Thursday, September 15, 2011

വിധവകളുടെ കടം എഴുതിത്തള്ളല്‍ പദ്ധതി ഇപ്പോഴും പാതിവഴിയില്‍

കടക്കെണിയിലായി ദുരിതം പേറുന്ന വിധവകളുടെ കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. കടം എഴുതി തള്ളുന്നത് സംബന്ധിച്ച് തുടര്‍ നടപടികളെടുക്കാതെ അപേക്ഷ നല്‍കി കാത്തിരിക്കുന്ന തങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് വിധവകള്‍ പരാതിപ്പെടുന്നു. വിവിധ പ്രാഥമിക സഹകരണസംഘങ്ങളില്‍നിന്നും ജില്ലാ സഹകരണ ബാങ്കില്‍നിന്നും വായ്പയെടുത്ത് കുടിശികയായ വിധവകളുടെ അര അരലക്ഷം രൂപ വരെയുളള കടം എഴുതിത്തളളുമെന്നായിരുന്നു പ്രഖ്യാപനം. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിക്ക് പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ തുടര്‍നടപടികളില്ലാത്തതാണ് പദ്ധതിയെ അവതാളത്തിലാക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരെ കൂടാതെ അഞ്ച് കോടിയോളം രൂപയാണ് എഴുതിത്തള്ളാനുള്ളത്. പ്രാഥമിക സഹകരണസംഘങ്ങള്‍ ഇപ്പോഴും അപേക്ഷ സ്വീകരിക്കുന്നതിനാല്‍ വ്യക്തമായ കണക്ക് ലഭ്യമല്ലെങ്കിലും ലക്ഷങ്ങള്‍ ഈയിനത്തില്‍ കിട്ടാനുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ജില്ല സഹകരണബാങ്കില്‍ നിന്നും വൈത്തിരി, കല്‍പ്പറ്റ പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വായ്പയെടുത്ത 542 വിധവകളുടെ 5,338,0243 രൂപ എഴുതിത്തള്ളാനുണ്ടെന്നാണ് കണക്ക്. 2009 ലാണ് സര്‍ക്കാര്‍ ആദ്യമായി ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വിധവകള്‍ എടുത്ത വായ്പകളില്‍ 2006 മാര്‍ച്ച് 31 ല്‍ കാലാവധി അവസാനിച്ച് കുടിശ്ശികയായതും 2009 മാര്‍ച്ച് 31 ന് നിലനില്‍ക്കുന്നതുമായ വായ്പകളുടെ വിവരം നല്‍കാന്‍ സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. 2009 നവംബര്‍ 25നാണ് സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. തുടര്‍ന്ന് 2010 ആഗസ്ത് 31ന് കുടിശികയായി നിലനില്‍ക്കുന്ന വായ്പകളുടെ വിവരം 2010 നവംബര്‍ 10ന് ആവശ്യപ്പെട്ടു. എന്നാല്‍ തെരെഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സര്‍ക്കാരിന് തുടര്‍ നടപടികളെടുക്കാന്‍ കഴിഞ്ഞില്ല. പുതിയ മന്ത്രിസഭ അധികാരത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തത് അപേക്ഷകരില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്.

ജില്ല സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്ത 31 വിധവകളുടെ കടം എഴുതിത്തള്ളാന്‍ 21,30,000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ സഹകരണ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. പനമരം കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍നിന്ന് വായ്പയെടുത്ത 470 വിധവകളുടെ 4,97,73,228 രൂപയാണ് എഴുതിത്തള്ളാനുള്ളത്. വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍നിന്ന് വായ്പയെടുത്ത 41 വിധവകളുടെ 14,770,15 രൂപ എഴുതിത്തള്ളാനുണ്ട്. കുടുംബനാഥന്മാര്‍ മരിച്ചതോടെ അനാഥരായവര്‍ ഏറെ ആശ്വാസത്തോടെയാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതംചെയ്തത്. പത്രപരസ്യം കണ്ട് എല്ലാവരും അപേക്ഷ നല്‍കി. അതേസമയം അപേക്ഷ സ്വീകരിച്ചതിനുശേഷം വിധവകളായവരെ പദ്ധതിയില്‍ പരിഗണിക്കാത്തത് അര്‍ഹരായ നൂറുകണക്കിന് വിധവകള്‍ക്ക് തിരിച്ചടിയായിട്ടുമുണ്ട്.

കര്‍ഷക ആത്മഹത്യയും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും ജില്ലയുടെ സാമ്പത്തികരംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചപ്പോഴാണ് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചത്. കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്തപ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ അനാഥമായ സാഹചര്യത്തില്‍ ഈ കുടുംബങ്ങളെ കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ ആരംഭിച്ച പദ്ധതി കടലാസിലൊതുങ്ങുമോ എന്ന ആശങ്കയിലാണ് വിധവകള്‍ .
(പി ഒ ഷീജ)

deshabhimani news

1 comment:

  1. കടക്കെണിയിലായി ദുരിതം പേറുന്ന വിധവകളുടെ കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. കടം എഴുതി തള്ളുന്നത് സംബന്ധിച്ച് തുടര്‍ നടപടികളെടുക്കാതെ അപേക്ഷ നല്‍കി കാത്തിരിക്കുന്ന തങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് വിധവകള്‍ പരാതിപ്പെടുന്നു. വിവിധ പ്രാഥമിക സഹകരണസംഘങ്ങളില്‍നിന്നും ജില്ലാ സഹകരണ ബാങ്കില്‍നിന്നും വായ്പയെടുത്ത് കുടിശികയായ വിധവകളുടെ അര അരലക്ഷം രൂപ വരെയുളള കടം എഴുതിത്തളളുമെന്നായിരുന്നു പ്രഖ്യാപനം. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിക്ക് പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ തുടര്‍നടപടികളില്ലാത്തതാണ് പദ്ധതിയെ അവതാളത്തിലാക്കിയത്.

    ReplyDelete