Wednesday, September 7, 2011

സഭാ സ്തംഭനത്തിനു പിന്നില്‍ ഒത്തുകളി: സിപിഐ എം

തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി ഒത്തുകളിയാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി, ലോക്സഭാനേതാവ് ബസുദേവ് ആചാര്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്ധ്രയിലെയും കര്‍ണാടകത്തിലെയും അനധികൃത ഖനനം മുതല്‍ 2ജി, കോമണ്‍വെല്‍ത്ത് അഴിമതികളില്‍വരെ കോണ്‍ഗ്രസിനൊപ്പം ബിജെപിക്കും പങ്കുണ്ട്. ഈ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുന്നത് ഇരുകൂട്ടരും ഇഷ്ടപ്പെടുന്നില്ല. റെഡ്ഡിസഹോദരങ്ങളുമായി ബിജെപിക്കുള്ള ബന്ധം പരസ്യമാണ്. ഗുജറാത്ത് ലോകായുക്തയുടെ പേരില്‍ തുടര്‍ച്ചയായി സഭ സ്തംഭിപ്പിക്കുന്ന രീതിയോട് യോജിപ്പില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. വിലക്കയറ്റവും അഴിമതിയും സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനിരിക്കെ സ്തംഭനത്തിന് കൂട്ടുനിന്ന് സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. പാസാകേണ്ട പല ബില്ലും ചര്‍ച്ചയ്ക്കെടുത്തിട്ടില്ല. ഇത്തരത്തില്‍ സഭ നടത്തുന്നതില്‍ അര്‍ഥമില്ല.

വിലക്കയറ്റത്തിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന പ്രമേയം വോട്ടിനിടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ബിജെപിയുമായി നടത്തിയ ഒത്തുകളിയോടെയാണ് സമ്മേളനം തുടങ്ങിയത്. സഭയുടെ അന്തസ്സിനു നിരക്കാത്തവിധമുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ലോകായുക്ത പ്രശ്നത്തില്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്രത്തിന്റെ കടന്നുകയറ്റമുണ്ട്. ബംഗാളിലും കേരളത്തിലും സര്‍ക്കാരുകളെ പിരിച്ചുവിട്ട അനുഭവമുണ്ട്. ഗുജറാത്ത് ഗവര്‍ണറുടെ നടപടി ന്യായീകരിക്കാവുന്നതല്ല. ഈ പ്രശ്നം കോടതിയിലാണെങ്കില്‍ അക്കാര്യം സഭയില്‍ പറഞ്ഞ് സര്‍ക്കാര്‍നിലപാട് വ്യക്തമാക്കണം. ജനാര്‍ദനറെഡ്ഡിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ തുകയും സ്വര്‍ണവും അനധികൃതമായി ശേഖരിച്ചതിന്റെ തുമ്പുമാത്രമാണ്. റെയ്ഡ് തുടരണമെന്നും പിടിച്ചെടുക്കുന്നവ രാജ്യത്തിന്റെ സ്വത്താക്കി മാറ്റണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ആറു വര്‍ഷംമുമ്പ് അനധികൃത ഖനനത്തിനെതിരെ സിപിഐ എം രംഗത്തുവന്നതാണ്. അന്ന് കോണ്‍ഗ്രസും ബിജെപിയും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ടീസ്ത അണക്കെട്ടിലെ വെള്ളം ബംഗ്ലാദേശിനു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നം ഗൗരവമുള്ളതാണെന്നും അതിനെ മമത ബാനര്‍ജി കൈകാര്യംചെയ്യേണ്ടത് ഇങ്ങനെ ആയിരുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

deshabhimani 070911

1 comment:

  1. തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി ഒത്തുകളിയാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി, ലോക്സഭാനേതാവ് ബസുദേവ് ആചാര്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete