Tuesday, September 20, 2011

പെട്രോള്‍ വിലവര്‍ധന : കേരളം നിശ്ചലമായി

ജനങ്ങളെയാകെ ദുരിതക്കയത്തിലാക്കി പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ ആളിക്കത്തിയ രോഷത്തില്‍ നാടും നഗരവും നിശ്ചലമായി. എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ നാനാതുറകളില്‍പ്പെട്ട ജനലക്ഷങ്ങള്‍ സ്വമേധയാ പങ്കാളികളായി. മോട്ടോര്‍വാഹന തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. അടിക്കടി വിലവര്‍ധിപ്പിച്ച് കോടികള്‍ കൊയ്യുന്ന എണ്ണക്കമ്പനികളുമായി ഒത്തുകളിക്കുന്ന കേന്ദ്രസര്‍ക്കാരിന് ഹര്‍ത്താല്‍ താക്കീതായി. ബന്ദായി മാറിയ ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യവാഹനങ്ങള്‍പോലും അപൂര്‍വമായിമാത്രമേ ഓടിയുള്ളൂ. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. ഫാക്ടറികളും ഐടി മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍സ്ഥാപനങ്ങളും സ്തംഭിച്ചു. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി.

പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്നും വിലനിയന്ത്രണ അധികാരം കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും പെട്രോളിന് വിലകൂട്ടി അമിതഭാരം അടിച്ചേല്‍പ്പിച്ചതിനെതിരെ പ്രതിഷേധം ആര്‍ത്തിരമ്പുന്നതിനാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, യുടിയുസി, എസ്ടിയു, എച്ച്എംഎസ് എന്നീ സംഘടനകളുള്‍പ്പെടുന്ന മോട്ടോര്‍തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വാഹനപണിമുടക്ക് ആഹ്വാനംചെയ്തത്.

കേന്ദ്രനയത്തിനെതിരെ കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതൃത്വത്തിലുള്ള തൊഴിലാളികള്‍ക്കും സമരരംഗത്തിറങ്ങേണ്ടിവന്നു. ഹര്‍ത്താലിനെതിരെ ജനവികാരമിളക്കിവിടാനുള്ള ചില മാധ്യമങ്ങളുടെ ശ്രമവും വിലപ്പോയില്ല. വിരലിലെണ്ണാവുന്ന യാത്രക്കാരുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി പതിവുപോലെ ഈ മാധ്യമങ്ങള്‍ രംഗത്തിറങ്ങിയെങ്കിലും അത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരസ്കരിച്ചു. ഏകമനസ്സായി കേരളജനത പ്രതിഷേധത്തില്‍ അണിനിരന്നത് പുതിയ അനുഭവമായി. തലസ്ഥാനജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. രാവിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. പണിമുടക്കിയ മോട്ടോര്‍തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. തിരുവനന്തപുരത്ത് തൊഴിലാളികള്‍ ഏജീസ് ഓഫീസിനുമുന്നില്‍ പ്രകടനം നടത്തി.

deshabhimani 200911

1 comment:

  1. ജനങ്ങളെയാകെ ദുരിതക്കയത്തിലാക്കി പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ ആളിക്കത്തിയ രോഷത്തില്‍ നാടും നഗരവും നിശ്ചലമായി. എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ നാനാതുറകളില്‍പ്പെട്ട ജനലക്ഷങ്ങള്‍ സ്വമേധയാ പങ്കാളികളായി. മോട്ടോര്‍വാഹന തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. അടിക്കടി വിലവര്‍ധിപ്പിച്ച് കോടികള്‍ കൊയ്യുന്ന എണ്ണക്കമ്പനികളുമായി ഒത്തുകളിക്കുന്ന കേന്ദ്രസര്‍ക്കാരിന് ഹര്‍ത്താല്‍ താക്കീതായി. ബന്ദായി മാറിയ ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യവാഹനങ്ങള്‍പോലും അപൂര്‍വമായിമാത്രമേ ഓടിയുള്ളൂ. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. ഫാക്ടറികളും ഐടി മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍സ്ഥാപനങ്ങളും സ്തംഭിച്ചു. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി.

    ReplyDelete