Monday, September 5, 2011

തൊഴിലുറപ്പുപദ്ധതി തകര്‍ക്കാന്‍ ശ്രമം: പിണറായി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പ്രഥമ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതൊന്നും പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. അതത് സംസ്ഥാനത്തുള്ള മിനിമം കൂലിപോലും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉറപ്പാക്കാന്‍ തയ്യാറാകുന്നില്ല. പകരം, പദ്ധതിക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ്. ഇതേ നിലപാടാണ് യുഡിഎഫ് സര്‍ക്കാരും സ്വീകരിക്കുന്നത്. പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടിയില്ല. പേരു ചേര്‍ത്ത് 15 ദിവസത്തിനകം ജോലി നല്‍കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. തൊഴിലിടങ്ങളില്‍ കുടിവെള്ളം, വിശ്രമ സൗകര്യം, പ്രഥമ ശുശ്രൂഷ തുടങ്ങിയ അടിയന്തര പ്രാഥമിക സൗകര്യങ്ങളൊന്നും ലഭ്യമല്ല. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ക്ക് പരിമിതമായ സഹായമാണ് നല്‍കുന്നത്. ഒരുലക്ഷം രൂപയെങ്കിലും സഹായം നല്‍കണമെന്ന ആവശ്യത്തിന് ചെവികൊടുക്കാനും സര്‍ക്കാര്‍ തയ്യാറല്ല. പദ്ധതിക്ക് ആവശ്യമായ ജീവനക്കാരെയും നിയമിക്കുന്നില്ല. നഗര തൊഴിലുറപ്പ് പദ്ധതിയിലും താല്‍പ്പര്യം കാട്ടുന്നില്ല.

പദ്ധതി നിലനിര്‍ത്താന്‍ ശക്തമായ ജനകീയ സമ്മര്‍ദം ഉയര്‍ന്നുവരണം. തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ , കുത്തകകള്‍ക്കായി ശതകോടികളാണ് സബ്സിഡിയായി നല്‍കുന്നത്. ഇന്ധന സബ്സിഡിയില്‍ 1500 കോടിയും, രാസവള സബ്സിഡി 4900 കോടിയും ഭക്ഷ്യ സബ്സിഡി 27 കോടിയും വെട്ടിക്കുറച്ച സര്‍ക്കാര്‍ , പരോക്ഷ നികുതിയിലൂടെ 11,800 കോടി രൂപയുടെ ബാധ്യത സാധാരണക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. എന്നാല്‍ , കുത്തകകള്‍ക്ക് 15,000 കോടി രൂപയുടെ പ്രത്യക്ഷ നികുതി ഇളവും നല്‍കി. 2010-11ല്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷം കോടി രൂപയുടെ നികുതി ഇളവ് നല്‍കിയപ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് മാത്രം കിട്ടിയത് 88,000 കോടിയുടെ ഇളവുകളാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

deshabhimani 050911

2 comments:

  1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പ്രഥമ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെ കൂലി 200 രൂപയായി വര്‍ധിപ്പിക്കണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പ്രഥമ സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് ചുരുങ്ങിയത് 200 ദിവസം ജോലി ലഭ്യമാക്കണം. ജോലിസമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയായി ക്രമീകരിക്കണം. ഇതര മേഖലയിലെ തൊഴിലാളികള്‍ക്കുള്ളതുപോലെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക് എംഎല്‍എ, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പ്രസിഡന്റ് എസ് രാജേന്ദ്രന്‍ അധ്യക്ഷനായി.

    ReplyDelete