളെ ധനികവര്‍ഗത്തിന്റെ വക്താക്കളായും ദരിദ്രരുടെ മോചകരായും വേര്‍തിരിച്ചുനിര്‍ത്തി വാര്‍ത്ത നല്‍കുന്നു. അഴിമതിക്കാരെന്നും അഴിമതിവിരുദ്ധരെന്നും മുദ്രകുത്തി വികൃതമായി ചിത്രീകരിക്കുന്നു. സാമ്രാജ്യത്വ അനുകൂലികളെന്നും കറകളഞ്ഞ സമ്രാജ്യത്വവിരുദ്ധരെന്നും വിഭജിച്ചുനിര്‍ത്തി സ്വന്തം ഭാവനയ്ക്ക് അനുസരിച്ച കഥയെഴുതി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. സോഷ്യല്‍ ഡെമോക്രസിക്കാരെന്നും യഥാര്‍ഥ വിപ്ലവകാരികളെന്നും ഭാവനാവിലാസംപോലെ അവതരിപ്പിക്കുന്നു. ഈ വിഭജനത്തിന് സത്യവുമായി പുലബന്ധംപോലുമില്ല. പാര്‍ടിശത്രുകള്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഒരൊറ്റലക്ഷ്യമേയുള്ളൂ -യഥാര്‍ഥ തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയായ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തുക. അതിന് പാര്‍ടിയില്‍ ഭിന്നിപ്പുണ്ടാക്കണം. അതിനാണ് ഒരേതൂവല്‍പക്ഷികള്‍ ഒന്നിച്ചുനിന്ന് വാര്‍ത്ത സൃഷ്ടിക്കുന്നത്; ദുര്‍വ്യാഖ്യാനംചെയ്യുന്നത്. പാര്‍ടിപരിപാടി ഏകകണ്ഠമായാണ് സിപിഐ എം അംഗീകരിച്ചത്. 2000ല്‍ പാര്‍ടിപരിപാടി കാലാനുസൃതമായി പുതുക്കിയതും ഏകകണ്ഠമായാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ് "ചില നയപ്രശ്നങ്ങള്‍" എന്ന വിഷയം വിശദമായി ചര്‍ച്ചചെയ്തു. രേഖയ്ക്ക് അവസാനരൂപംനല്‍കാന്‍ കേന്ദ്രകമ്മിറ്റിയെ ചുമതലപ്പെടുത്തി. കേന്ദ്രകമ്മിറ്റി യഥാസമയം ചുമതല നിര്‍വഹിക്കുകയുംചെയ്തു. സാര്‍വദേശീയരംഗത്തും ആഭ്യന്തരരംഗത്തുമുണ്ടായ മാറ്റം കണക്കിലെടുത്താണ് പാര്‍ടിപരിപാടി പുതുക്കിയത്. ആഭ്യന്തരരംഗത്ത് ആഗോളവല്‍ക്കരണ നയം നടപ്പാക്കിയതും വര്‍ഗീയശക്തി അധികാരത്തില്‍വന്നതുമായിരുന്നു മുഖ്യപ്രശ്നം. സാര്‍വദേശീയമേഖലയില്‍ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍രാജ്യങ്ങളിലും സോഷ്യലിസത്തിനേറ്റ തിരിച്ചടിയും അതിന്റെ ഭാഗമായി അമേരിക്കന്‍ സാമ്രാജ്യത്വം ഏകധ്രുവലോകത്തിന്റെ നായകസ്ഥാനത്തെത്തിയതും ചര്‍ച്ചാവിഷയമായിരുന്നു.

