Wednesday, September 7, 2011

പിടിപ്പുകേടിന്റെ ആവര്‍ത്തനം

തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങള്‍ തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയമായതിനാല്‍ തലസ്ഥാനത്ത് ഏറ്റവും ശക്തമായ സുരക്ഷാസംവിധാനം നിലവിലുള്ളപ്പോഴാണ് 11 പേരുടെ മരണത്തിനിടയാക്കി ഹൈക്കോടതി പരിസരത്ത് ബോംബ് സ്ഫോടനമുണ്ടായത്. അതും പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത്. സുപ്രീംകോടതിയും ഇന്ത്യാഗേറ്റും സ്ഫോടനം നടന്ന സ്ഥലത്തിന്റെ ഇരുവശത്താണ്.

രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുമെന്ന വാഗ്ദാനത്തോടെയാണ് പി ചിദംബരം 2008ല്‍ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റത്. മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശിവരാജ്പാട്ടീലിനെ മാറ്റിയാണ് ചിദംബരത്തെ അവരോധിച്ചത്. രാവിലെ കൃത്യസമയത്ത് നോര്‍ത്ത്ബ്ലോക്കിലെ ഓഫീസിലെത്തി, മാസാവസാനം മാധ്യമങ്ങള്‍ക്കുമുമ്പില്‍ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കി ശിവരാജ്പാട്ടീലില്‍നിന്ന് വ്യത്യസ്തനാണ് താനെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിദംബരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ , ഭീകരാക്രമണത്തില്‍മാത്രം കുറവുണ്ടായില്ല.

ചിദംബരം അധികാരമേറ്റയുടന്‍ അസമിലെ ഗുവാഹത്തിയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. തുടര്‍ന്ന് പുണെയിലും മുംബൈയിലും ഡല്‍ഹിയിലെ ഹൈക്കോടതിക്ക് മുമ്പിലും സ്ഫോടനമുണ്ടായി.&ാറമവെ;മുംബൈ സ്ഫോടനം നടത്തിയവര്‍ ആരെന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം ഇപ്പോഴും ഇരുട്ടില്‍തപ്പുകയാണ്. മറ്റു സ്ഫോടനങ്ങളെക്കുറിച്ചും സൂചനയൊന്നുമില്ല. മെയ് മാസത്തില്‍ സ്ഫോടനമുണ്ടായ അതേസ്ഥലത്ത് തന്നെയാണ് ബുധനാഴ്ചത്തെയും സ്ഫോടനം. സുരക്ഷാസംവിധാനങ്ങളുടെ പരാജയം പൂര്‍ണമാണെന്ന് ഒരേ സ്ഥലത്തുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനം വ്യക്തമാക്കുന്നു. ആദ്യ സ്ഫോടനത്തെ ഗൗരവത്തില്‍ കണ്ടിരുന്നെങ്കില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഗേറ്റില്‍ സിസിടിവി ക്യാമറകളെങ്കിലും വയ്ക്കുമായിരുന്നു.

ഇപ്പോള്‍ ചിദംബരം പറയുന്നത് ജൂലൈയില്‍ത്തന്നെ ഭീകരാക്രമണത്തെക്കുറിച്ച് ഡല്‍ഹി പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ്. എന്നാല്‍ , നേരിട്ട് ചിദംബരത്തിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ എന്താണ് ചെയ്തതെന്ന ചോദ്യമുയരുന്നു.

deshabhimani 080911

1 comment:

  1. തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങള്‍ തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയമായതിനാല്‍ തലസ്ഥാനത്ത് ഏറ്റവും ശക്തമായ സുരക്ഷാസംവിധാനം നിലവിലുള്ളപ്പോഴാണ് 11 പേരുടെ മരണത്തിനിടയാക്കി ഹൈക്കോടതി പരിസരത്ത് ബോംബ് സ്ഫോടനമുണ്ടായത്. അതും പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത്. സുപ്രീംകോടതിയും ഇന്ത്യാഗേറ്റും സ്ഫോടനം നടന്ന സ്ഥലത്തിന്റെ ഇരുവശത്താണ്.

    ReplyDelete