Sunday, September 11, 2011

വാടാനപ്പള്ളിയില്‍ ലീഗുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു

നാട്ടിക: വാടാനപ്പള്ളിയില്‍ യൂത്ത്ലീഗുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ചവശനാക്കിയശേഷമാണ് ലീഗുകാര്‍ പ്രതിയുമായി രക്ഷപ്പെട്ടത്. പൊലീസുകാരന്റെ യൂണിഫോമും വലിച്ചുകീറി. മദ്യപിച്ച് വാഹനമോടിച്ചതിന് വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സ്റ്റേഷന്‍ ആക്രമിച്ചതും പൊലീസുകാരനെ മര്‍ദിച്ചതും. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകരും വാടാനപ്പള്ളിക്കാരുമായ ആറുപേരെ കുന്നംകുളം ഡിവൈഎസ്പി കെ കെ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തു. വാടാനപ്പള്ളി അറക്കവീട്ടില്‍ അബ്ദുറഹ്മാന്റെ മകന്‍ റഫീഖ് (27), രായംമരയ്ക്കാര്‍വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ സലാം (26), രായംമരയ്ക്കാര്‍ ബാവുണ്ണിയുടെ മകന്‍ ഷാനവാസ് (26), വടക്കന്‍ രാമകൃഷ്ണന്റെ മകന്‍ അനില്‍കുമാര്‍ (27), പുതിയവീട്ടില്‍ അബ്ദുള്ളയുടെ മകന്‍ ജിനീഷ് (26), പോക്കാക്കില്ലത്ത് അഹമ്മദിന്റെ മകന്‍ ഹുസൈന്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി പന്ത്രണ്ടിനാണ് യൂത്ത് ലീഗുകാര്‍ സ്റ്റേഷന്‍ ആക്രമിച്ചത്. രാത്രി പതിനൊന്നോടെ പൊലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ കൈ കാണിച്ചിട്ടും ഒരു ഓട്ടോ നിര്‍ത്താതെ പോയിരുന്നു. പൊലീസുകാര്‍ ജീപ്പില്‍ വാഹനത്തെ പിന്തുടര്‍ന്ന് മദ്യലഹരിയില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ റഫീഖിനെ വണ്ടി സഹിതം കസ്റ്റഡിയിലെടുത്തു. റഫീഖിനെ ജാമ്യത്തിലെടുക്കാനെന്നപേരില്‍ എത്തിയവരാണ് സ്റ്റേഷനില്‍ ആക്രമണം നടത്തിയത്. സലാമിന്റെ നേതൃത്വത്തിലെത്തിയ അഞ്ചംഗസംഘം റഫീഖിനെ രക്ഷപ്പെടുത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ എം കെ അസീസ് തടഞ്ഞു. ഇതോടെ അക്രമാസക്തരായ യൂത്ത്ലീഗുകാര്‍ അദ്ദേഹത്തെ മര്‍ദിച്ചവശനാക്കുകയും യൂണിഫോം വലിച്ചു കീറുകയുമായിരുന്നു. അതിനുശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ കുന്നംകുളം ഡിവൈഎസ്പി ഒമ്പത് ജീപ്പ് പൊലീസ് സംഘത്തെ എത്തിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

deshabhimani 100911

1 comment:

  1. വാടാനപ്പള്ളിയില്‍ യൂത്ത്ലീഗുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ചവശനാക്കിയശേഷമാണ് ലീഗുകാര്‍ പ്രതിയുമായി രക്ഷപ്പെട്ടത്. പൊലീസുകാരന്റെ യൂണിഫോമും വലിച്ചുകീറി. മദ്യപിച്ച് വാഹനമോടിച്ചതിന് വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സ്റ്റേഷന്‍ ആക്രമിച്ചതും പൊലീസുകാരനെ മര്‍ദിച്ചതും.

    ReplyDelete