മലയാള മനോരമ സെപ്തംബര്‍ ഒന്നിന് ഏഴുകോളം തലക്കെട്ടില്‍ ഒരു "പാഠക്കുറിപ്പ്" തയ്യാറാക്കി പ്രസിദ്ധീകരിച്ചതായി കാണാനിടയായി. ജോജി സൈമണ്‍ എന്ന ലേഖകനാണ് കുറിപ്പ് ഒരുക്കിയത്. അദ്ദേഹത്തെ പത്രാധിപര്‍ ഈ ചുമതല ഏല്‍പ്പിച്ചതായിരിക്കാം. സിപിഐ എം സംസ്ഥാനസെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെ പാര്‍ടിപരിപാടി പഠിപ്പിക്കാനും ബോധ്യപ്പെടുത്താനുമുള്ള അതിസാഹസികമായ ജോലിയാണ് മനോരമ ഏറ്റെടുത്തത്. പാര്‍ടിപരിപാടി വായിക്കാനും അതിന്റെ ചില ഭാഗങ്ങള്‍ മനോരമയുടെ താളുകളിലൂടെ വെളിച്ചംകാണിക്കാനും തയ്യാറായ മനോരമ പത്രാധിപരെ അഭിനന്ദിക്കാതിരിക്കാനാവില്ല. പരിപാടിയിലെ ഏഴാം അധ്യായത്തിലെ നാലാംഖണ്ഡികയാണ് മനോരമയില്‍ ഉദ്ധരിച്ചത്. അതിലെ ഒരുഭാഗം വലയത്തിനകത്താക്കി അതിലേക്ക് വായനക്കാരുടെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഒരു നിധി വീണുകിട്ടിയ ഭാവത്തിലാണ് മനോരമ ഈ വാര്‍ത്ത തയ്യാറാക്കിയത്. പാര്‍ടിപരിപാടിക്ക് നയരേഖയെന്നും പ്രമേയമെന്നും ഭരണഘടന എന്നുമൊക്കെ തോന്നിയതുപോലെ സംജ്ഞ നല്‍കി തന്റെ അജ്ഞത വെളിപ്പെടുത്താന്‍ കഴിയാവുന്നതൊക്കെ ലേഖകന്‍ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് പാഠക്കുറിപ്പിലെ അവസാനഖണ്ഡിക നോക്കുക-

"നയപരിപാടിക്ക് അനുസൃതമായി പാര്‍ടിയും പാര്‍ടിനേതൃത്വം നല്‍കുകയോ പാര്‍ടി പങ്കാളിത്തം വഹിക്കുകയോ ചെയ്യുന്ന സര്‍ക്കാരുകളും പ്രവര്‍ത്തിക്കണമെന്നാണ് സിപിഎം ഭരണഘടന അനുശാസിക്കുന്നത്".

"അഞ്ജനമെന്തെന്നെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിട്ട്" എന്ന് ഒരു വിവരദോഷി പറഞ്ഞതായി കേട്ടിട്ടുണ്ട്. പാര്‍ടി ഭരണഘടനയും പരിപാടിയും ലേഖകന് അറിയില്ല. അതിനുമുമ്പുള്ള വാചകവും ഇവിടെ ഉദ്ധരിക്കാം. "വ്യക്തമായ മാനദണ്ഡങ്ങള്‍വെച്ച് വികസനപദ്ധതികള്‍ക്ക് വിദേശസഹായം സ്വീകരിക്കാം എന്നതാണ് പാര്‍ടിനയമെന്ന് പിണറായി പറയുന്നുണ്ടെങ്കിലും ഇത് നയപരിപാടിയില്‍ ഇല്ല. പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യമുള്ളത്. നയപരിപാടിയില്‍ ഇത് ചേര്‍ത്തിട്ടില്ല". ഈ ഭാഗവും പാര്‍ടിയെപ്പറ്റിയുള്ള ലേഖകന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്.

