Tuesday, September 13, 2011

വിദേശ വാര്‍ത്തകള്‍ - ബ്രസീല്‍, അമേരിക്ക, ഫ്രാന്‍സ്, പാക്കിസ്ഥാന്‍

ബ്രസീല്‍ പ്രസിഡന്റ് ക്യാന്‍സര്‍മുക്തയായി

റിയഡി ജനീറോ: മജ്ജയില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസ്സെല്‍ഫ് രോഗമുക്തയായി. 64 കാരിയായ ബ്രസീലിന്റെ പ്രഥമവനിതാപ്രസിഡന്റ് പൂര്‍ണ്ണആരോഗ്യവതിയാണിപ്പോള്‍ . ക്യാന്‍സര്‍ രോഗം ചികിത്സയിലൂടെ മാറ്റാനാവുമെന്ന് തന്റെ അനുഭവം തെളിയിക്കുന്നതായി അവര്‍ പറഞ്ഞു.

അമേരിക്കയുടെ യുദ്ധം ഇസ്ലാമിനെതിരല്ലെന്ന് ഒബാമ

വാഷിങ്ടണ്‍ : അമേരിക്ക ഒരിക്കലും ഇസ്ലാമിനെതിരെ യുദ്ധത്തിലല്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. എല്ലാ മതസ്ഥര്‍ക്കും വംശജര്‍ക്കും സ്വാഗതമരുളുന്ന രാജ്യമാണ് അമേരിക്കയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇവിടേക്ക് ആളുകള്‍ എത്തുന്നു. അമേരിക്കയുടെ യുദ്ധം ഏതെങ്കിലും മതത്തിനെതിരായി അല്ലെന്ന് സെപ്തംബര്‍ 11 ആക്രമണത്തിനുശേഷം അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചിരുന്നു. ഇത് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണെന്നും കെന്നഡി സെന്ററിലെ പ്രഭാഷണത്തില്‍ ഒബാമ പറഞ്ഞു.

പാക് സൈന്യത്തിലെ മതസംഘടനകളുടെ സ്വാധീനം നിയന്ത്രിക്കുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈന്യത്തില്‍ മതസംഘടനകളുടെ സ്വാധീനം നിയന്ത്രിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദാവത് ഇ ഇസ്ലാമി എന്ന മതപ്രചാരണ സംഘടനയുടെ സ്വാധീനം വര്‍ധിച്ചുവരുന്നത് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഇത്. ജനുവരിയില്‍ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടതോടെയാണ് ഇതിനു മാറ്റംവന്നത്. ദാവത് ഇ ഇസ്ലാമി അംഗമായ പൊലീസുകാരനാണ് ഗവര്‍ണറെ വെടിവച്ചുകൊന്നത്്. വിവാദമായ മതനിയമത്തെ എതിര്‍ത്തതിനാലാണ് ഗവര്‍ണറെ വധിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുമുണ്ട്. ഈ സംഭവത്തോടെയാണ് ഇത്തരം സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് പാക് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് "എക്സ്പ്രസ് ട്രിബ്യൂണ്‍" റിപ്പോര്‍ട്ട്ചെയ്തു.
 
ഫ്രാന്‍സില്‍ ആണവനിലയത്തില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു

പാരീസ്: ഫ്രാന്‍സില്‍ ആണവ അവശിഷ്ടങ്ങള്‍ പുനഃസംസ്കരിക്കുന്ന നിലയത്തില്‍ സ്ഫോടനം. ഒരാള്‍ മരിച്ചെന്നും നാലുപേര്‍ക്ക് പരിക്കേറ്റെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അണു വികിരണച്ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. തെക്കന്‍ ഫ്രാന്‍സില്‍ മെഡിറ്ററേനിയന്‍തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ ലാങ്ദോക് റൂസിലോണിലെ സെന്‍ട്രാക്കോ നിലയത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്.

ആണവ അവശിഷ്ടങ്ങള്‍ പുനഃസംസ്കരിക്കുന്ന ഈ നിലയത്തിനടുത്താണ് മാര്‍കൂള്‍ ആണവ ഗവേഷണകേന്ദ്രം. റേഡിയോ ആക്ടീവ് ലോഹ അവശിഷ്ടം ഉരുക്കാന്‍ ഉപയോഗിക്കുന്ന അടുപ്പിലാണ് സ്ഫോടനമെന്ന് ആണവ സുരക്ഷാ അതോറിറ്റി അറിയിച്ചു. വളരെ ചെറിയ അണുവികിരണമാണ് ഈ പുനഃസംസ്കരണ പ്രക്രിയയില്‍ ഉണ്ടാകുന്നതെന്നും അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആണവ റിയാക്ടറുകളൊന്നും സ്ഫോടനസ്ഥലത്ത് ഇല്ലായിരുന്നെന്ന് സെന്‍ട്രകോയുടെ ചുമതലയുള്ള ഇഡിഎഫ് പവര്‍ കമ്പനി അവകാശപ്പെട്ടു. റിയാക്ടറില്‍നിന്നുള്ള അവശിഷ്ടമല്ല നിലയത്തില്‍ കൈകാര്യംചെയ്തിരുന്നതെന്നും കമ്പനി പറഞ്ഞു. സ്ഫോടനത്തെതുടര്‍ന്ന് തീപടര്‍ന്നെങ്കിലും ഉടനടി നിയന്ത്രണത്തിലാക്കിയെന്നും കമ്പനി വക്താവ് കരോള്‍ ട്രിവി അറിയിച്ചു.

സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. നിലയത്തിലെ ജീവനക്കാരെയോ സമീപവാസികളെയോ ഒഴിപ്പിച്ചിട്ടില്ലെന്ന് പ്രാദേശികപത്രമായ "മിദി ലിബ്റെ" റിപ്പോര്‍ട്ട്ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന് ആറുമാസം പിന്നിടുന്ന വേളയില്‍ ഫ്രാന്‍സിലും അപകടമുണ്ടായത് അണുവികിരണച്ചോര്‍ച്ച സംബന്ധിച്ച് ആശങ്ക പടര്‍ത്തി. ലോകത്തില്‍ ആണവോര്‍ജത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. വൈദ്യുതിയുടെ ഏറിയ പങ്കും ആണവറിയാക്ടറുകളില്‍നിന്നാണ് ഫ്രാന്‍സ് ഉല്‍പ്പാദിപ്പിക്കുന്നത്. ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 58 ആണവനിലയത്തില്‍ ഫ്രാന്‍സ് പരിശോധന നടത്തിവരികയാണ്.

ദേശാഭിമാനി

1 comment:

  1. മജ്ജയില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസ്സെല്‍ഫ് രോഗമുക്തയായി. 64 കാരിയായ ബ്രസീലിന്റെ പ്രഥമവനിതാപ്രസിഡന്റ് പൂര്‍ണ്ണആരോഗ്യവതിയാണിപ്പോള്‍ . ക്യാന്‍സര്‍ രോഗം ചികിത്സയിലൂടെ മാറ്റാനാവുമെന്ന് തന്റെ അനുഭവം തെളിയിക്കുന്നതായി അവര്‍ പറഞ്ഞു.

    ReplyDelete