Friday, September 23, 2011

കോണ്‍ഗ്രസ് പരിഭ്രാന്തിയില്‍

സ്പെക്ട്രം അഴിമതിക്ക് ധനമന്ത്രിയായിരിക്കെ പി ചിദംബരം കൂട്ടുനിന്നെന്ന് സൂചിപ്പിച്ച് ധനമന്ത്രാലയം പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ച കത്ത് പുറത്തായതോടെ കോണ്‍ഗ്രസ് നേതൃത്വം പരിഭ്രാന്തിയില്‍ . ഭിന്നസ്വരത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് വക്താക്കള്‍ ചിദംബരത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ധനമന്ത്രി പ്രണബ് മുഖര്‍ജി കത്തിന്റെ കാര്യം നിഷേധിക്കാന്‍ തയ്യാറായില്ല. അതേസമയം, ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് ചിദംബരത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചിദംബരത്തെ വിളിച്ചു. ഇവരുടെ സംഭാഷണം 20 മിനിട്ട് നീണ്ടു.

27ന് താന്‍ മടങ്ങിവരുന്നതുവരെ "സംയമനം പാലിക്കാന്‍" ചിദംബരത്തെ പ്രധാനമന്ത്രി ഉപദേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖം നല്‍കാതെ ചിദംബരം സിക്കിമിലെത്തി. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിദംബരം രാജിവയ്ക്കണമെന്ന് ബിജെപി നേതാവും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനുമായ മുരളി മനോഹര്‍ ജോഷി പറഞ്ഞു. രാജിവച്ചില്ലെങ്കില്‍ ചിദംബരത്തെ പ്രധാനമന്ത്രി പുറത്താക്കണമെന്ന് എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ ജയലളിത ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയുടെ സത്യസന്ധതയിലും വിശ്വാസ്യതയിലും സംശയം വേണ്ടെന്നും രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വക്താക്കളായ അംബികാസോണിയും മനു അഭിഷേക് സിങ്വിയും പറഞ്ഞു. എല്ലാ കാര്യവും സുപ്രീംകോടതി പരിശോധിക്കുകയാണെന്നും കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തെ കുറിച്ചും അഭിപ്രായം പറയാനാകില്ലെന്നും പ്രണബ് മുഖര്‍ജി അമേരിക്കയില്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരമാണ് കത്ത് പുറത്തായത്. വിവരാവകാശ നിയമപ്രകാരം ജനങ്ങള്‍ക്ക് വലിയ അധികാരമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അതിന്റെ പേരില്‍ വലിയ വാര്‍ത്ത വന്നിരിക്കയാണ്. ധനവകുപ്പ് പ്രധാനമന്ത്രികാര്യാലയത്തിലേക്ക് അയച്ച കുറിപ്പ് ആര്‍ടിഐ അപേക്ഷപ്രകാരം ഏതോ ഒരാള്‍ക്ക് ലഭിച്ചു. അത് ഒരു കേസില്‍ തെളിവായി ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കയാണ്-ഇന്തോ-അമേരിക്കന്‍ ബിസിനസ് നേതാക്കളുമായുള്ള സംഭാഷണത്തില്‍ മുഖര്‍ജി പറഞ്ഞു. ചിദംബരത്തിനെതിരായ കുറിപ്പ് പ്രണബ്മുഖര്‍ജി പ്രത്യേക താല്‍പ്പര്യമെടുത്ത് തയ്യാറാക്കിയതു തന്നെയെന്നാണ് ഒരു വിഭാഗം നേതാക്കള്‍ വിശ്വസിക്കുന്നത്. ധനമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷവും ധനവകുപ്പുമായി ബന്ധപ്പെട്ട നയ കാര്യങ്ങളില്‍ ചിദംബരം അതിരുകവിഞ്ഞ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി പ്രണബിനു പരാതിയുണ്ടായിരുന്നു. ധനമന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ചാരസംവിധാനങ്ങള്‍ ഘടിപ്പിച്ചെന്ന സൂചന ലഭിച്ചത് പ്രകോപനമായാണ് പ്രണബ് കണ്ടത്. ചിദംബരത്തിന് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ധനവകുപ്പിന്റെ കുറിപ്പില്‍ ചിദംബരത്തിനെതിരായി ഒന്നുമില്ല-ഖുര്‍ഷിദ് പറഞ്ഞു.

deshabhimani 230911

1 comment:

  1. സ്പെക്ട്രം അഴിമതിക്ക് ധനമന്ത്രിയായിരിക്കെ പി ചിദംബരം കൂട്ടുനിന്നെന്ന് സൂചിപ്പിച്ച് ധനമന്ത്രാലയം പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ച കത്ത് പുറത്തായതോടെ കോണ്‍ഗ്രസ് നേതൃത്വം പരിഭ്രാന്തിയില്‍ . ഭിന്നസ്വരത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് വക്താക്കള്‍ ചിദംബരത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ധനമന്ത്രി പ്രണബ് മുഖര്‍ജി കത്തിന്റെ കാര്യം നിഷേധിക്കാന്‍ തയ്യാറായില്ല. അതേസമയം, ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് ചിദംബരത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചിദംബരത്തെ വിളിച്ചു. ഇവരുടെ സംഭാഷണം 20 മിനിട്ട് നീണ്ടു.

    ReplyDelete