പാര്‍ടിപരിപാടിയെന്നത് പാര്‍ടിയുടെ വിപ്ലവതന്ത്രമാണ്. പാര്‍ടികോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും പാസാക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ പാര്‍ടിയുടെ വിപ്ലവത്തിന്റെ അടവുകളാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ സംഘടനാറിപ്പോര്‍ട്ട്, ഭരണഘടനാ ഭേദഗതി, ചില നയപരമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം പാസാക്കിയിട്ടുണ്ട്. "18-ാം പാര്‍ടി കോണ്‍ഗ്രസ് രേഖകള്‍" എന്ന ചിന്തയുടെ മലയാളത്തിലുള്ള പുസ്തകം മനോരമ ലേഖകന് വായിക്കാന്‍ കിട്ടുമായിരുന്നു. 90 രൂപയാണ് വില. പ്രസ്തുത പുസ്തകത്തില്‍ രണ്ടാം അധ്യായത്തില്‍ "ചില നയപരമായ പ്രശ്നങ്ങള്‍" എന്ന രേഖയുടെ തുടക്കം ഇങ്ങനെയാണ്-

"സമീപകാലത്ത് നയപരമായ പ്രായോഗിക പ്രസക്തിയുള്ള നിരവധി സൈദ്ധാന്തിക പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ഇവ പ്രധാനമായും ലോക മുതലാളിത്ത വ്യവസ്ഥയില്‍ നടന്നുവരുന്ന ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാന ഘട്ടവുമായി ബന്ധപ്പെട്ടതാണ്. തുടര്‍ന്നുള്ള വ്യാപകമായ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക മാറ്റങ്ങളുമായി പൊതുവിലും ആഭ്യന്തര സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും ജനങ്ങളിലും സൃഷ്ടിച്ച ഗൗരവതരമായ പ്രത്യാഘാതങ്ങളുമായി പ്രത്യേകിച്ചും ഇവയ്ക്ക് ബന്ധമുണ്ടെ"ന്ന് ആമുഖമായി സൂചിപ്പിച്ചശേഷം ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: "ഈ ആഗോളവല്‍ക്കരണ പ്രക്രിയ നടക്കവെയാണ് സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തകര്‍ന്നത്. തൊണ്ണൂറുകളുടെ ആദ്യമുണ്ടായ ഈ സംഭവവികാസം അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ അധിനിവേശത്തിന് ആക്കംകൂട്ടി. ഇതോടെയാണ് അമേരിക്കയുടെ കീഴിലുള്ള പുതിയ ലോകക്രമമെന്ന കാഴ്ചപ്പാട് അനാവരണം ചെയ്യപ്പെട്ടത്. എല്ലാ ആഗോളപ്രശ്നങ്ങളിലും സമഗ്രമായ അമേരിക്കന്‍ ആധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതോടെ ആരംഭിച്ചു. രണ്ടാംലോക യുദ്ധാനന്തരം ഇരുധ്രുവലോകമാണ് നിലവില്‍വന്നത്. ബഹുധ്രുവലോകത്തിലേക്കുള്ള നീക്കങ്ങള്‍ തകര്‍ത്തുകൊണ്ട് തങ്ങളുടെ നുകക്കീഴിലുള്ള ഏകധ്രുവലോകത്തിലേക്ക് ഒതുക്കാനാണ് അമേരിക്ക തയ്യാറായത്."

