Friday, September 9, 2011

രാഷ്ട്രപദവി: പലസ്തീന്‍ പ്രചാരണത്തിന് വികാരഭരിത തുടക്കം

റമല്ല: ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ സ്വതന്ത്ര രാഷ്ട്രപദവിക്കായുള്ള പ്രചാരണം പലസ്തീന്‍ ഔദ്യോഗികമായി ആരംഭിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനുള്ള കത്ത് റമല്ലയിലെ യുഎന്‍ ഓഫീസ് അധികൃതര്‍ക്ക് കൈമാറിക്കൊണ്ടാണ് പ്രചാരണം തുടങ്ങിയത്. ഇസ്രയേലി അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ മക്കള്‍ കൊല്ലപ്പെടുകയും തടവില്‍ അടയ്ക്കപ്പെടുകയും ചെയ്ത പലസ്തീന്‍ അമ്മമാരുടെ പ്രതീകമായി എഴുപതുകാരി ലത്തീഫ അബു ഹമീദാണ് വികാരഭരിതമായ ചടങ്ങില്‍ കത്തു കൈമാറിയത്. പോരാട്ടത്തില്‍ ലത്തീഫയുടെ ഒരു മകന്‍ കൊല്ലപ്പെടുകയും മറ്റ് ഏഴ് ആണ്‍മക്കള്‍ ഇസ്രയേലിന്റെ തടവറകളിലാകുകയും ചെയ്തു. കൂടാതെ വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി കേന്ദ്രത്തിലെ ഇവരുടെ വീട് രണ്ടു തവണ ഇസ്രയേലി സൈന്യം ഇടിച്ചുനിരത്തി.

ഈമാസം 21ന് ആരംഭിക്കുന്ന യുഎന്‍ പൊതുസഭാ വാര്‍ഷിക സമ്മേളനത്തില്‍ സ്വതന്ത്രരാഷ്ട്ര പദവി ആവശ്യപ്പെടുന്നതിന്റെ മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികള്‍ പലസ്തീന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ കോണുകളില്‍ പലസ്തീന്‍ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇസ്രയേലുമായി രണ്ടു പതിറ്റാണ്ട് നീണ്ട ചര്‍ച്ചകള്‍ ഒരു ഫലവുമുണ്ടാക്കാത്ത സാഹചര്യത്തിലാണ് പലസ്തീന്‍ യുഎന്നിനെ സമീപിക്കുന്നത്. എന്നാല്‍ , ഇസ്രയേലും അമേരിക്കയും ഇതിനെ എതിര്‍ക്കുകയാണ്. പലസ്തീന്റെ ആവശ്യത്തെ യുഎന്നില്‍ എതിര്‍ക്കാന്‍ ഇരു രാജ്യവും മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സമര്‍ദം ചെലുത്തുന്നുണ്ട്. നീക്കത്തില്‍ നിന്ന് പലസ്തീനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക നടത്തിവരുന്ന ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. ഇതേസമയം, ചേരിചേരാപ്രസ്ഥാനത്തിന്റെ (നാം) രൂപീകരണത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബല്‍ഗ്രേഡില്‍ ചേര്‍ന്ന നാം സമ്മേളനം പലസ്തീന്റെ ആവശ്യത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. 1967ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കും ഗാസയും കിഴക്കന്‍ ജറുസലേമും ചേര്‍ത്ത് സ്വതന്ത്രരാജ്യം എന്ന ആവശ്യത്തിന് ഭൂരിപക്ഷം രാജ്യങ്ങളുടെയും പിന്തുണ ഇതോടെ ഉറപ്പായി. എന്നാല്‍ , 120 അംഗ നാമില്‍ ഇരുപതോളം രാജ്യം അമേരിക്കന്‍ സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങിയേക്കുമെന്നും സൂചനയുണ്ട്. പലസ്തീന്‍ ജനതയുടെ ന്യായമായ ആവശ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ചൈന വ്യക്തമാക്കി.

ഇതിനിടെ, വെസ്റ്റ് ബാങ്കില്‍ മൂന്നിടത്തായി ജൂത കുടിയേറ്റക്കാര്‍ ആക്രമണം നടത്തി. ഒരു മുസ്ലിം പള്ളിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ എഴുതി. രണ്ടു കാര്‍ കത്തിക്കുകയും നിരവധി ഒലിവ് മരങ്ങള്‍ പിഴുതുകളയുകയും ചെയ്തു. മൂന്നു ദിവസത്തിനിടെ ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ പള്ളിയാണ് ഇത്. വെസ്റ്റ് ബാങ്കിലെ മൈഗ്രോണില്‍ നിന്ന് അനധികൃത ജൂത കുടിയേറ്റക്കാരെ ഇസ്രയേല്‍ ഒഴിപ്പിച്ചതിനാണ് പലസ്തീന്‍കാരുടെ പള്ളി നശിപ്പിച്ചത്.

deshabhimani 090911

1 comment:

  1. ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ സ്വതന്ത്ര രാഷ്ട്രപദവിക്കായുള്ള പ്രചാരണം പലസ്തീന്‍ ഔദ്യോഗികമായി ആരംഭിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനുള്ള കത്ത് റമല്ലയിലെ യുഎന്‍ ഓഫീസ് അധികൃതര്‍ക്ക് കൈമാറിക്കൊണ്ടാണ് പ്രചാരണം തുടങ്ങിയത്. ഇസ്രയേലി അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ മക്കള്‍ കൊല്ലപ്പെടുകയും തടവില്‍ അടയ്ക്കപ്പെടുകയും ചെയ്ത പലസ്തീന്‍ അമ്മമാരുടെ പ്രതീകമായി എഴുപതുകാരി ലത്തീഫ അബു ഹമീദാണ് വികാരഭരിതമായ ചടങ്ങില്‍ കത്തു കൈമാറിയത്. പോരാട്ടത്തില്‍ ലത്തീഫയുടെ ഒരു മകന്‍ കൊല്ലപ്പെടുകയും മറ്റ് ഏഴ് ആണ്‍മക്കള്‍ ഇസ്രയേലിന്റെ തടവറകളിലാകുകയും ചെയ്തു. കൂടാതെ വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി കേന്ദ്രത്തിലെ ഇവരുടെ വീട് രണ്ടു തവണ ഇസ്രയേലി സൈന്യം ഇടിച്ചുനിരത്തി.

    ReplyDelete