Friday, September 23, 2011

പിള്ളയുടെ സുഖചികിത്സയ്ക്ക് സമയപരിധിയില്ലെന്ന് അധികൃതര്‍

സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ചികിത്സയ്ക്ക് കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ . കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയത് പിള്ളമാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ പി കെ രാജുവിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്.

നക്ഷത്രസൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പിള്ളയ്ക്ക് എത്രകാലം ചികിത്സ വേണ്ടിവരുമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മറുപടിയില്‍ പറയുന്നത്. രക്തത്തില്‍ ഇരുമ്പിന്റെ അംശം അമിതമായി കാണുന്ന രോഗത്തിനാണ് ബാലകൃഷ്ണപിള്ളയെ ചികിത്സയ്ക്ക് അയച്ചതത്രേ. പിള്ളയുടെ രോഗത്തിനുള്ള ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ലാത്തതിനാലാണോ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ല. രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്ന രോഗം പിള്ളയ്ക്ക് വളരെക്കാലമായി ഉള്ളതാണ്. ഇരുമ്പുപാത്രങ്ങളില്‍ പാചകംചെയ്ത ഭക്ഷണം ഒഴിവാക്കിയാല്‍ത്തന്നെ രോഗത്തിന്റെ കാഠിന്യം കുറയുമെന്ന് പിള്ളയെ ജയിലില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ഹൃദ്രോഗം എന്ന് പറഞ്ഞാണ് പിള്ളയെ വിദഗ്ധ ചികിത്സയ്ക്കായി അയച്ചത്. പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ.ജി വിജയരാഘവന്റെ ചികിത്സയില്‍ കഴിയുകയാണെന്നാണ് ഇതുവരെ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ , വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഹൃദ്രോഗത്തെക്കുറിച്ച് പറയുന്നില്ല.

പൊലീസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും കാവലിലാണ് പിള്ള കഴിയുന്നതെന്നാണ് മറുപടിയിലുള്ളത്. എന്നാല്‍ , ആശുപത്രിയിലെ ആഡംബര സ്യൂട്ട് റൂമില്‍ കഴിയുന്ന പിള്ളയ്ക്ക് പൊലീസോ ജയില്‍ ഉദ്യോഗസ്ഥരോ കാവല്‍ നില്‍ക്കുന്നില്ലെന്നാണ് വിവരം. പിള്ള കഴിയുന്ന സ്യൂട്ട് റൂമിന് ആയിരങ്ങളാണ് പ്രതിദിന വാടക. കുടിവെള്ളം ഉള്‍പ്പെടെ വീട്ടില്‍നിന്നാണ് കൊണ്ടുവരുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ള സുഖവാസത്തില്‍ കഴിയുകയാണെന്നാണ് വസ്തുത. മെഡിക്കല്‍ കോളേജില്‍ ആണെങ്കില്‍ സെല്ലില്‍ കഴിയേണ്ടിവരുമായിരുന്നു. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചുള്ള ഇളവുകള്‍മാത്രമേ പിള്ളയ്ക്ക് നല്‍കിയിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം. വസ്തുത ഇതല്ലെന്ന് ജയില്‍ അധികൃതരുടെ മറുപടിയില്‍നിന്ന് വ്യക്തമാണ്.

deshabhimani 230911

1 comment:

  1. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ചികിത്സയ്ക്ക് കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ . കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയത് പിള്ളമാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ പി കെ രാജുവിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്.

    ReplyDelete