Tuesday, September 20, 2011

കാലത്തിന്റെ ചുവരില്‍ കേരളം എഴുതിവച്ചത്

ജനങ്ങള്‍ അവരുടെ നിലപാട് അറിയിച്ചു കഴിഞ്ഞു. പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ട് നാടിനോട് യുദ്ധം പ്രഖ്യാപിച്ച കേന്ദ്ര ഗവണ്‍മെന്റ് നയം തങ്ങള്‍ ലവലേശം അംഗീകരിക്കുന്നില്ലെന്നാണ് അവര്‍ അറിയിച്ചത്. ഈ വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയമായി. കക്ഷി രാഷ്ട്രീയ പരിഗണനകളെല്ലാം മാറ്റിവച്ച് മുഴുവന്‍ ജനവിഭാഗങ്ങളും ഒരേ മനസോടെ അണിനിരന്ന ഇത്തരമൊരു പ്രതിഷേധ പ്രസ്ഥാനം അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഹ്വാനപ്രകാരം നടന്ന ഹര്‍ത്താലിലും മോട്ടോര്‍ തൊഴിലാളി പ്രക്ഷോഭ സമിതിയുടെ ആഹ്വാനമനുസരിച്ചു നടന്ന വാഹനപണിമുടക്കിലും അണിചേര്‍ന്ന തൊഴിലാളികളേയും ജനങ്ങളെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.

നാട്ടില്‍ അലയടിച്ചുയര്‍ന്ന ഈ പ്രതിഷേധ പ്രസ്ഥാനം ഭരണാധികാരികള്‍ക്കുള്ള ശക്തമായ താക്കീതും മുന്നറിയിപ്പുമാണ്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ പണയപ്പെടുത്തി എണ്ണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന കേന്ദ്ര ഗവണ്‍മെന്റ് ജനങ്ങള്‍ നല്‍കുന്ന ഈ മുന്നറിയിപ്പ് കണക്കിലെടുക്കുമോ? എങ്കില്‍ എണ്ണവില നിര്‍ണയിക്കുന്നതില്‍ കമ്പനികള്‍ക്കു നല്‍കിയ സര്‍വാധികാരം തിരിച്ചെടുക്കാന്‍ ഗവണ്‍മെന്റ് ഒട്ടും അമാന്തിക്കരുത്. രാജ്യത്തിന്റെ സമസ്ത വികസനത്തിന്റെയും താക്കോലായ എണ്ണയുടെ വില നിശ്ചയിക്കുന്നതില്‍ ഗവണ്‍മെന്റിനുണ്ടായിരുന്ന അവകാശം കേന്ദ്ര ഗവണ്‍മെന്റ് സ്വമേധയാ വേണ്ടെന്നു വയ്ക്കുകയായിരുന്നു. സകലതും കമ്പോളത്തില്‍ നിയന്ത്രിക്കപ്പെടണമെന്നും സര്‍ക്കാര്‍ എല്ലാത്തില്‍ നിന്നും പിന്‍വലിയണമെന്നും കല്‍പിക്കുന്ന ആഗോളവല്‍കരണ തത്വശാസ്ത്രത്തോടുള്ള അടിമത്വമാണ് ആ തീരുമാനത്തിനു പിറകിലെ പ്രേരണ. അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറവുകള്‍ പ്രകാരമാകണം ഇന്ത്യയിലെയും എണ്ണവില എന്ന് അവര്‍ ജനങ്ങളോടു പറഞ്ഞു. അതനുസരിച്ച് ലോക കമ്പോളത്തില്‍ വില കയറിയപ്പോഴെല്ലാം ഇന്ത്യയില്‍ വിലയേറ്റമുണ്ടായി. എന്നാല്‍ അവിടെ വിലകുറഞ്ഞപ്പോഴൊന്നും ഇവിടെ വില കുറഞ്ഞില്ല. ഓരോരോ കപട ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് കമ്പനികള്‍ വിലകൂട്ടിയപ്പോഴൊന്നും നോക്കുകുത്തിയേക്കാള്‍ നാണംകെട്ട നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചത്.

ഇപ്പോഴുണ്ടായ വില വര്‍ധനവാകട്ടെ വീണ്ടും ലോകകമ്പോളത്തില്‍ വില കുറഞ്ഞപ്പോഴാണ് ഉണ്ടായത്. നഷ്ടക്കണക്കുകള്‍ പരത്തിപ്പറയാന്‍ സാമര്‍ഥ്യമേറുന്ന കമ്പനി മേലാളന്മാര്‍ ഒരിക്കലും വസ്തുതകളല്ല നാടിനോട് പറയുന്നത്. ആഗോള വിലയുടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിനൊപ്പം ലാഭമുണ്ടായില്ലെങ്കില്‍ നഷ്ടമെന്നാണ് അവര്‍ പറയുന്നത്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ വിലയും അവര്‍ കണക്കാക്കുന്നത് ലോക നിലവാരത്തിലാണ്. റിലയന്‍സിനെപ്പോലുള്ളവരോട് ചോദിച്ചു സമ്മതം വാങ്ങിയാണ് അവര്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നയങ്ങള്‍ തീരുമാനിക്കുന്നത്. തങ്ങളുടെ ധൂര്‍ത്തിനും രാഷ്ട്രീയ ദൈവങ്ങളുടെ കാണിക്കയ്ക്കും അനാവശ്യമായി വാരിയെറിയുന്ന പരസ്യത്തിനും വേണ്ടിവരുന്ന കോടികള്‍ അവരുടെ നഷ്ടപ്പട്ടികയ്ക്ക് നീളം കൂട്ടും. ഇതെല്ലാം വെള്ളംകൂട്ടാതെ വിഴുങ്ങുന്ന കേന്ദ്ര ഭരണക്കാരുടെ തണലില്‍ അവര്‍ ജനങ്ങളെ അടിക്കടി പിഴിയുകയാണ്. ഇത്തവണ വില കൂട്ടാന്‍ ഒരു പുതിയ ന്യായം കൂടി അവര്‍ കണ്ടെത്തി. അത് രൂപയുടെ വില ഇടിവാണ്. എല്ലാറ്റിന്റെയും ഭാരം ജനങ്ങളുടെ തോളില്‍ കയറ്റിവയ്ക്കാമെന്ന ക്രൂരമായ ചിന്താഗതിക്ക് തങ്ങള്‍ വഴങ്ങില്ലെന്നാണ് ജനങ്ങള്‍ ഒന്നിച്ചു വിളിച്ചറിയിച്ചത്.