ഈ സംഭവവികാസങ്ങള്‍കൂടി കണ്ടുകൊണ്ട് പരിഷ്കരിച്ച പാര്‍ടിപരിപാടി ഇക്കാര്യം ഇങ്ങനെ വിലയിരുത്തുന്നു. "ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ അന്താരാഷ്ട്ര ശാക്തിക ബലാബലം സാമ്രാജ്യത്വത്തിന് അനുകൂലമാണ്. ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മുതലാളിത്തം ഉല്‍പ്പാദനശക്തികളെ തുടര്‍ന്നും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാല്‍തന്നെയും പ്രതിസന്ധി നിറഞ്ഞ വ്യവസ്ഥയായി അതു തുടരുന്നു. അത് അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും അനീതിയുടെയും വ്യവസ്ഥയാണ്. മുതലാളിത്തത്തിന് ബദലായി ഒരേയൊരു വ്യവസ്ഥ സോഷ്യലിസം മാത്രമാണ്. നിലവിലുള്ള വ്യവസ്ഥയെ വിപ്ലവകരമായി മാറ്റിമറിക്കുക എന്ന അടിസ്ഥാനത്തിലായിരിക്കണം ഒരു ബദല്‍ സോഷ്യലിസ്റ്റ്ക്രമത്തിനുവേണ്ടിയുള്ള പോരാട്ടം നടത്തേണ്ടത്. ഇതിനായി വിപ്ലവശക്തികള്‍ നിലവിലുള്ള ലോക യാഥാര്‍ഥ്യങ്ങളില്‍ ഇടപെട്ട് പ്രതികരിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര മൂലധന ഒഴുക്ക് മൂലധന ഒഴുക്കിനുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ലാഭം പരമാവധിയാക്കുന്നതിനുള്ള ഭ്രാന്തന്‍നീക്കമാണ് ആഗോളവല്‍ക്കരണത്തിന്റെ സമകാലിക ഘട്ടത്തിന്റെ പ്രധാന സവിശേഷത. ഇത് സ്വാഭാവികമായും കൊള്ളലാഭം തേടിയുള്ള വിദേശ മൂലധനത്തിന്റെ ഒഴുക്കിനെയും അനിവാര്യമാക്കുന്നു. പ്രത്യക്ഷ വിദേശനിക്ഷേപവും പ്രധാനമായും ധനകമ്പോളത്തിലെ ഊഹക്കച്ചവടത്തിനായുള്ള സ്ഥാപനവിദേശ നിക്ഷേപവും ഇതോടെ പ്രവഹിക്കും. ആഗോളവല്‍ക്കരണത്തിനുള്ള സോഷ്യലിസ്റ്റ് ബദല്‍ സാര്‍വദേശീയമായി വേണ്ടത്ര കരുത്താര്‍ജിക്കാത്തിടത്തോളംകാലം കാര്യങ്ങള്‍ ഇപ്രകാരംതന്നെയായിരിക്കും. ഈ സാഹചര്യത്തില്‍ നമ്മള്‍ കമ്യൂണിസ്റ്റുകാര്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഇടപെടുന്നതിന് സാര്‍വദേശീയ മൂലധനത്തിന്റെ ഒഴുക്കിന്മേല്‍ ചില ഉപാധികള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ സാമൂഹ്യവും രാഷ്ട്രീയവുമായ ശക്തി സംഭരിക്കണം".

തുടര്‍ന്ന് പറയുന്നു, "ഈ യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടാണ് സിപിഐ എം പരിപാടിയില്‍ വിപ്ലവത്തിന്റെ ജനാധിപത്യ ഘട്ടത്തിനുശേഷം ജനകീയ ജനാധിപത്യഭരണകൂടം താഴെ പറയുന്നത് ചെയ്യുമെന്ന് പ്രസ്താവിക്കുന്നു. ഉല്‍പ്പാദനശേഷിവര്‍ധിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യ നേടാനും തെരഞ്ഞെടുത്ത മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കും. മൊത്തം സമ്പദ്വ്യവസ്ഥയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് അന്താരാഷ്ട്ര മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും". ഈ ഘട്ടം നേടുന്നതുവരെ പല താല്‍ക്കാലിക മുദ്രാവാക്യങ്ങളും സമീപനങ്ങളും സ്വീകരിക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളില്‍ രാജ്യത്തേക്കുള്ള വിദേശമൂലധനത്തിന്റെ ഒഴുക്ക് തടയുന്നതിന് തഴെപ്പറയുന്ന ഉപാധികള്‍ ആവശ്യമാണ്. 1. നമ്മുടെ സമ്പദ്വ്യവസ്ഥയിലെ നിലവിലുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കണം വിദേശ മൂലധനം ഉപയോഗിക്കപ്പെടുന്നത്. 2. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനായിരിക്കണം വിദേശ മൂലധനം. 3. ഇത്തരം മൂലധനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കണം.

