Saturday, September 3, 2011

യു ഡി എഫ് വാമനവല്‍ക്കരിച്ച ഓണക്കാലം

കേരളം വീണ്ടുമൊരു ഓണക്കാലത്തേക്കു കടക്കുകയാണ്. പൊള്ളുന്ന വിലക്കയറ്റം ആഘോഷങ്ങളുടെ നിറം കവരുന്ന മറ്റൊരു ഓണക്കാലം. ഓണാഘോഷത്തിലേയ്ക്കു പ്രവേശിക്കുന്ന മലയാളിക്ക് വീണ്ടും ഒരു ഇരുട്ടടിയായി പാലിന് ലിറ്ററിനു അഞ്ചുരൂപ വിലകൂട്ടി. ഭക്ഷ്യവില വര്‍ധന ഒരിക്കല്‍ക്കൂടി ഇരട്ടസംഖ്യയില്‍ തിരിച്ചെത്തി. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ ആദ്യമായാണ് ഭക്ഷ്യവില വര്‍ധന ഇരട്ട സംഖ്യയിലെത്തുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും മലയാളിയുടെ ഓണാഘോഷം സുഗമമാക്കുന്നതിനും ആത്മാര്‍ഥവും നിശ്ചയദാര്‍ഢ്യത്തോടുകൂടിയതുമായ നടപടികള്‍ സ്വീകരിക്കാന്‍ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ വിസമ്മതിക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് പാല്‍വില വര്‍ധിപ്പിക്കുന്നതിനെതിരെ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്നതില്‍ ഗവണ്‍മെന്റിന് ഹൈക്കോടതിയിലുണ്ടായ പരാജയം.

ഹൈക്കോടതിയില്‍ എല്ലാ അര്‍ഥത്തിലും ഗവണ്‍മെന്റും മില്‍മയും ഒത്തുകളിക്കുകയായിരുന്നുവെന്ന് ജനങ്ങള്‍ കരുതുന്നതിന് അവരെ കുറ്റപ്പെടുത്താനാവില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണകാലത്തും പാല്‍വില ഉയര്‍ത്താന്‍ ഗവണ്‍മെന്റിന്റെമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. അതിനെ ശക്തമായി ചെറുക്കാനും വിലവര്‍ധന തടയാനും അന്നത്തെ ഗവണ്‍മെന്റിനും മൃഗസംരക്ഷണം ക്ഷീര വികസന വകുപ്പുമന്ത്രിയായിരുന്ന സി ദിവാകരനും കഴിഞ്ഞിരുന്നു. വില വര്‍ധിപ്പിക്കുന്നതുകൊണ്ട് കേരളത്തിലെ കര്‍ഷകനു യാതൊരു പ്രയോജനവും ലഭിക്കില്ലെന്ന നിലപാടാണ് മന്ത്രിയും ഗവണ്‍മെന്റും ഉടനീളം സ്വീകരിച്ചുപോന്നിരുന്നത്.

ആ നിലപാട് യാഥാര്‍ഥ്യമായിരുന്നുവെന്ന് വസ്തുതകള്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ വര്‍ധിപ്പിച്ച അഞ്ചുരൂപയില്‍ 4.20 കര്‍ഷകനും ലഭിക്കുമെന്നാണ് മില്‍മയുടെ വാദഗതി. എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്ത് പാല്‍വില രണ്ടുരൂപ ഉയര്‍ത്തി 20 ല്‍ നിന്ന് 22 ആക്കിയിരുന്നു. അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. 22 രൂപയ്ക്ക് പാല്‍  വിറ്റപ്പോള്‍ കര്‍ഷകന് 14 രൂപ മുതല്‍ 16 രൂപ വരെ മാത്രമാണ് പ്രതിഫലം ലഭിച്ചിരുന്നത്. കാലിത്തീറ്റ, തീറ്റപുല്‍, പരിചരണ ചിലവുകള്‍ എന്നിവ കഴിച്ചാല്‍ കര്‍ഷകനു ലഭിച്ചിരുന്നത് കണ്ണീരും കഷ്ടപ്പാടും മാത്രമാണ്.

മില്‍മ ക്ഷീരകര്‍ഷകരോട് തികഞ്ഞ കുത്തക കോര്‍പ്പറേറ്റിനെപ്പോലെയാണ് പെരുമാറുന്നത്. കേരളത്തിന്റെ പാലുല്‍പ്പാദനം മൊത്തം ആവശ്യത്തിന്റെ 40 ശതമാനത്തില്‍ താഴെ മാത്രമാണ്. അന്യം നില്‍ക്കുന്ന ഒരു ഗ്രാമീണ തൊഴില്‍ മേഖല എന്ന നിലയില്‍ കര്‍ഷകനെ സഹായിക്കുന്നതും അവനോട് അനുഭാവപൂര്‍വം പെരുമാറുന്നതുമായ ഒരു സമീപനമല്ല മില്‍മ അനുവര്‍ത്തിച്ചുവരുന്നത്. ക്ഷീര കര്‍ഷകരെ വിസ്മരിച്ച ഒരു കോര്‍പ്പറേറ്റ് ബ്യൂറോക്രസിയായി അത് മാറിയിരിക്കുന്നു.

