Monday, September 19, 2011

പേ പിടിച്ച പൊലീസ്

തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടന്ന സമരം ഏതെങ്കിലും വിദ്യാര്‍ഥിയുടെയോ യുവാവിന്റെയോ വ്യക്തിപരമോ കുടുംബപരമോ ആയ ആവശ്യങ്ങള്‍ നേടിയെടുക്കാനായിരുന്നില്ല. ജനങ്ങളെ കൊള്ളയടിക്കുന്ന പെട്രോള്‍വിലവര്‍ധനയ്ക്കെതിരായ ജനാധിപത്യരീതിയിലുള്ള പ്രതിഷേധ പ്രകടനമായിരുന്നു അത്. പെട്രോള്‍വില ഒറ്റയടിക്ക് മൂന്നരരൂപ കൂട്ടിയപ്പോള്‍ ജനങ്ങളിലുണ്ടായ അമ്പരപ്പും രോഷവുമാണ് ആ സമരത്തിലൂടെ പ്രകടമായത്. ജനങ്ങളെയാകെ ബാധിക്കുന്ന ഒരു പ്രശ്നത്തിലുള്ള ആ പ്രതികരണത്തെ ചോരയില്‍ മുക്കി തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധമുഖമാണ് പെട്രോള്‍ വിലവര്‍ധനയിലൂടെ ഒന്നുകൂടി അനാവൃതമായതെന്നിരിക്കെ, ആ പ്രശ്നത്തിലെ ജനരോഷം തങ്ങള്‍ക്കുകൂടി എതിരാണെന്ന് കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് തോന്നുന്നത് സ്വാഭാവികമാണ്. ആ തോന്നലിന്റെ ഭാഗമായി, ജനകീയ സമരങ്ങളെ തല്ലിത്തകര്‍ക്കാനുള്ള ഭരണവര്‍ഗത്തിന്റെ നികൃഷ്ടമായ ഗൂഢാലോചനയാണ് വെള്ളിയാഴ്ച അരങ്ങേറിയത്.

പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം, ഡെപ്യൂട്ടി കമീഷണര്‍ രാജ്പാല്‍ മീണ എന്നിങ്ങനെയുള്ള വിശ്വസ്ത സേവകരെ കയറൂരിവിട്ട് വിദ്യാര്‍ഥി-യുവജന നേതാക്കളെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ വേട്ടയാടുകയായിരുന്നു. സാധാരണ പൊലീസിനു നേരെ കല്ലേറോ മറ്റ് അക്രമങ്ങളോ നടന്നുവെന്ന് ആരോപിച്ചാണ് സമരത്തെ നേരിടാറുള്ളത്. ഇവിടെ അങ്ങനെയുമുണ്ടായില്ല. ജനറല്‍ പോസ്റ്റോഫീസിലേക്ക് യുവാക്കള്‍ മാര്‍ച്ച് ചെയ്തു. അവര്‍ കോമ്പൗണ്ടിനകത്ത് കയറി. എന്നാല്‍ , കോമ്പൗണ്ടിനകത്തോ അകത്തുകടക്കുമ്പോഴോ പൊലീസുമായി നേരിയ ഏറ്റുമുട്ടല്‍പോലും ഉണ്ടായില്ല. യുവാക്കള്‍ അകത്തുകടന്നു എന്നതുകൊണ്ടുമാത്രം ശത്രുരാജ്യത്തെ സൈന്യത്തിനെതിരെ എന്നപോലെയാണ് സമരവളന്റിയര്‍മാരെ പൊലീസ് നേരിട്ടത്.