എണ്ണക്കമ്പനികളുടെ വാദങ്ങള്‍ നിര്‍ലജം ഏറ്റുപറയാന്‍ മന്‍മോഹന്‍സിംഗും പ്രണബ് മുഖര്‍ജിയും ചിദംബരവും എ കെ ആന്റണിയും രംഗത്തുവന്നു. രാജ്യം ഭരിക്കുന്നത് സര്‍ക്കാരാണോ എണ്ണക്കമ്പനി മേധാവികളാണോ എന്ന് ആരും ചോദിക്കുംവിധമായിരുന്നു അവരുടെ പ്രസ്താവനകള്‍. ആണുംപെണ്ണുംകെട്ട ആ നയം തിരുത്തി പെട്രോള്‍ വില വര്‍ധന പിന്‍വലിക്കാന്‍ അവര്‍ ആര്‍ജവം കാണിക്കണം. വില നിര്‍ണയാവകാശം കമ്പനികളെ ഏല്‍പ്പിച്ച തീരുമാനം മാറ്റി സര്‍ക്കാര്‍ നാടിനോടുള്ള അതിന്റെ ഉത്തരവാദിത്തം നിറവേറ്റണം. നാണയപ്പെരുപ്പവും മൂല്യശോഷണവും ഉണ്ടാക്കുന്ന ദേശവിരുദ്ധ സാമ്പത്തിക നയങ്ങളെപ്പറ്റി പുനപരിശോധനയുണ്ടാകണം. വാഹന-ഭവനവായ്പാ രംഗത്ത് ദൂഷ്യഫലങ്ങളുണ്ടാക്കുന്ന വായ്പാനിരക്കു വര്‍ധന പിന്‍വലിക്കണം. ഈ ആവശ്യങ്ങളെല്ലാം പക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ ജനങ്ങള്‍ ഒന്നിച്ചുയര്‍ത്തുകയാണ്. ഇന്നലത്തെ പണിമുടക്കും ഹര്‍ത്താലും നേടിയ അഭൂതപൂര്‍വമായ ജനപിന്തുണ അതു വിളിച്ചറിയിക്കുന്നു. പെട്രോള്‍ വില നികുതിയില്‍  നാമമാത്രമായ കുറവുവരുത്തി എന്തോ മഹാകാര്യം ചെയ്തു എന്നു ഭാവിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും ഈ പ്രക്ഷോഭത്തിലുയര്‍ന്ന ജനവികാരം അവഗണിക്കാന്‍ കഴിയില്ല. ലാത്തിയും തോക്കും താഴെവച്ച് ഈ പ്രക്ഷോഭത്തിന്റെ ആത്മാര്‍ഥതയും ആഴവും അറിയാനാണ് അവര്‍ ശ്രദ്ധിക്കേണ്ടത്. അല്ലാത്തപക്ഷം കൂടുതല്‍ വീറുറ്റ പോരാട്ടങ്ങള്‍ അവര്‍ക്കു നേരിടേണ്ടിവരും. ചോരക്കളങ്ങള്‍ തീര്‍ത്തു ജനങ്ങളെ തോല്‍പ്പിക്കാമെന്ന് അവര്‍ വ്യാമോഹിക്കരുത്. അതാണ് കാലത്തിന്റെ ചുവരില്‍ ഇന്നലെ കേരളം എഴുതിവച്ചത്.

janayugom editorial 200911

1 comment:

  1. ജനങ്ങള്‍ അവരുടെ നിലപാട് അറിയിച്ചു കഴിഞ്ഞു. പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ട് നാടിനോട് യുദ്ധം പ്രഖ്യാപിച്ച കേന്ദ്ര ഗവണ്‍മെന്റ് നയം തങ്ങള്‍ ലവലേശം അംഗീകരിക്കുന്നില്ലെന്നാണ് അവര്‍ അറിയിച്ചത്. ഈ വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയമായി. കക്ഷി രാഷ്ട്രീയ പരിഗണനകളെല്ലാം മാറ്റിവച്ച് മുഴുവന്‍ ജനവിഭാഗങ്ങളും ഒരേ മനസോടെ അണിനിരന്ന ഇത്തരമൊരു പ്രതിഷേധ പ്രസ്ഥാനം അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഹ്വാനപ്രകാരം നടന്ന ഹര്‍ത്താലിലും മോട്ടോര്‍ തൊഴിലാളി പ്രക്ഷോഭ സമിതിയുടെ ആഹ്വാനമനുസരിച്ചു നടന്ന വാഹനപണിമുടക്കിലും അണിചേര്‍ന്ന തൊഴിലാളികളേയും ജനങ്ങളെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.

    ReplyDelete