സംസ്ഥാനത്തിന്റെ ആവശ്യത്തിനു കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് മില്‍മ മൊത്തമായി പാല്‍ ഇറക്കുമതി ചെയ്യുന്നത്. അതില്‍ നിന്നു ലഭിക്കുന്ന വന്‍ലാഭം ക്ഷീര കര്‍ഷക ക്ഷേമത്തിനു പ്രയോജനപ്പെടുന്നില്ല. കേരളത്തില്‍ തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പല ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളും അവരുടെ പ്രവര്‍ത്തനത്തില്‍ മുന്‍ഗണന നല്‍കുന്നത് ക്ഷീരോല്‍പ്പാദന മേഖലയുടെ നിലനില്‍പ്പും കര്‍ഷക ക്ഷേമവുമാണെന്നത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മില്‍മയുടെ പ്രവര്‍ത്തനമാകെ വിമര്‍ശനാത്മക വിലയിരുത്തലിനും സംഘടനയുടെ ഉടച്ചുവാര്‍ക്കലിനും വിധേയമാക്കണം.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഓണമടക്കം ഉത്സവവേളകളില്‍ വിലനിയന്ത്രിക്കാനും പാവപ്പെട്ട വലിയൊരു ജനവിഭാഗത്തിന് ആശ്വാസം പകരാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനു കഴിഞ്ഞിരുന്നു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ ഓണാഘോഷം ഉറപ്പുവരുത്തുന്നതിന് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനു കഴിഞ്ഞു. യു ഡി എഫ് ആകട്ടെ വിതരണം ചെയ്യുന്ന കിറ്റുകളിലെ അവശ്യ വസ്തുക്കളുടെ അളവ്, ഗുണമേന്മ, എണ്ണം എന്നിവയിലെല്ലാം കുറവുവരുത്തി അതിനെ മറ്റൊരു വഞ്ചനയാക്കി മാറ്റിയിരിക്കുന്നു.
വിലക്കുറവും സമൃദ്ധിയുമായിരുന്നു സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കൃഷിവകുപ്പും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും ഓണചന്തകളുടെ മുഖമുദ്രയെങ്കില്‍ യു ഡി എഫ് അവയെ എല്ലാം വാമനവല്‍ക്കരിച്ചിരിക്കുന്നു. അതാവട്ടെ വിലക്കയറ്റത്തിന്റെയും ദൗര്‍ലഭ്യത്തിന്റെയും ചിത്രമാണ് കാഴ്ചവെയ്ക്കുന്നത്.
യു പി എ - യു ഡി എഫ് ഗവണ്‍മെന്റുകളുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളാണ് വിലക്കയറ്റത്തിനു കാരണം. ആ നയങ്ങള്‍ തിരുത്തിയെ മതിയാവു. അതിനായില്ലെങ്കില്‍ ഈ ഗവണ്‍മെന്റുകള്‍ക്കെതിരെ ജനരോഷം ആളിപ്പടരും. വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് അടിയന്തര നടപടികള്‍ സ്വീകരിക്കണം. പാല്‍വില ഉയര്‍ത്തിയ ഹൈക്കോടതി വിധിക്കെതിരെ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി അപ്പീല്‍ നല്‍കണം. അതിനു ജനപക്ഷത്തുനിന്ന് ഗവണ്‍മെന്റ് സത്യസന്ധത തെളിയിക്കണം.

janayugom editorial 030911

1 comment:

  1. കേരളം വീണ്ടുമൊരു ഓണക്കാലത്തേക്കു കടക്കുകയാണ്. പൊള്ളുന്ന വിലക്കയറ്റം ആഘോഷങ്ങളുടെ നിറം കവരുന്ന മറ്റൊരു ഓണക്കാലം. ഓണാഘോഷത്തിലേയ്ക്കു പ്രവേശിക്കുന്ന മലയാളിക്ക് വീണ്ടും ഒരു ഇരുട്ടടിയായി പാലിന് ലിറ്ററിനു അഞ്ചുരൂപ വിലകൂട്ടി. ഭക്ഷ്യവില വര്‍ധന ഒരിക്കല്‍ക്കൂടി ഇരട്ടസംഖ്യയില്‍ തിരിച്ചെത്തി. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ ആദ്യമായാണ് ഭക്ഷ്യവില വര്‍ധന ഇരട്ട സംഖ്യയിലെത്തുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും മലയാളിയുടെ ഓണാഘോഷം സുഗമമാക്കുന്നതിനും ആത്മാര്‍ഥവും നിശ്ചയദാര്‍ഢ്യത്തോടുകൂടിയതുമായ നടപടികള്‍ സ്വീകരിക്കാന്‍ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ വിസമ്മതിക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് പാല്‍വില വര്‍ധിപ്പിക്കുന്നതിനെതിരെ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്നതില്‍ ഗവണ്‍മെന്റിന് ഹൈക്കോടതിയിലുണ്ടായ പരാജയം.

    ReplyDelete