Thursday, September 22, 2011

വിപണി വീണടിഞ്ഞു ലോകം മാന്ദ്യത്തിലേക്ക്

മുംബൈ: ആഗോള സാമ്പത്തിക മേഖലയിലെ പ്രതിസന്ധി വിളിച്ചോതി ഓഹരിവിപണിയില്‍ കനത്ത ഇടിവ്. വ്യാഴാഴ്ച വ്യാപാരം തുടങ്ങിയതുമുതല്‍ വിപണിയില്‍ കനത്ത ഇടിവ് പ്രകടമായി. വൈകിട്ടായപ്പോഴേക്കും ലോകവിപണികളിലെല്ലാം കനത്ത തകര്‍ച്ച ദൃശ്യമായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക സെന്‍സക്സ് 704.73 പോയന്റ് ഇടിഞ്ഞ് 16,361.15ലും ദേശീയസൂചിക നിഫ്റ്റി 209.60പോയന്റ് ഇടിഞ്ഞ് 4,923.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബുധനാഴ്ച ചേര്‍ന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗം അമേരിക്കന്‍ സാമ്പത്തിക മേഖല കരകയറാന്‍ വര്‍ഷങ്ങളെടുക്കുമെന്ന അനുമാനത്തിലെത്തിയതാണ് വിപണിയിലെ കനത്ത ഇടിവിന്റെ പ്രധാന കാരണം. ഗൗരവതരമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് ലോകരാഷ്ട്രങ്ങള്‍ നീങ്ങുന്നതായ സൂചനകളാണ് പുറത്തു വരുന്നത്. ലോകം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും വികസിതരാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കുകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുറകോട്ടു പോകുമെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ മുന്നറിയിപ്പുകള്‍ പുറത്തുവന്ന ഉടനെ രാജ്യങ്ങള്‍ കരുതല്‍ ധനശേഖരത്തില്‍ സൂഷ്മത പാലിക്കുകയാണ്.

ഇന്ത്യന്‍ വിപണിക്കു പുറമെ മറ്റ് ഏഷ്യന്‍ വിപണികളും കനത്ത തകര്‍ച്ച നേരിട്ടു. ജപ്പാന്‍ സൂചിക നിക്കി 2.6%വും ദക്ഷിണകൊറിയന്‍ സൂചിക കൊസ്പി 3.2%വും ഹോങ്കോങ് സൂചിക 4.9%വും ഓസ്ട്രേലിയന്‍ സൂചിക 2.2%വും ഇടിഞ്ഞു. 2009 ജൂലൈയ്ക്കു ശേഷം ഹോങ്കോങ് സൂചിക നേരിട്ട ഏറ്റവും വലിയ ഇടിവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. സിങ്കപ്പൂര്‍ , തായ്വാന്‍ , ന്യൂസിലാന്റ് സൂചികകളും തകര്‍ച്ച നേരിടുകയാണ്. അമേരിക്കന്‍ വ്യാവസായിക സൂചിക ഡൗ ജോണ്‍സ് 2.5% ഇടിവോടെയാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇറ്റലിയുടെ ക്രഡിറ്റ് റേറ്റിങ് തരംതാഴ്ത്തപ്പെട്ടതും ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയും യൂറോപ്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു. പ്രമുഖ യൂറോപ്യന്‍ വിപണികളെല്ലാം കനത്ത തകര്‍യോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

deshabhimani news

1 comment:

  1. ആഗോള സാമ്പത്തിക മേഖലയിലെ പ്രതിസന്ധി വിളിച്ചോതി ഓഹരിവിപണിയില്‍ കനത്ത ഇടിവ്. വ്യാഴാഴ്ച വ്യാപാരം തുടങ്ങിയതുമുതല്‍ വിപണിയില്‍ കനത്ത ഇടിവ് പ്രകടമായി. വൈകിട്ടായപ്പോഴേക്കും ലോകവിപണികളിലെല്ലാം കനത്ത തകര്‍ച്ച ദൃശ്യമായി.

    ReplyDelete