Sunday, September 11, 2011

പാമൊലിന്‍ കേസ് അട്ടിമറി: വിജിലന്‍സ് പ്രോസിക്യൂഷന്‍സ് അഡീ.ഡയറക്ടറെ നിയമിക്കുന്നു

വിജിലന്‍സ് കേസുകളുടെ മേല്‍നോട്ടത്തിന് എന്ന പേരില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് (വിജിലന്‍സ്) എന്ന പുതിയ തസ്തിക സൃഷ്ടിച്ച് പാമൊലിന്‍ കേസിന്റെ വിചാരണയില്‍ ഇടപെടാന്‍ നീക്കം. പാമൊലിന്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഉപദേശം മറികടക്കാനുള്ള കുറുക്കുവഴിയായിട്ടാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്. വിജിലന്‍സ് ലീഗല്‍ അഡ്വസൈര്‍ സ്ഥാനത്തുനിന്ന് വിരമിച്ചയാളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പാമൊലിന്‍ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് മുമ്പ് നിയമോപദേശം നല്‍കിയ ആളാണ് ഇദ്ദേഹം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിയമമന്ത്രി കെ എം മാണിയും കൂടിയാലോചിച്ചാണ് വിജിലന്‍സില്‍ ഉന്നത അധികാരമുള്ള പുതിയ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. അഡ്വക്കറ്റ് ജനറല്‍ , ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് എന്നിവര്‍ക്ക് കീഴില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് (വിജിലന്‍സ്) പ്രവര്‍ത്തിക്കുമെന്നാണ് മന്ത്രിസഭാതീരുമാനം. ആദ്യമായാണ് ഇത്തരമൊരു തസ്തിക സൃഷ്ടിക്കുന്നത്. വിജിലന്‍സ് അന്വേഷണം, വിചാരണ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച് വേണമെന്ന് സാരം. പാമൊലിന്‍ കേസിന്റെ തുടര്‍ന്നുള്ള നടപടികളിലും ഈ തസ്തികയിലുള്ള മേധാവിയുടെ ഉപദേശം തേടണം. സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങാത്ത സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് മൂക്കുകയറിടാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ.

പാമൊലിന്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പിഎ അഹമ്മദിനെ നിയമപരമായി നീക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് പുതിയ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഒരിക്കല്‍ നിയമിച്ചാല്‍ പിന്നീട് തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. രാജിവയ്ക്കുകയോ മറ്റോ ചെയ്താല്‍ മാത്രമേ പകരം മറ്റൊരാളെ നിയമിക്കാന്‍ പാടുള്ളൂ. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഉപദേശം സ്വീകരിക്കണമെന്ന നിയമപരമായ ബാധ്യത മറികടക്കാന്‍ പുതിയ തസ്തിക വഴിയൊരുക്കുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. പുതിയ തസ്തിക വിജിലന്‍സ് കേസുകളുടെ മേല്‍നോട്ടത്തിനാണെന്നാണ് വയ്പ്പെങ്കിലും പാമൊലിന്‍ കേസ് തന്നെയാണ് ലക്ഷ്യം. കേസില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസറും സ്പെഷ്യല്‍ പ്രോസിക്യൂട്ടറും നിലവില്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്.

deshabhimani 100911

1 comment:

  1. വിജിലന്‍സ് കേസുകളുടെ മേല്‍നോട്ടത്തിന് എന്ന പേരില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് (വിജിലന്‍സ്) എന്ന പുതിയ തസ്തിക സൃഷ്ടിച്ച് പാമൊലിന്‍ കേസിന്റെ വിചാരണയില്‍ ഇടപെടാന്‍ നീക്കം. പാമൊലിന്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഉപദേശം മറികടക്കാനുള്ള കുറുക്കുവഴിയായിട്ടാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്. വിജിലന്‍സ് ലീഗല്‍ അഡ്വസൈര്‍ സ്ഥാനത്തുനിന്ന് വിരമിച്ചയാളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പാമൊലിന്‍ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് മുമ്പ് നിയമോപദേശം നല്‍കിയ ആളാണ് ഇദ്ദേഹം.

    ReplyDelete