Thursday, September 22, 2011

പകര്‍ച്ചവ്യാധികള്‍ നാടിനെ വിഴുങ്ങുന്നു : സര്‍ക്കാര്‍ നിസ്സംഗത വെടിയണം

സവിശേഷമായ ഭൂമിശാസ്ത്രപരവും സാമൂഹ്യവുമായ കാരണങ്ങളാല്‍ പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പടരാന്‍ സാധ്യതയുള്ള സംസ്ഥാനമായാണ് കേരളത്തെ കണക്കാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ ഏറ്റക്കുറച്ചിലുകളോടെ ഉണ്ടാകാറുമുണ്ട്. ഇത്തരം അവസരങ്ങളില്‍ പ്രതിരോധ-നിയന്ത്രണ-ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് രോഗങ്ങളെ നിയന്ത്രണവിധേയമാക്കുകയും ആളപായനിരക്ക് കുറയ്ക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ കടമ. എന്നാല്‍ , സര്‍ക്കാര്‍ സംവിധാനവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിശ്ചലമായതോടെ കഴിഞ്ഞ ഒരു ദശവര്‍ഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ സ്ഥിതി ഇപ്പോള്‍ സംസ്ഥാനത്ത് സംജാതമായിരിക്കുകയാണ്. എലിപ്പനിയും കോളറയും ഡിഫ്തീരിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭീതിജനകമാംവിധമാണ് പടര്‍ന്നു പിടിക്കുന്നത്. ലോകത്താദ്യമായി ചിക്കുന്‍ഗുനിയ പ്രത്യക്ഷപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കകം അത് കേരളത്തിലുമെത്തിയിരുന്നു. എച്ച്1 എന്‍1 രോഗത്തിന്റെയും സ്ഥിതി ഭിന്നമായിരുന്നില്ല. ഈ രണ്ട് ഘട്ടത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു.

വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ നേരിട്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ചിക്കുന്‍ഗുനിയയെയും എച്ച്1 എന്‍1 നെയും നിയന്ത്രിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്താകെ നടന്നത്. പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത ഏറെയുള്ള സംസ്ഥാനമെന്ന ജാഗ്രതയോടെ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്‍ സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ രോഗപ്രതിരോധ നിയന്ത്രണ സെല്‍ രൂപീകരിച്ചു. ജില്ലാതലത്തിലും യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു. ഏതെങ്കിലും മുക്കിലോ മൂലയിലോ നേരിയ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ അതിന്റെ വിവരം സ്റ്റേറ്റ് സെല്ലിലും അതുവഴി വകുപ്പുതലവന്മാര്‍ക്കും മന്ത്രിക്കും ഉള്‍പ്പെടെ ലഭ്യമാക്കിക്കൊണ്ട് തുടര്‍നപടി സ്വീകരിച്ചു. ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ കോളറ പ്രത്യക്ഷപ്പെട്ടപ്പോഴും തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ മലേറിയ പ്രത്യക്ഷപ്പെട്ടപ്പോഴും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഇതിനുദാഹരണങ്ങളാണ്. എന്നാല്‍ , എസ്സിഡിഎംസിയെ യുഡിഎഫ്സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ നിര്‍ജീവമാക്കി.