ജനറല്‍ പോസ്റ്റോഫീസിനു മുന്നില്‍ സമരവളന്റിയര്‍മാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചശേഷം പേ പിടിച്ചപോലെ പുറകെ ഓടി തല്ലുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് അക്രമകേന്ദ്രമാണെന്ന ഉമ്മന്‍ചാണ്ടിയുടെ കുപ്രചാരണത്തിന് ശക്തിപകരാനാണ് ഒരു പ്രകോപനവുമില്ലാതെ ക്യാമ്പസില്‍ കയറി പൊലീസ് അഴിഞ്ഞാടിയത്. ഓണാവധിയായതിനാല്‍ സ്പെഷ്യല്‍ ക്ലാസുകള്‍ മാത്രമാണുണ്ടായിരുന്നത്. ഈ ക്ലാസുകളിലുണ്ടായിരുന്ന കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തവരല്ല. മാത്രമല്ല, എസ്എഫ്ഐ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ ഒരുതരത്തിലുള്ള സംഘര്‍ഷവും ഉണ്ടായിട്ടുമില്ല. എന്നിട്ടും കോളേജില്‍ കടന്നുകയറി കുട്ടികളെ തല്ലി. എവിടെനിന്നോ കിട്ടിയ വയര്‍ലെസ് സന്ദേശത്തിന്റെ പേരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആജ്ഞാനുസരണം പൊലീസുകാര്‍ ക്യാമ്പസിലേക്ക് ഇരച്ചുകയറുകയായിരുന്നു. കോളേജിനകത്ത് ടിയര്‍ഗ്യാസ് പ്രയോഗിച്ചും കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലിച്ചതച്ചും ക്രൗര്യം കാട്ടി. കോളേജിനകത്തുനിന്ന് വിദ്യാര്‍ഥികളെ പിടിച്ചുകൊണ്ടുപോയി. ഇങ്ങനെ പിടിച്ച വിദ്യാര്‍ഥികള്‍ എവിടെയെന്ന് പറയാന്‍പോലും മൂന്ന് മണിക്കൂറോളം പൊലീസ് കൂട്ടാക്കിയില്ല. വിദ്യാര്‍ഥികളെയും യുവജനങ്ങളെയും മാത്രമല്ല മാധ്യമ പ്രവര്‍ത്തകരെയും പിന്തുടര്‍ന്ന് ആക്രമിച്ചു. അക്രമത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലപൊട്ടി ചോരവാര്‍ന്നൊഴുകുമ്പോഴും വീണ്ടും വീണ്ടും അക്രമിക്കുന്നതിന് പൊലീസ് ഒരു മടിയും കാട്ടിയില്ല. പ്രകോപനം സൃഷ്ടിക്കാന്‍ നേരത്തേതന്നെ ഉന്നതതല ഗൂഢാലോചന നടന്നുവെന്നതിന്റെ സ്വയംസാക്ഷ്യപ്പെടുത്തലായിരുന്നു ജനറല്‍ പോസ്റ്റോഫീസ് മുതല്‍ യൂണിവേഴ്സിറ്റി കോളേജ് വരെ നടത്തിയ പൊലീസ് വേട്ട. ഇരുനൂറോളം പൊലീസുകാര്‍ യൂണിവേഴ്സിറ്റി കോളേജില്‍ കയറി ഭീതി വിതച്ചപ്പോള്‍ പെണ്‍കുട്ടികളടക്കമുള്ളവര്‍ ചിതറിയോടി. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികളായതുകൊണ്ടുമാത്രം അവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചു.

വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ എസ്എഫ്ഐ നേതാവ് എ എ റഹീമിനെ വളഞ്ഞിട്ട് തല്ലി. റഹീമിനെ തൂക്കിയെടുത്തു വണ്ടിയില്‍ കയറ്റാന്‍ രാജ്പാല്‍ മീണ നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. റഹീമിന്റെ കൈവിരലുകള്‍ ഒടിഞ്ഞു. ലാത്തിയടി ചെറുക്കാന്‍ ശ്രമിച്ച എസ്എഫ്ഐ നേതാവ് ബെന്‍ഡാര്‍വിന്റെ മുഖത്തേക്കും കൈകളിലേക്കും ലാത്തി വീശി. ബെന്‍ഡാര്‍വിന്റെ നാവിന് മുറിവേറ്റു. ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു പൊലീസിന്റെ ഉന്നം. തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കാന്‍ റഹീം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ പൊലീസിന് മറുപടിയുണ്ടായില്ല. രാജ്പാല്‍ മീണ റഹീമിനെ കുത്തിന് പിടിച്ച് വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതിനനുവദിക്കാതെ റോഡില്‍ കുത്തിയിരുന്നപ്പോള്‍ പൊലീസ് വളഞ്ഞിട്ട് അടിക്കാന്‍ തുടങ്ങി. ഇതെല്ലാം ഈ കേരളത്തില്‍ നടന്നതാണോ എന്ന് സംശയിച്ചുപോകുന്ന അനുഭവങ്ങളാണ്. അഞ്ചുവര്‍ഷം മുമ്പ് യുഡിഎഫ് ഭരിച്ചപ്പോള്‍ ഇതേ രീതിയിലാണ് പൊലീസ് പെരുമാറിയത്. വൈദ്യുതിലാത്തിയും ഗ്രനേഡും തോക്കും അന്നും പ്രയോഗിച്ചു. അത്തരം ക്രൂരകൃത്യങ്ങള്‍ക്കായി വേട്ടപ്പട്ടികളെപ്പോലെ പൊലീസിലെ ചില വിശ്വസ്ത ഭൃത്യന്മാരെ നിയോഗിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തികാട്ടുന്ന അത്തരക്കാരിലൊരാളെയാണ് രാജ്കുമാര്‍ മീണ എന്ന ഓഫീസറിലൂടെ വെള്ളിയാഴ്ച കണ്ടത്.

