Monday, September 19, 2011

മോഡിയുടെ ശ്രമം വംശഹത്യയില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ : യെച്ചൂരി

ഗുജറാത്ത് വംശഹത്യ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ജനശ്രദ്ധ തിരിച്ചുവിടാനും സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനംചെയ്യാനും ലക്ഷ്യമിട്ടാണ് നരേന്ദ്രമോഡി ഉപവസിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഗുജറാത്തില്‍ 2002 ല്‍ വംശഹത്യക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോഡി മതസൗഹാര്‍ദത്തിനുവേണ്ടി ഉപവാസമനുഷ്ഠിക്കുന്നത് വിരോധാഭാസമാണെന്നും യെച്ചൂരി പറഞ്ഞു.

വംശഹത്യയുടെ ഇരകള്‍ ആവശ്യപ്പെട്ടതിലും ഒരു പടികൂടി കടന്നാണ് സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായത്. അമികസ്ക്യൂറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണയുമായി മുന്നോട്ടു പോകാനാണ് സുപ്രീംകോടതി വിചാരണകോടതിയോട് ആവശ്യപ്പെട്ടത്. ബിജെപിയില്‍ അടുത്ത പ്രധാനമന്ത്രി ആരായിരിക്കണമെന്ന കടുത്ത പോര് നടക്കുന്ന വേളയിലാണ് മോഡിയുടെ ഉപവാസമെന്നതും ശ്രദ്ധേയമാണ്. 2009 ലെ അതേ അനുഭവമാണ് ബിജെപി ഇപ്പോഴും നേരിടുന്നത്. അദ്വാനി രഥയാത്രയുമായി രംഗത്ത് വരുന്നു. ബിജെപി അധ്യക്ഷനാകട്ടെ ശക്തനാണെന്ന് കാണിക്കാന്‍ ഒരവസരവും പാഴാക്കുന്നുമില്ല. ബിജെപിയില്‍ കാര്യങ്ങള്‍ കുഴഞ്ഞുകിടക്കുകയാണെന്ന് ഇത് തെളിയിക്കുന്നു. ആരാണ് നേതാവെന്ന് തീരുമാനിക്കാന്‍ ബിജെപി വിഷമിക്കുമെന്ന് ഉറപ്പാണ്. വിലക്കയറ്റംപോലുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം നടത്താന്‍ മുഖ്യപ്രതിപക്ഷ പാര്‍ടിക്ക് കഴിയാത്തതും ഇതുകൊണ്ടാണ്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ഒട്ടും ഭിന്നമല്ല ബിജെപിയും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ബദല്‍ ശക്തിയാകാന്‍ ബിജെപിക്കോ അവര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കോ കഴിയില്ല. യുപിഎ ആകട്ടെ ദിനംപ്രതി ജനങ്ങളില്‍നിന്ന് അകലുകയാണ്. അതുകൊണ്ടുതന്നെ യുപിഎയും എന്‍ഡിഎയുമല്ലാത്ത ഒരു ബദല്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അത്തരമൊരു ശക്തി ഉയര്‍ന്നുകൂടായ്കയില്ല.

നരേന്ദ്രമോഡിയുടെ ഉപവാസവേദിയിലേക്ക് പ്രതിനിധികളെ അയച്ച എഐഎഡിഎംകെ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു.

deshabhimani 190911

1 comment:

  1. ഗുജറാത്ത് വംശഹത്യ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ജനശ്രദ്ധ തിരിച്ചുവിടാനും സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനംചെയ്യാനും ലക്ഷ്യമിട്ടാണ് നരേന്ദ്രമോഡി ഉപവസിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഗുജറാത്തില്‍ 2002 ല്‍ വംശഹത്യക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോഡി മതസൗഹാര്‍ദത്തിനുവേണ്ടി ഉപവാസമനുഷ്ഠിക്കുന്നത് വിരോധാഭാസമാണെന്നും യെച്ചൂരി പറഞ്ഞു.

    ReplyDelete