Monday, September 5, 2011

വന്‍കിട കമ്പനികള്‍ക്ക് ബാങ്ക് അനുവദിക്കരുത്: സിപിഐ എം

വ്യവസായങ്ങളും വന്‍കിട കച്ചവടസ്ഥാപനങ്ങളും നടത്തുന്ന കമ്പനികള്‍ക്ക് ബാങ്ക് തുടങ്ങാന്‍ അനുവാദം നല്‍കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ബാങ്കിങ് മേഖല ദേശസാല്‍ക്കരിച്ച ഇന്ദിരാഗാന്ധിയുടെ നയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വന്‍കിട കോര്‍പറേറ്റ് ബാങ്കുകളുടെയും ഊഹക്കച്ചവടക്കാരുടെയും ദുഷ്ചെലവിന്റെ ഫലമാണ് 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി. ഈ അനുഭവം മുന്നിലുള്ളപ്പോള്‍ കേന്ദ്രം കോര്‍പറേറ്റുകളെ ക്ഷണിച്ചുവരുത്തുന്നത് ബുദ്ധിശൂന്യതയാണ്. കേന്ദ്ര തീരുമാനത്തിനെതിരെ രാഷ്ട്രീയ പാര്‍ടികളും ട്രേഡ് യൂണിയനുകളും രംഗത്തുവരണം. ആഗസ്ത് 29നാണ് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഉള്‍പ്പെടെ സ്വകാര്യമേഖലയ്ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളുടെ കരട് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചത്. ബാങ്കിങ് രംഗത്ത് വിദേശനിക്ഷേപവും ഇതുവഴി അനുവദിക്കുന്നു. ആദ്യം 49 ശതമാനം ഓഹരിയും അഞ്ചുവര്‍ഷത്തിനു ശേഷം 74 ശതമാനവും വദേശനിക്ഷേപം അനുവദിക്കും. ഇതോടെ 2008ലെ ലോക സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരായ പല വിദേശബാങ്കുകള്‍ക്കും യഥേഷ്ടം ഇന്ത്യയിലേക്ക് കടന്നുവരാനാകും.

ബാങ്കിങ് മേഖല തുറന്നുകൊടുക്കുന്നതിനു വേണ്ടി ബാങ്ക് ബോര്‍ഡുകളിലുള്ള വോട്ടവകാശം ഇല്ലാതാക്കാന്‍ നിയമഭേദഗതി നടത്തുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ . സിപിഐ എം ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ദേശസാല്‍ക്കരണത്തിനു മുമ്പ് വന്‍കിട കമ്പനികളാണ് ബാങ്കിങ് മേഖല നിയന്ത്രിച്ചത്. ബാങ്കില്‍ നിന്നു പണമൊഴുകിയതും വന്‍കിട-ഇടത്തരം വ്യവസായങ്ങള്‍ക്കായിരുന്നു. ദേശസാല്‍ക്കരണത്തിനു ശേഷമാണ് ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ബാങ്ക് ശാഖകള്‍ തുടങ്ങിയത്. തുടര്‍ന്നാണ് കര്‍ഷകര്‍ക്കും ചെറു കച്ചവടക്കാര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വായ്പയും മറ്റു സഹായങ്ങളും ലഭ്യമായത്.

നവഉദാര പരിഷ്കാരങ്ങള്‍ തുടങ്ങിയ കാലത്ത് സ്വകാര്യ ബാങ്കുകളെ അനുവദിച്ചെങ്കിലും കോര്‍പറേറ്റുകളെ അടുപ്പിച്ചിരുന്നില്ല. ദീര്‍ഘകാലമായി തുടരുന്ന നയമാണ് ഇപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്. കോര്‍പറേറ്റ് രംഗത്തേക്കു മാത്രം വന്‍തോതില്‍ വായ്പ ഒഴുകും. ഇത് നിയന്ത്രിക്കാനാകാത്ത സ്ഥിതി വരും. സാമ്പത്തികാധികാരവും രാഷ്ട്രീയസ്വാധീനവും തമ്മിലുള്ള കൂട്ടുകെട്ടാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. വന്‍ ക്രമക്കേടുകള്‍ക്കും അഴിമതിക്കും ഇതു വഴിവയ്ക്കും. ഇക്കാരണത്താലാണ് അമേരിക്ക, കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യവസായഭീമന്മാരായ കോര്‍പറേറ്റുകളെ ബാങ്കിങ് മേഖലയില്‍ നിന്ന് അകറ്റിനിര്‍ത്തിയിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ മുന്‍ഗണനാ മേഖലകളില്‍ ചെയ്യുന്ന സേവനങ്ങള്‍ പുതിയ തീരുമാനത്തിലൂടെ ഇല്ലാതാകും. എസ്ബിഐയുടെ 67 ശതമാനം ബ്രാഞ്ചും അര്‍ധ-നഗര, ഗ്രാമീണ മേഖലകളിലാണ്. എസ്ബിഐക്ക് മാത്രം 65,000 കോടി രൂപയുടെ ശേഖരമുണ്ട്. കൂടുതല്‍ ബ്രാഞ്ച് തുടങ്ങാനും സാമ്പത്തിക സഹായം നല്‍കാനും ഇതുമൂലം കഴിയും. അത്തരം അവസരങ്ങളാണ് കോര്‍പറേറ്റുകളുടെ വരവോടെ നഷ്ടമാകുകയെന്നും കാരാട്ട് പറഞ്ഞു.

deshabhimani 050911

1 comment:

  1. വ്യവസായങ്ങളും വന്‍കിട കച്ചവടസ്ഥാപനങ്ങളും നടത്തുന്ന കമ്പനികള്‍ക്ക് ബാങ്ക് തുടങ്ങാന്‍ അനുവാദം നല്‍കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ബാങ്കിങ് മേഖല ദേശസാല്‍ക്കരിച്ച ഇന്ദിരാഗാന്ധിയുടെ നയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete