Tuesday, September 13, 2011

സമരചരിത്രത്തിലെ കനല്‍വെട്ടത്തിന് കാല്‍നൂറ്റാണ്ട്

ശാസ്താംകോട്ട: കശുവണ്ടി തൊഴിലാളികളുടെ പോരാട്ടചരിത്രത്തില്‍ ജ്വലിക്കുന്ന ഏടായ 86ലെ തൊഴിലാളി സമരത്തിന് കാല്‍നൂറ്റാണ്ട്. തൊഴിലാളി ജനത ഒരു മനസോടെ ഒറ്റക്കെട്ടായി ചെങ്കൊടിക്ക് പിന്നില്‍ അണിചേര്‍ന്ന് മുതലാളിമാരുടെ തേര്‍വഴ്ചയ്ക്ക് കടിഞ്ഞാണിട്ട സമരമായിരുന്നു ഇത്. തൊള്ളായിരത്തിഎഴുപത്തഞ്ചിലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കൂലിയായിരുന്നു 86വരെ നിലനിന്നിരുന്നത്. മിനിമം വേജസ് അഡൈ്വസറി കമ്മിറ്റിയെ നിയമിക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി കൂലി നിശ്ചയിക്കുമായിരുന്നു. 86ല്‍ ഡിഎ എട്ടു രൂപ 10 പൈസയാക്കി വര്‍ധിപ്പിച്ചത് നല്‍കാനാവാല്ലെന്ന് മുതലാളിമാര്‍ ശഠിച്ചു.

ഇതിനെതിരെ 86 ജൂണ്‍ 14ന് തൊഴിലാളികള്‍ സമരരംഗത്ത് ഇറങ്ങി. ജൂലൈ നാലിന് എല്ലാ കശുവണ്ടി ഫാക്ടറികള്‍ക്ക് മുന്നിലും നിരാഹാരസമരം തുടങ്ങി. സമരം ശക്തമായതോടെ തൊഴിലാളികള്‍ കൂലി ബഹിഷ്കരിച്ചു. ഫാക്ടറികള്‍ക്കുള്ളില്‍നിന്ന് കശുവണ്ടിപരിപ്പ് കടത്താനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു. പൊലീസ് സമരക്കാരെ ക്രൂരമര്‍ദനത്തിന് വിധേയമാക്കി. പൊലീസ് ജീപ്പിനുള്ളിലും ലോക്കപ്പിനുള്ളിലും ക്രൂരമായ മര്‍ദനത്തെതുടര്‍ന്ന് പരമേശ്വരന്‍ രക്തസാക്ഷിയായി. തിരുവോണനാളില്‍ കശുവണ്ടി ഫാക്ടറികള്‍ക്ക് മുന്നില്‍ കരിങ്കൊടി ഉയര്‍ന്നു. തുടര്‍ന്ന് സമരം ബഹുജനപ്രക്ഷോഭമായി. ജില്ലയിലാകമാനം മൗനജാഥകള്‍ നടന്നു. തൊഴിലാളികള്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധി ഉണ്ടായി. നിലവിലുള്ള ഡിഎയും മിനിമം കൂലിയും കുടിശ്ശികയും സഹിതം നല്‍കാന്‍ മുതലാളിമാരും സര്‍ക്കാരും തയാറായതോടെ സമരം ഒത്തുതീര്‍ന്നു. 1987ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കശുവണ്ടി തൊഴിലാളികള്‍ക്ക് അനുകൂലമായ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. 1991-ല്‍ മിനിമം വേജ് കമ്മിറ്റിയുടെ പുതുക്കിയ കൂലി നടപ്പാക്കി.

deshabhimani 130911

1 comment:

  1. കശുവണ്ടി തൊഴിലാളികളുടെ പോരാട്ടചരിത്രത്തില്‍ ജ്വലിക്കുന്ന ഏടായ 86ലെ തൊഴിലാളി സമരത്തിന് കാല്‍നൂറ്റാണ്ട്. തൊഴിലാളി ജനത ഒരു മനസോടെ ഒറ്റക്കെട്ടായി ചെങ്കൊടിക്ക് പിന്നില്‍ അണിചേര്‍ന്ന് മുതലാളിമാരുടെ തേര്‍വഴ്ചയ്ക്ക് കടിഞ്ഞാണിട്ട സമരമായിരുന്നു ഇത്.

    ReplyDelete