ആരോഗ്യവകുപ്പിനു കീഴില്‍ 15,000 പൊതുജനാരോഗ്യപ്രവര്‍ത്തകരുണ്ട്. കൂടാതെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വേറെ. ഒരു വാര്‍ഡിന് ചുരുങ്ങിയത് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ എന്നതോതില്‍ . കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ആശ വളന്റിയര്‍മാര്‍ , അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം സംയോജിപ്പിച്ചുകൊണ്ടാണ് അഞ്ചു വര്‍ഷവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യക്ഷേമവകുപ്പ് തുടങ്ങിയവയെല്ലാം ഏകോപിതമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇതിന്റെ ഗുണഫലമാണ് രോഗം നിയന്ത്രിക്കാനായി എന്നത്. കഴിഞ്ഞ വര്‍ഷം ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി എന്നീ നാല് രോഗത്തെ പ്രതിരോധിക്കുന്നതിന് നടത്തിയ ഫോര്‍ പ്ലസ് തീവ്രയജ്ഞ പരിപാടി ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഓരോ വര്‍ഷവും മഴക്കാലത്തിനുമുമ്പ് നടന്ന മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ , ഡ്രൈഡേ പരിപാടികള്‍ എന്നിവയെല്ലാം ഏറെ പ്രയോജനംചെയ്തു. രോഗം പടരുന്നത് ശ്രദ്ധയില്‍പ്പെടുമ്പോള്‍ അതതു സ്ഥലങ്ങളില്‍ വ്യാപകമായ മെഡിക്കല്‍ക്യാമ്പുകള്‍ നടത്തി. ആയുര്‍വേദം, ഹോമിയോ, അലോപ്പതി ചികിത്സാരീതികളെ കൂട്ടിയോജിപ്പിച്ച് നടന്ന ഇത്തരം ക്യാമ്പുകള്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസപ്രദമായി. രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സ നല്‍കുന്നതിലൂടെ രോഗി ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത് തടയാനായി. ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതും പ്രധാന കാര്യമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എലിപ്പനി ബാധിച്ച് രോഗികള്‍ തുടര്‍ച്ചയായി മരിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാട്ടുന്ന ഉദാസീനതയുടെ തെളിവാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ മരണനിരക്ക് ഇത്രയും ഉയര്‍ന്ന ഒരു ഘട്ടവുമുണ്ടായിട്ടില്ല. ആശുപത്രികളില്‍ അണുബാധ സാധ്യത മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. സന്ദര്‍ശകരുടെ നിയന്ത്രണത്തിലൂടെയും പരിസര ശുചീകരണത്തിലൂടെയും മുന്‍ സര്‍ക്കാരിന്റെ കാലത്ത് അണുബാധ തടയുന്നതിന് സ്വീകരിച്ച നടപടി പാടെ അട്ടിമറിക്കപ്പെട്ടു. മരുന്നുക്ഷാമം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി. മൂന്നു മാസത്തെ മരുന്ന് മുന്‍കൂര്‍ സ്റ്റോക് ചെയ്താണ് എല്‍ഡിഎഫ് ഭരണകാലത്ത് ആശുപത്രികളില്‍ മരുന്നുലഭ്യത ഉറപ്പുവരുത്തിയത്. ഈ സാമ്പത്തികവര്‍ഷം ഇതുവരെയും മരുന്ന് എത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കഴിഞ്ഞിട്ടില്ല.

മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മറ്റ് റഫറല്‍ ആശുപത്രികളിലും അടിസ്ഥാന സൗകര്യ വികസനത്തിനും ശക്തമായ ഊന്നലാണ് മുന്‍ സര്‍ക്കാര്‍ നല്‍കിയത്. ഓരോ ആശുപത്രിയിലും ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും ഏര്‍പ്പെടുത്തി. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഫലപ്രദമായി നടപ്പാക്കിക്കൊണ്ട് ആശുപത്രികള്‍ക്ക് യഥേഷ്ടം ഫണ്ട് ലഭ്യമാക്കി. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കുമാത്രം രണ്ടു കോടി രൂപയാണ് ആര്‍എസ്ബിവൈ പദ്ധതിയിലൂടെ ലഭിച്ചത്. ഓരോ ഘട്ടത്തിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ഓരോ ആശുപത്രിയിലും ലഭ്യമാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ എന്‍ആര്‍എച്ച്എം ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചും മാനവവിഭവശേഷി വര്‍ധിപ്പിച്ചും മുന്‍സര്‍ക്കാര്‍ ജനകീയാരോഗ്യമേഖലയെ പുനരുജ്ജീവിപ്പിച്ചു. പുതുതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും മുന്‍ സര്‍ക്കാര്‍ ഒരുക്കിയ അടിത്തറയില്‍നിന്നുകൊണ്ട് എളുപ്പത്തില്‍ രോഗപ്രതിരോധ-നിയന്ത്രണ-ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിച്ച് പകര്‍ച്ചവ്യാധി ഭീഷണിയില്‍നിന്ന് നാടിനെയും ജനങ്ങളെയും മോചിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു നടപടിയുമുണ്ടായില്ല.

