Friday, September 9, 2011

വോട്ടുകോഴയില്‍ ബഹളം; വര്‍ഷകാല സമ്മേളനം പിരിഞ്ഞു

വോട്ടുകോഴ കേസിനെ ചൊല്ലിയുള്ള ഭരണപക്ഷ-പ്രതിപക്ഷ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. നിശ്ചയിച്ചതിന്റെ പകുതി ദിവസം പോലും സഭാനടപടി പൂര്‍ത്തിയാക്കാതെയാണ് വര്‍ഷകാല സമ്മേളനം അവസാനിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ലോക്സഭ ചേര്‍ന്നപ്പോള്‍ തന്നെ വോട്ടുകോഴ കേസില്‍ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ ബഹളം തുടങ്ങി. ചോദ്യോത്തരവേള നിര്‍ത്തിയശേഷം ലോക്സഭ 12നു വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി നടത്തിയ പ്രശ്നം കൂടുതല്‍ ബഹളത്തിന് ഇടയാക്കി. വോട്ടുകോഴ കേസില്‍ അഴിമതി ചൂണ്ടിക്കാട്ടിയവരെയാണ് സര്‍ക്കാര്‍ അറസ്റ്റുചെയ്തതെന്ന് അദ്വാനി പറഞ്ഞു. പണം കൊടുത്ത് എംപിമാരെ വാങ്ങാന്‍ നേതൃത്വം കൊടുത്തവര്‍ സഭയില്‍ മാന്യന്മാരായി ഇരിക്കുകയാണ്. ജനാധിപത്യത്തിന്റെ ഭാഗമായാണ് രണ്ട് എംപിമാര്‍ അന്ന് അഴിമതി സഭയില്‍ ചൂണ്ടിക്കാട്ടിയത്. അവര്‍ ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പ്രതിപക്ഷനേതാവായിരുന്ന താനാണ് തെളിവ് സഭയില്‍ ഹാജരാക്കാന്‍ അവരോടു പറഞ്ഞത്. ഇപ്പോള്‍ സര്‍ക്കാര്‍ എടുത്ത നിലപാടു പ്രകാരം താനും പ്രതിയാണ്, തന്നെ അറസ്റ്റുചെയ്യാന്‍ അദ്വാനി വെല്ലുവിളിച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ അദ്വാനിയെ പ്രസംഗം തുടരാനാകാത്തവിധം ബഹളം വച്ചു. തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. 12.55ന് വീണ്ടും ചേര്‍ന്ന് അവശ്യനടപടി പൂര്‍ത്തിയാക്കിയ ശേഷം സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.

അടിയന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു. വര്‍ഷകാല സമ്മേളനത്തില്‍ 26 സിറ്റിങ്ങിലായി 104 മണിക്കൂറാണ് സഭ ചേരേണ്ടിയിരുന്നതെങ്കിലും 51 മണിക്കൂര്‍ സ്തംഭനം മൂലം നഷ്ടമായി. പകുതിയോളം ദിവസം സ്തംഭിച്ചതായും സ്പീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചോദ്യോത്തരം തടസ്സപ്പെടുത്തുന്ന പ്രവണത പാര്‍ലമെന്ററി സംവിധാനത്തിന് നല്ലതല്ല. ശീതകാലസമ്മേളനത്തില്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല-മീരാകുമാര്‍ പറഞ്ഞു. എന്നാല്‍ , സമ്മേളനം അലങ്കോലമാക്കിയത് സര്‍ക്കാരും ബിജെപിയും നടത്തിയ ഒത്തുകളിയാണെന്ന് പല ഗുരുതരമായ അഴിമതി പ്രശ്നങ്ങളും ചര്‍ച്ചയ്ക്കു വന്നപ്പോള്‍ വ്യക്തമായതായി സിപിഐ എം സഭാ നേതാക്കളായ സീതാറാംയെച്ചൂരിയും ബസുദേവ്ആചാര്യയും പറഞ്ഞു. വിലക്കയറ്റപ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ ഒത്തുകളി പ്രകടമായിരുന്നു. എല്ലാ അഴിമതിയിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ പങ്കുണ്ടെന്നും അതുകൊണ്ടാണ് ഈ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിച്ചതെന്നും യെച്ചൂരിയും ബാസുദേവ് ആചാര്യയും പറഞ്ഞു. കൊല്‍ക്കൊത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസ് സൗമിത്രാസെന്നിനെ കുറ്റവിചാരണ നടത്തി രാജ്യസഭ ചരിത്രത്തില്‍ ഇടംനേടി. രാജ്യം ഇളകി മറിഞ്ഞ അണ്ണ ഹസാരെ പ്രക്ഷോഭത്തെ തുടര്‍ന്ന് ലോക്പാല്‍ബില്‍ പാസാക്കുമെന്ന് പാര്‍ലമെന്റ് ഉറപ്പുനല്‍കി. വിലക്കയറ്റം തടയാനോ അഴിമതി നിയന്ത്രിക്കാനോ കാര്യമായ നടപടിക്ക് മുതിരുന്നുവെന്ന സൂചന പോലും സര്‍ക്കാര്‍ സഭയില്‍ നല്‍കിയില്ല.

അമര്‍സിങ്ങിന്റെ ജയില്‍വാസം: തിഹാര്‍ അധികൃതരോട് കോടതി റിപ്പോര്‍ട്ട് തേടി


ന്യൂഡല്‍ഹി: വോട്ടുകോഴ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രാജ്യസഭാംഗം അമര്‍സിങ്ങിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പ്രത്യേക കോടതി തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. ജയിലില്‍ മോശമായ അവസ്ഥയാണെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ഹര്‍ജി പരിഗണിക്കവെയാണ് പ്രത്യേക ജഡ്ജി സംഗീത ധിംഗ്ര സെഗാള്‍ റിപ്പോര്‍ട്ട് തേടിയത്. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 13ലേക്ക് മാറ്റി. മുന്‍ ബിജെപി എംപിമാരായ മഹാബീര്‍ സിങ് ഭഭഗോറ, ഫഗന്‍സിങ് കുലസ്തെ എന്നിവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അമര്‍സിങ്ങിനെ ഏതുവിധത്തിലാണ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് ജയില്‍പുള്ളികള്‍ക്കൊപ്പം പൊതുകക്കൂസാണ് അമര്‍സിങ് ഉപയോഗിക്കുന്നതെന്നും മൂത്രനാളിയിലെ അണുബാധ വഷളാകാന്‍ ഇതിടയാക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സിംഗപ്പുരില്‍ പോയി സ്ഥിരമായി ഡോക്ടറെ കാണേണ്ട അവസ്ഥയിലാണ് അമര്‍സിങ്ങെന്നും വെള്ളിയാഴ്ച ഡോക്ടറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

deshabhimani 090911

1 comment:

  1. വോട്ടുകോഴ കേസിനെ ചൊല്ലിയുള്ള ഭരണപക്ഷ-പ്രതിപക്ഷ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. നിശ്ചയിച്ചതിന്റെ പകുതി ദിവസം പോലും സഭാനടപടി പൂര്‍ത്തിയാക്കാതെയാണ് വര്‍ഷകാല സമ്മേളനം അവസാനിപ്പിച്ചത്.

    ReplyDelete