യജമാനന്മാര്‍ക്കുവേണ്ടി അലറുകയും കൊലവിളിച്ച് കോപ്രായം കാട്ടുകയും ചെയ്യുന്ന ഇത്തരക്കാര്‍ സമരവളന്റിയര്‍മാര്‍ക്കുമാത്രമേ ശരീരം വേദനിക്കൂ എന്ന് കരുതിപ്പോകുന്നു. തെരുവില്‍ തെമ്മാടിത്തം കാണിച്ചാല്‍ എല്ലാവരും നോക്കി നില്‍ക്കുമെന്ന തെറ്റായ ധാരണയാണ് അവരെ നയിക്കുന്നതെന്ന് തോന്നുന്നു. സ്വയം അടങ്ങുന്നതിനൊപ്പം ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്താനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രം വിലകൂട്ടിയതിന്റെ ഭാരം കുറയ്ക്കാനെന്നപേരില്‍ നാമമാത്രമായ ഇളവു നല്‍കിയാല്‍ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന തെറ്റായ ധാരണ കൈവെടിഞ്ഞ് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ണുതുറന്നു കാണാനും അതിനു കാരണക്കാരായ കേന്ദ്ര യുപിഎ സര്‍ക്കാരിനെതിരായ പ്രതികരണത്തില്‍ പങ്കുചേരാനുമാണ് യുഡിഎഫ് തയ്യാറാകേണ്ടത്. യുപിഎ സഖ്യകക്ഷികള്‍ കാണിക്കുന്ന നാമമാത്ര പ്രതിഷേധത്തിനൊപ്പമെങ്കിലും ചേരാന്‍ ത്രാണിയില്ലാത്തവിധം ക്ഷീണിച്ച ഇവിടുത്തെ യുഡിഎഫിന് പൊലീസിന്റെ ലാത്തിപ്രയോഗംകൊണ്ട് ആ ത്രാണി തിരിച്ചുപിടിക്കാനാവില്ലതന്നെ. അക്രമികളായ പൊലീസുദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്തിയാല്‍ അവര്‍ക്കു നല്ലത്. അല്ലെങ്കില്‍ ആ ഉത്തരവാദിത്തം ജനങ്ങള്‍ ഏറ്റെടുത്തുകൊള്ളും.

deshabhimani editorial 190911

1 comment:

  1. തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടന്ന സമരം ഏതെങ്കിലും വിദ്യാര്‍ഥിയുടെയോ യുവാവിന്റെയോ വ്യക്തിപരമോ കുടുംബപരമോ ആയ ആവശ്യങ്ങള്‍ നേടിയെടുക്കാനായിരുന്നില്ല. ജനങ്ങളെ കൊള്ളയടിക്കുന്ന പെട്രോള്‍വിലവര്‍ധനയ്ക്കെതിരായ ജനാധിപത്യരീതിയിലുള്ള പ്രതിഷേധ പ്രകടനമായിരുന്നു അത്. പെട്രോള്‍വില ഒറ്റയടിക്ക് മൂന്നരരൂപ കൂട്ടിയപ്പോള്‍ ജനങ്ങളിലുണ്ടായ അമ്പരപ്പും രോഷവുമാണ് ആ സമരത്തിലൂടെ പ്രകടമായത്. ജനങ്ങളെയാകെ ബാധിക്കുന്ന ഒരു പ്രശ്നത്തിലുള്ള ആ പ്രതികരണത്തെ ചോരയില്‍ മുക്കി തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധമുഖമാണ് പെട്രോള്‍ വിലവര്‍ധനയിലൂടെ ഒന്നുകൂടി അനാവൃതമായതെന്നിരിക്കെ, ആ പ്രശ്നത്തിലെ ജനരോഷം തങ്ങള്‍ക്കുകൂടി എതിരാണെന്ന് കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് തോന്നുന്നത് സ്വാഭാവികമാണ്. ആ തോന്നലിന്റെ ഭാഗമായി, ജനകീയ സമരങ്ങളെ തല്ലിത്തകര്‍ക്കാനുള്ള ഭരണവര്‍ഗത്തിന്റെ നികൃഷ്ടമായ ഗൂഢാലോചനയാണ് വെള്ളിയാഴ്ച അരങ്ങേറിയത്.

    ReplyDelete