അതിവേഗം ബഹുദൂരം പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ഈ സര്‍ക്കാരിനു കീഴില്‍ ആരോഗ്യവകുപ്പ് അതിവേഗം പിറകോട്ടാണ് ദൂരംതാണ്ടുന്നത്. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയെന്നു പറഞ്ഞാല്‍മാത്രം പോരാ. ആ ജാഗ്രത ജനങ്ങളിലെത്തുന്നുണ്ടെന്ന് ബോധ്യപ്പെടണം. രോഗം ബാധിച്ചവര്‍ക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്നതാണ് മരണനിരക്ക് ഉയരാന്‍ കാരണമെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ തെറ്റില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടുത്ത കാലത്തൊന്നും ഇങ്ങനെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരും ജനപ്രതിനിധികളും ഓരോ ജില്ലയിലും നേരിട്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. രോഗബാധ കൂടുതല്‍ പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളില്‍ മുഖ്യമന്ത്രിതന്നെ നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

ഇപ്പോള്‍ സംസ്ഥാനത്ത് അതീവ രൂക്ഷമായ സാഹചര്യം ഉണ്ടായിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. ഇതിനു പരിഹാരം കാണാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടേ പറ്റൂ. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, സാമൂഹ്യക്ഷേമവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, ജലവിഭവവകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് കൂട്ടായ പ്രവര്‍ത്തനം അടിയന്തരമായും നടത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. സര്‍ക്കാരും ആരോഗ്യവകുപ്പും നിസ്സംഗത വെടിയണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചും മുന്‍ സര്‍ക്കാരിന്റെ കാലത്ത് സജീവമായിരുന്ന വാര്‍ഡുതല ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയെ പുനരുജ്ജീവിപ്പിച്ചും ഈ പ്രതിസന്ധി തരണംചെയ്യാന്‍ കഴിയും. കൂടാതെ ആശുപത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാനും മരുന്ന് ലഭ്യമാക്കാനും സര്‍ക്കാര്‍ ആത്മാര്‍ഥത കാട്ടണം. ആശ വളന്റിയര്‍മാരെയും പൊതുജനാരോഗ്യ പ്രവര്‍ത്തകരെയും അങ്കണവാടി പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയുമെല്ലാം കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആരോഗ്യവകുപ്പിനു കഴിയണം.

പി കെ ശ്രീമതി deshabhimani 220911

1 comment:

  1. സവിശേഷമായ ഭൂമിശാസ്ത്രപരവും സാമൂഹ്യവുമായ കാരണങ്ങളാല്‍ പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പടരാന്‍ സാധ്യതയുള്ള സംസ്ഥാനമായാണ് കേരളത്തെ കണക്കാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ ഏറ്റക്കുറച്ചിലുകളോടെ ഉണ്ടാകാറുമുണ്ട്. ഇത്തരം അവസരങ്ങളില്‍ പ്രതിരോധ-നിയന്ത്രണ-ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് രോഗങ്ങളെ നിയന്ത്രണവിധേയമാക്കുകയും ആളപായനിരക്ക് കുറയ്ക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ കടമ. എന്നാല്‍ , സര്‍ക്കാര്‍ സംവിധാനവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിശ്ചലമായതോടെ കഴിഞ്ഞ ഒരു ദശവര്‍ഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ സ്ഥിതി ഇപ്പോള്‍ സംസ്ഥാനത്ത് സംജാതമായിരിക്കുകയാണ്. എലിപ്പനിയും കോളറയും ഡിഫ്തീരിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭീതിജനകമാംവിധമാണ് പടര്‍ന്നു പിടിക്കുന്നത്. ലോകത്താദ്യമായി ചിക്കുന്‍ഗുനിയ പ്രത്യക്ഷപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കകം അത് കേരളത്തിലുമെത്തിയിരുന്നു. എച്ച്1 എന്‍1 രോഗത്തിന്റെയും സ്ഥിതി ഭിന്നമായിരുന്നില്ല. ഈ രണ്ട് ഘട്ടത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു.

    ReplyDelete