സിപിഐ എം പങ്കാളിത്തം വഹിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഒരു യാഥാര്‍ഥ്യമായിരിക്കുന്ന ഘട്ടത്തില്‍ വ്യക്തമായ ഉപാധികളോടെ വിദേശ മൂലധനം അനുവദിക്കാമെന്ന ശരിയായ നിലപാടാണ് 18-ാം പാര്‍ടികോണ്‍ഗ്രസ് എടുത്തത്. അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള അതിശക്തമായ എതിര്‍പ്പ് വിട്ടുവീഴ്ചയില്ലാതെ തുടരുമ്പോള്‍ത്തന്നെ ചില പ്രത്യേക മേഖലകളില്‍ അമേരിക്കന്‍ മൂലധനം വിനിയോഗിക്കുന്നതിനെ അനുവദിക്കുന്നതാണ് ഈ രേഖ. അതുകൊണ്ടുതന്നെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനായാലും പാര്‍ടിസെക്രട്ടറിയും പിബി അംഗവുമായ പിണറായി വിജയനായാലും മന്ത്രിമാരും കേന്ദ്രകമ്മിറ്റി അംഗങ്ങളുമായ എം എ ബേബിയോ തോമസ് ഐസക്കോ ആയാലും അമേരിക്കന്‍ കോണ്‍സുലേറ്റിലെ അംഗങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതിലോ അവരുമായി സംസാരിച്ചതിലോ രഹസ്യമായി ഒന്നുമില്ല. പാര്‍ടിവിരുദ്ധമായി ഒന്നുമില്ല. പാര്‍ടി തീരുമാനമനുസരിച്ച് അവരുമായി സംസാരിച്ചത് തികച്ചും ശരിയുമാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ഏത് ശ്രമവും വിഫലമാവുകയേ ഉള്ളൂ. സാമ്രാജ്യത്വ വിരുദ്ധനിലപാടില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെതന്നെ അവരുമായി ചര്‍ച്ച നടത്താവുന്നതാണ്. മാനവരാശിയുടെ ഒന്നാം നമ്പര്‍ ശത്രു സാജ്ര്യത്വതമാണ് എന്ന നിലപാടില്‍ നിന്ന് സിപിഐ എം അണുവിട വ്യതിചലിച്ചിട്ടില്ല; വ്യതിചലിക്കുന്ന പ്രശ്നവുമില്ല. അക്കാര്യത്തില്‍ പാര്‍ടിയില്‍ അഭിപ്രായവ്യത്യാസവുമില്ല.

