Monday, September 5, 2011

പാമൊലിന്‍ കേസ് അട്ടിമറി: വിജിലന്‍സ് ഡയറക്ടര്‍ വീണ്ടും രേഖ ചമച്ചു

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖ ചമച്ച വിജിലന്‍സ് ഡയറക്ടര്‍ വീണ്ടും രേഖ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കി. ആദ്യത്തെ വ്യാജരേഖയെ സാധൂകരിക്കാന്‍ കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തയ്യാറാക്കിയ കത്താണ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഈ കത്ത് കൂടി പുറത്തായതോടെ പാമൊലിന്‍ കേസില്‍ നെറ്റോ നടത്തുന്ന കള്ളക്കളി കൂടുതല്‍ വ്യക്തമായി.

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് അസംബന്ധമെന്ന് പറഞ്ഞ് തിരിച്ചയച്ചതായാണ് ഡയറക്ടര്‍ ആദ്യം രേഖ ചമച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ , കോടതിയില്‍ വിജിലന്‍സ് നല്‍കിയ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ ഡയറക്ടര്‍ രേഖപ്പെടുത്തിയതായി പറയുന്ന കുറിപ്പുണ്ടായിരുന്നില്ല. ഇക്കാര്യം "ദേശാഭിമാനി" പുറത്തുകൊണ്ടുവന്നിരുന്നു. അതേതുടര്‍ന്നാണ് പുതിയ രേഖയും വാര്‍ത്തയും.

വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് എന്തിന് കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് ചോദിച്ച് എസ്പി വി എന്‍ ശശിധരന് ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നുവത്രെ. അതിന് ശശിധരന്‍ നല്‍കിയ മറുപടിയില്‍ തന്റെ ഓഫീസില്‍ പറ്റിയ അബദ്ധമാണെന്ന് സമ്മതിച്ചതായുള്ള പുതിയ കത്താണ് സൃഷ്ടിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ കുറിപ്പ് ഉള്‍പ്പെടുത്താതെ പ്രോസിക്യൂട്ടറുടെ കുറിപ്പ് മാത്രം ഉള്‍പ്പെടുത്തിയെന്നാണ് ഡയറക്ടര്‍ക്കു വേണ്ടി സൂപ്രണ്ട് ഇപ്പോള്‍ കത്ത് നല്‍കിയത്. എന്നാല്‍ , പ്രോസിക്യൂട്ടറുടെ ആമുഖ കത്തിന് താഴെയാണ് ഡയറക്ടര്‍ തിരിച്ചയക്കുന്നതായുള്ള കുറിപ്പ് എഴുതിച്ചേര്‍ത്തത്. ഈ കുറിപ്പ് ഇല്ലാതെ പ്രോസിക്യൂട്ടറുടെ ആമുഖ കത്തും കുറിപ്പും നല്‍കിയെന്നതിന് ഒരടിസ്ഥാനവുമില്ല.

മെയ് ഏഴിനാണ് ഡയറക്ടര്‍ക്ക് പ്രോസിക്യൂട്ടര്‍ കുറിപ്പ് നല്‍കിയത്. ഈ കുറിപ്പ് അസംബന്ധമാണെന്ന് പറഞ്ഞ് മെയ് എട്ടിന് തന്നെ തിരിച്ചയച്ചുവെന്ന് ഡയറക്ടര്‍ പറയുന്നു. എന്നാല്‍ , പ്രോസിക്യൂട്ടറുടെ കുറിപ്പിലെ പത്താമത്തെ നിര്‍ദേശമനുസരിച്ച്, പാമൊലിന്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് വാര്‍ത്തകള്‍ എഴുതിയ കേരളകൗമുദിയുടെ അന്നത്തെ ലേഖകനില്‍ നിന്നും സൂപ്രണ്ട് മൊഴിയെടുത്തിട്ടുണ്ട്. കൂടാതെ, അന്നത്തെ പത്രങ്ങളും തൊണ്ടിയായി ഹാജരാക്കി. പ്രോസിക്യൂട്ടറുടെ കുറിപ്പിലെ നിര്‍ദേശം പരിഗണിച്ച് മെയ് ഒമ്പതിനാണ് രേഖകള്‍ തയ്യാറാക്കി കോടതിയില്‍ നല്‍കിയത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ തെളിവില്ലെന്ന് കാണിച്ച് ഏപ്രില്‍ 27ന് മംഗളം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ വിശദാംശങ്ങള്‍ എന്താണെന്ന് ആരാഞ്ഞ് ഡയറക്ടര്‍ എഴുതിയ കത്തും അതിനുള്ള സൂപ്രണ്ടിന്റെ മറുപടിയും ഉള്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് തള്ളിയെന്ന ഡയറക്ടറുടെ കുറിപ്പ് മാത്രംവച്ചില്ലെന്ന് പറയുന്നത് അവിശ്വസനീയം.

അന്വേഷണഘട്ടത്തില്‍ ലഭിക്കുന്ന തെളിവുകളും രേഖകളും കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ . എന്നാല്‍ , ഡയറക്ടറുടെ ഈ കുറിപ്പ് കേസ് ഡയറിയില്‍ ഇല്ല. ക്രിമിനല്‍ നടപടി ചട്ടം 24(8) അനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമോപദേശം തേടണം. വിജിലന്‍സ് വകുപ്പിന്റെ 3-2006ലെ എക്സിക്യൂട്ടീവ് ഡയറക്ടീവ് അനുസരിച്ചും അഡീഷണല്‍ ലീഗല്‍ അഡൈ്വസറുടെ ഉപദേശം തേടണം. ആ നിയമോപദേശം റിപ്പോര്‍ട്ടിനൊപ്പംവയ്ക്കുകയും വേണം. പാമൊലിന്‍ കേസില്‍ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാണ്. ഇതനുസരിച്ചാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് ആമുഖ കത്ത് ഉള്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി റിപ്പോര്‍ട്ട് തള്ളിയപ്പോള്‍ മുഖം രക്ഷിക്കാനാണ് പ്രോസിക്യൂട്ടറുടെ കുറിപ്പ് തള്ളിയിരുന്നതായി വ്യാജരേഖ ചമച്ചത്. അതും പൊളിഞ്ഞതോടെയാണ് പുതിയ വാര്‍ത്ത ചമയ്ക്കല്‍ .
deshabhimani 050911

1 comment:

  1. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖ ചമച്ച വിജിലന്‍സ് ഡയറക്ടര്‍ വീണ്ടും രേഖ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കി. ആദ്യത്തെ വ്യാജരേഖയെ സാധൂകരിക്കാന്‍ കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തയ്യാറാക്കിയ കത്താണ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഈ കത്ത് കൂടി പുറത്തായതോടെ പാമൊലിന്‍ കേസില്‍ നെറ്റോ നടത്തുന്ന കള്ളക്കളി കൂടുതല്‍ വ്യക്തമായി.

    ReplyDelete