ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണോ എന്ന വിഷയത്തില്‍ ദേവപ്രശ്നം നടത്തിയ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും ക്ഷേത്രഭാരവാഹികളുടെയും നടപടിക്ക് സുപ്രീംകോടതിയുടെ വിമര്‍ശം. സ്വത്തുവിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയോ അതോ ജ്യോതിഷികളോ എന്ന് സുപ്രീംകോടതി ആരാഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ അതേകാര്യത്തില്‍ ദേവപ്രശ്നം നടത്തിയ കൊട്ടാരത്തിന്റെ സമീപനം ശരിയല്ല- ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ , എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി.
മതപരമായ വിശ്വാസങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ആചാരങ്ങളെ കോടതി ബഹുമാനിക്കുന്നു. എന്നാല്‍ , കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ദേവപ്രശ്നത്തിന് പോയത് ഉചിതമല്ല. ക്ഷേത്രത്തിന്റെ സംരക്ഷണമാണ് ഉറപ്പുവരുത്തേണ്ടത്. അത് ദേവപ്രശ്നംകൊണ്ട് സാധിക്കില്ല. കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനെ രാജകുടുംബത്തിന് വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചു. രാജകുടുംബം ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് ശരിയല്ല. സ്വത്ത് പരിശോധിക്കാമെന്നും പ്രദര്‍ശിപ്പിക്കാമെന്നും ഒരു ഘട്ടത്തില്‍ പറഞ്ഞു. പിന്നെ ദേവപ്രശ്നത്തിന് പോയി. ഇതുകൊണ്ടാണ് പൊതുസമൂഹത്തില്‍നിന്ന് വിമര്‍ശമുണ്ടാകുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി കര്‍ശനമായി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കോടതി നിര്‍ദേശപ്രകാരം വിദഗ്ധസമിതി നടത്തുന്ന കണക്കെടുപ്പിന് ആവശ്യമായ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം- കോടതി നിര്‍ദേശിച്ചു.
സി വി ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ സമീപനത്തെയും കോടതി വിമര്‍ശിച്ചു. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ക്ഷേത്രപൂജാരിക്ക് വിട്ടത് ഉചിതമായില്ല. ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് സമിതി പുറംകരാറായി ഏല്‍പ്പിക്കുക- കോടതി ചോദിച്ചു. കേസ് 12ന് പരിഗണിക്കാനായി കോടതി മാറ്റി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് രാജകുടുംബം കോടതിയില്‍ പറഞ്ഞു. കൊട്ടാരത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ് പരാതി അറിയിച്ചത്. അച്യുതാനന്ദന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നും ഇക്കാര്യത്തില്‍ നടപടിയുമായി മുന്നോട്ടുപോകേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു. രാജകുടുംബം ഇടയ്ക്കിടെ നിലപാട് മാറ്റുന്നതുകൊണ്ടാണ് വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്ന് കോടതി പ്രതികരിച്ചു. പലരില്‍നിന്നും അഭിപ്രായം കേള്‍ക്കേണ്ടി വരുന്നുണ്ടെന്നും പ്രായാധിക്യമുള്ള രാജാവ് ഇതിന്റെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. യോഗ്യരായവരില്‍നിന്ന് അഭിപ്രായം സ്വീകരിക്കാനും കേസ് വീണ്ടും കേള്‍ക്കുമ്പോള്‍ നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
(എം പ്രശാന്ത്)
deshabhimani 030911
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണോ എന്ന വിഷയത്തില്‍ ദേവപ്രശ്നം നടത്തിയ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും ക്ഷേത്രഭാരവാഹികളുടെയും നടപടിക്ക് സുപ്രീംകോടതിയുടെ വിമര്‍ശം. സ്വത്തുവിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയോ അതോ ജ്യോതിഷികളോ എന്ന് സുപ്രീംകോടതി ആരാഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ അതേകാര്യത്തില്‍ ദേവപ്രശ്നം നടത്തിയ കൊട്ടാരത്തിന്റെ സമീപനം ശരിയല്ല- ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ , എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി.
ReplyDelete