മാധ്യമങ്ങളോടുള്ള ഈ ലേഖകന്റെ സംസാരവും വിവാദം സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുത്തിയതായി കാണുന്നു. കോഴിക്കോട്ട് കെഎസ്ടിഎയുടെ ഉപവാസധര്‍ണ ഉദ്ഘാടനംചെയ്ത ഉടനെ മാധ്യമപ്രതിനിധികള്‍ എന്നെ കണ്ട് വിക്കിലീക്സ് വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചു. ഞാന്‍ അവരോട് ചില കാര്യങ്ങള്‍ സംസാരിച്ചു. ഈ വിഷയത്തില്‍ പാര്‍ടിക്കകത്ത് ഒരു അഭിപ്രായവ്യത്യാസവും ഇല്ലെന്ന് തറപ്പിച്ചു പറഞ്ഞു. അത് വസ്തുതയാണ്. അതോടൊപ്പം സാമ്രാജ്യത്വ വിരുദ്ധതയും അമേരിക്കന്‍ വിരുദ്ധതയും ഒന്നല്ലെന്നും പറഞ്ഞു. അമേരിക്കന്‍ ഐക്യനാടുകളുടെ നേതൃത്വത്തിലുള്ളതാണ് അമേരിക്കന്‍ സാമ്രാജ്യത്വം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ , അമേരിക്കന്‍ ജനതയോട് ശത്രുതയില്ല. അമേരിക്കയില്‍ നിരവധി ഇന്ത്യക്കാര്‍ പോയി ജോലിചെയ്ത് ഉപജീവനം കഴിക്കുന്നു. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരുണ്ട്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരും ഉണ്ട്. ചികിത്സാര്‍ഥം അമേരിക്കയില്‍ ഇന്ത്യക്കാര്‍ പോകുന്നുണ്ട്. മറ്റ് സാമ്രാജ്യത്വ രാജ്യങ്ങളിലും ആളുകള്‍ പോകാറുണ്ട്. അമേരിക്കക്കാര്‍ ഇന്ത്യയിലും വരാറുണ്ട്. ഇന്ത്യയില്‍ മൂലധനം ഇറക്കിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യയുടെ മേഖലയില്‍ പരസ്പര സഹകരണമുണ്ട്. ഇതിലൊന്നും അമേരിക്കയോട് ശത്രുതാമനോഭാവമില്ല. അമേരിക്കയില്‍നിന്ന് ഇന്ത്യയില്‍ വന്നവരോട് സംസാരിക്കുന്നതിലും ഒരപാകതയും ഇല്ല. അതുകൊണ്ടുതന്നെ സാമ്രാജ്യത്വവിരുദ്ധ മനോഭാവവും അമേരിക്കന്‍വിരുദ്ധ മനോഭാവവും ഒന്നല്ല എന്ന ധാരണവച്ചാണ് ഞാന്‍ സംസാരിച്ചത്. അത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. 24 മണിക്കൂറും ചാനലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിഷയദാരിദ്ര്യം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അടവ് എന്നത് അവസരവാദസമീപനമല്ലെന്ന് രമേശ് ചെന്നിത്തലയെപ്പോലുള്ളവരും മനസിലാക്കിയാല്‍ കൊള്ളാം.

വി വി ദക്ഷിണാമൂര്‍ത്തി deshabhimani 050911

1 comment:

  1. സിപിഐ എം സംസ്ഥാനസമ്മേളനം ലക്ഷ്യമാക്കി വലതുപക്ഷ മാധ്യമങ്ങള്‍ അവരുടെ പ്രചാരവേല പൂര്‍വാധികം ശക്തിയോടെ ആരംഭിച്ചിരിക്കുകയാണ്. പാര്‍ടിനേതാക്കളെ ധനികവര്‍ഗത്തിന്റെ വക്താക്കളായും ദരിദ്രരുടെ മോചകരായും വേര്‍തിരിച്ചുനിര്‍ത്തി വാര്‍ത്ത നല്‍കുന്നു. അഴിമതിക്കാരെന്നും അഴിമതിവിരുദ്ധരെന്നും മുദ്രകുത്തി വികൃതമായി ചിത്രീകരിക്കുന്നു. സാമ്രാജ്യത്വ അനുകൂലികളെന്നും കറകളഞ്ഞ സമ്രാജ്യത്വവിരുദ്ധരെന്നും വിഭജിച്ചുനിര്‍ത്തി സ്വന്തം ഭാവനയ്ക്ക് അനുസരിച്ച കഥയെഴുതി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. സോഷ്യല്‍ ഡെമോക്രസിക്കാരെന്നും യഥാര്‍ഥ വിപ്ലവകാരികളെന്നും ഭാവനാവിലാസംപോലെ അവതരിപ്പിക്കുന്നു. ഈ വിഭജനത്തിന് സത്യവുമായി പുലബന്ധംപോലുമില്ല. പാര്‍ടിശത്രുകള്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഒരൊറ്റലക്ഷ്യമേയുള്ളൂ -യഥാര്‍ഥ തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയായ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തുക. അതിന് പാര്‍ടിയില്‍ ഭിന്നിപ്പുണ്ടാക്കണം. അതിനാണ് ഒരേതൂവല്‍പക്ഷികള്‍ ഒന്നിച്ചുനിന്ന് വാര്‍ത്ത സൃഷ്ടിക്കുന്നത്; ദുര്‍വ്യാഖ്യാനംചെയ്യുന്നത്.

    ReplyDelete