Sunday, September 11, 2011

ഖാദി: ഓണക്കാല വില്‍പ്പനയില്‍ ഇടിവ്

ഖാദി, സില്‍ക്ക് മെഗാ മേളകള്‍ വേണ്ടെന്ന വകുപ്പ് മന്ത്രിയുടെ തീരുമാനം സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണക്കാല വില്‍പ്പനയില്‍ കനത്ത ഇടിവുണ്ടാക്കി. ജില്ലാ മേളകളില്‍ 13 കോടി രൂപയുടെ വില്‍പ്പന മാത്രമേ നടന്നുള്ളൂ. ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വര്‍ധനയുണ്ടായ ഈ സീസണില്‍ 20 കോടി രൂപയുടെ വില്‍പ്പനയാണ് പ്രതീക്ഷിച്ചിരുന്നത്. സമാന്തര ഖാദി സ്ഥാപനങ്ങളുടെ സമര്‍ദത്തിന് വഴങ്ങിയാണ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഇത്തവണ ഖാദി സില്‍ക്ക് മെഗാ മേളകള്‍ ഉപേക്ഷിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഖാദി, സില്‍ക്ക് ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി സില്‍ക്ക് മെഗാ മേളകള്‍ ഇത്തവണയും നടത്താന്‍ ഖാദി ബോര്‍ഡ് തയ്യാറെടുത്തിരുന്നു. കോഴിക്കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മെഗാ മേളകള്‍ നടത്താനാണ് തീരുമാനിച്ചത്. ഇതിനായി തിരുവനന്തപുരം വിജെടി ഹാള്‍ , എറണാകുളം ടൗണ്‍ ഹാള്‍ എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു.

എന്നാല്‍ , അവസാന നിമിഷം മന്ത്രി മെഗാ സില്‍ക്ക് മേളകള്‍ വേണ്ടെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം മുന്‍കൈയെടുത്താണ് 2007ല്‍ ഖാദി, സില്‍ക്ക് മെഗാ മേളകള്‍ തുടങ്ങിയത്. സമാന്തര ഖാദി സ്ഥാപനങ്ങളുടെ ഫെഡറേഷന്‍ പ്രസിഡന്റായ ഇപ്പോഴത്തെ വകുപ്പ് മന്ത്രി അന്നുമുതലേ ഇതിന് എതിരായിരുന്നു. സംസ്ഥാന ഖാദി ബോര്‍ഡ് സില്‍ക്ക് മെഗാ മേള നടത്താത്ത സാഹചര്യം മുതലെടുത്ത് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഖാദി കമീഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഗാ മേളകള്‍ സംഘടിപ്പിച്ച് വന്‍ ലാഭം കൊയ്യുകയും ചെയ്തു.

deshabhimani 100911

1 comment:

  1. ഈ സീസണില്‍ 20 കോടി രൂപയുടെ വില്‍പ്പനയാണ് പ്രതീക്ഷിച്ചിരുന്നത്. സമാന്തര ഖാദി സ്ഥാപനങ്ങളുടെ സമര്‍ദത്തിന് വഴങ്ങിയാണ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഇത്തവണ ഖാദി സില്‍ക്ക് മെഗാ മേളകള്‍ ഉപേക്ഷിച്ചത്.

    ReplyDelete