Monday, September 19, 2011

അപേക്ഷിച്ച ദിവസം റേഷന്‍കാര്‍ഡ് നല്‍കുമെന്ന വാദവും പൊളിഞ്ഞു

കുമളി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലെ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ ഒരു അവകാശ വാദം കൂടി പൊളിയുന്നു. അപേക്ഷിച്ച ദിവസം തന്നെ റേഷന്‍കാര്‍ഡ് നല്‍കുമെന്ന സര്‍ക്കാരിന്റെ വാദമാണ് യാഥാര്‍ഥ്യമാകാത്തത്. റേഷന്‍കാര്‍ഡ് നല്‍കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ അവകാശ വാദം കബളിപ്പിക്കലാണെന്ന് തെളിയുകയാണ്.

സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 5.75 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കാന്‍ കുടിശികയായിരുന്ന 3.13 ലക്ഷം കാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് നല്‍കിയതെന്നും നൂറുദിന കര്‍മപരിപാടി പരസ്യങ്ങളില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ഒപ്പം ഇനി മുതല്‍ അപേക്ഷിക്കുന്ന ദിവസം തന്നെ റേഷന്‍ കാര്‍ഡ് നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നടപ്പാക്കിയതിന്റെ കൂട്ടത്തിലാണ് റേഷന്‍ കാര്‍ഡിന്റെ കാര്യം പറഞ്ഞിരിക്കുന്നത്. ഈ പ്രചാരണം വിശ്വസിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പീരുമേട് താലൂക്ക് സപ്ലൈ ഓഫീസില്‍ ചെന്ന പലരും വെറുംകൈയ്യോടെ തിരികെ പോന്നു.

അതോടൊപ്പം നിലവില്‍ കുടിശികയില്ലെന്ന് പറയുന്ന സര്‍ക്കാരിന്റെ അവകാശ വാദവും ശുദ്ധ തട്ടിപ്പായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ ജൂണ്‍ 15ന് കുമളി ആദിവാസി കോളനിയിലെ കുറുപ്പത്ത് പ്രഭ, കുറുപ്പത്ത് ഷാജിമോന്‍ എന്നിവര്‍ റേഷന്‍ കാര്‍ഡിന് വേണ്ടി പീരുമേട് താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. റേഷന്‍കാര്‍ഡിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കിയ ഇവരോട് സെപ്തംബര്‍ 15ന് റേഷന്‍ കാര്‍ഡ് വാങ്ങുന്നതിന് വരാനാണ് പറഞ്ഞിരുന്നത്. ഇതിനസരിച്ച് 15ന് ചെന്നെങ്കിലും റേഷന്‍ കാര്‍ഡ് നല്‍കിയില്ല. തുടര്‍ന്ന് അടുത്തടുത്ത ദിവസങ്ങളിലും ഇവര്‍ റേഷന്‍കാര്‍ഡിനായി പീരുമേട്ടില്‍ പോയിരുന്നു. വീണ്ടും അടുത്തദിവസം കാര്‍ഡിനായി പീരുമേട്ടില്‍ ചെല്ലാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്. പാവപ്പെട്ട ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാര്‍ഡിന് അലയുമ്പോള്‍ സര്‍ക്കാര്‍ വ്യാജ അവകാശവാദമാണ് ഉന്നയിക്കുന്നത്. പീരുമേട് താലൂക്ക് സപ്ലൈ ഓഫീസില്‍ ഇത്തരത്തില്‍ നൂറുകണക്കിന് അപേക്ഷകര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനുണ്ട്. സംസ്ഥാനത്തെ മിക്ക സപ്ലൈ ഓഫീസുകളിലും റേഷന്‍ കാര്‍ഡ് അപേക്ഷയില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയുകയാണ്.

deshabhimani news

1 comment:

  1. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലെ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ ഒരു അവകാശ വാദം കൂടി പൊളിയുന്നു. അപേക്ഷിച്ച ദിവസം തന്നെ റേഷന്‍കാര്‍ഡ് നല്‍കുമെന്ന സര്‍ക്കാരിന്റെ വാദമാണ് യാഥാര്‍ഥ്യമാകാത്തത്. റേഷന്‍കാര്‍ഡ് നല്‍കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ അവകാശ വാദം കബളിപ്പിക്കലാണെന്ന് തെളിയുകയാണ്.

    ReplyDelete