Thursday, September 8, 2011

സര്‍ക്കാരുകളുടെ വ്യത്യാസം മനസ്സിലാക്കാന്‍ ഓണം മതി: തോമസ് ഐസക്ക്

യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാരുകളുടെ വ്യത്യാസം മനസ്സിലാക്കാന്‍ ഇപ്രാവശ്യത്തെ ഓണം മാത്രം മതിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക് പറഞ്ഞു. കഴിഞ്ഞവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്‍കിയത്. ഈ വര്‍ഷം 400 ആക്കുമെന്ന് അന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാറിവന്ന യുഡിഎഫ് സര്‍ക്കാര്‍ ഒരുരൂപപോലും ഈ ഇനത്തില്‍ നല്‍കിയില്ല. ചിറ്റാറില്‍ സ. എം എസ് പ്രസാദ് 27-ാം രക്തസാക്ഷി വാര്‍ഷികദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് രണ്ടുരൂപയ്ക്ക് ലഭിച്ചിരുന്ന അരി ഇല്ലാതാക്കി. 60 ലക്ഷം പേര്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി കൊടുത്തിരുന്നത് ഒഴിവാക്കി 19 ലക്ഷം പേര്‍ക്ക് ഒരു രൂപയ്ക്ക് നല്‍കുകയാണ് യുഡിഎഫ് ചെയ്തത്. ഓണച്ചന്തകളിലും ന്യായവിലഷോപ്പുകളിലും സാധനങ്ങള്‍ക്ക് തീവിലയായതിനാല്‍ ഈ വര്‍ഷം അവിടെ തിരക്കില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്ധ്ര മോഡല്‍ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ആന്ധ്രയുമില്ല കേരളവുമില്ല. 1000കോടി ഖജനാവിലിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങിയത്. എന്നാല്‍ പ്രതിസന്ധിയിലാണെന്നാണ് കെ എം മാണിയുടെ വാദം.

ഉമ്മന്‍ചാണ്ടിയുടെ സുതാര്യത രാജാവിന്റെ സുതാര്യതയാണ്. സര്‍ക്കാരോഫീസുകളില്‍ കാര്യം സാധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകേണ്ട അവസ്ഥയാണ്. 100 ദിവസംകൊണ്ട് ഇത്രയും മോശം ഭരണം ഇവിടെ ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെളിയിച്ചു. യുഡിഎഫില്‍നിന്ന് പല എംഎല്‍എമാരും എല്‍ഡിഎഫില്‍ വരാന്‍ തയ്യാറാണ്. എന്നാല്‍ എടുത്തുചാടി വരുന്നവരെ എല്‍ഡിഎഫിന് വേണ്ട. കേരളത്തിലുടനീളം അഴിമതി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഐസക്ക് പറഞ്ഞു. സിപിഐ എം ചിറ്റാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി എന്‍ സദാനന്ദന്‍ അധ്യക്ഷനായി.

ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള റേഷനും ഓണക്കിറ്റുവിതരണവും മുടങ്ങി

കോഴിക്കോട്: ഓണക്കാലത്ത് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട റേഷന്‍അരി, ഓണക്കിറ്റുവിതരണം മുടങ്ങി. വിതരണത്തിന് ആവശ്യമായ ഭഷ്യസാധനങ്ങള്‍ സപ്ലൈകോ സ്റ്റോക്ക് ചെയ്യാത്തതാണ് വിതരണം മുടങ്ങാന്‍ കാരണം. ആഗസ്ത് മാസം വിതരണം ചെയ്യേണ്ട ഒരുരൂപയുടെ അരി ഈമാസം മൂന്നുവരെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ സെപ്തംബറിലെ അരി ഇതുവരെ റേഷന്‍കടകളില്‍ എത്തിയിട്ടില്ല. മൊത്തവിതരണ വ്യാപാരികള്‍ക്ക് എഫ്സിഐ ഗോഡൗണില്‍ പണം അടയ്ക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം മൊത്തവിതരണക്കാര്‍ക്കും സമയപരിധിക്കക്കം പണം അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മൂന്നുദിവസം മാത്രമാണ് ഇവര്‍ക്ക് ലഭിച്ച സമയപരിധി. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്കു ശേഷം അരി വിതരണം 12ന് പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ റേഷന്‍ ഓഫീസര്‍മാര്‍.

അരി മുടങ്ങിയതിനൊപ്പമാണ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഓണക്കിറ്റുകളും കിട്ടാനില്ലാത്തത്. 40 ശതമാനത്തിനുപോലും ഇതേവരെ ഓണക്കിറ്റ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടുകിലോ അരി, അരക്കിലോ പഞ്ചസാര, 200 ഗ്രാം മുളക്, 100 ഗ്രാം ചായപ്പൊടി എന്നിവയാണ് കിറ്റില്‍ . ഇതില്‍ ഗുണമേന്മയില്ലാത്ത അരിയാണ് നല്‍കിയതെന്ന പരാതിയുമുണ്ടായി. കിറ്റിനാവശ്യമായ അരിയും മറ്റു സാധനങ്ങളും കൂടുതലായി സപ്ലൈകോ വാങ്ങാത്തതാണ് ഭൂരിഭാഗത്തിനും ഓണക്കിറ്റ് നിഷേധിക്കപ്പെടാന്‍ കാരണം. മാവേലി സ്റ്റോറുകളില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന സാധനങ്ങള്‍ ഉപയോഗിച്ചാണ് കിറ്റ് വിതരണം നടന്നത്. കഴിഞ്ഞ മാസം 27 ന് ആരംഭിച്ച ഓണക്കിറ്റുകള്‍ ഈ മാസം രണ്ടിന് പിന്‍വലിച്ചു. മാവേലി സ്റ്റോറുകളില്‍ നിന്ന് ജില്ലാ ആസ്ഥാനങ്ങളില്‍ ആരംഭിച്ച ഓണച്ചന്തകളിലേക്ക് സാധനങ്ങള്‍ മൊത്തമായി മാറ്റിയിരുന്നു. ഇതോടെ ഓണക്കാലത്ത് മാവേലി സ്റ്റോറുകള്‍ നോക്കുകുത്തികളായ അവസ്ഥയുമുണ്ടായി. അരി ഉള്‍പ്പെടെയുള്ള സാധനങ്ങളില്ല. അര്‍ഹരായവര്‍ക്ക് ഓണച്ചന്തകളില്‍നിന്ന് കിറ്റുകള്‍ വിതരണം ചെയ്യാന്‍ വാക്കാല്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ജില്ലാആസ്ഥാനങ്ങളിലുള്ള ഓണച്ചന്തകളില്‍ പോയി കിറ്റുകള്‍ വാങ്ങിക്കല്‍ പ്രായോഗികമല്ല.

പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായി; ക്ഷേമപെന്‍ഷന്‍കാര്‍ നിരാശയില്‍


തൊടുപുഴ: ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായതോടെ ഇതിന്റെ ഗുണഭോക്താക്കള്‍ നിരാശയിലായി. സാധാരണ ഓണക്കാലത്ത് പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപെന്‍ഷനുകള്‍ നേരത്തെതനെ വിതരണം നടത്തുന്ന സംബ്രദായമുണ്ടായരുന്നു. ഓണം വിളിപാടകലെയെത്തിയെങ്കിലും പലര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ല. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിസഹായരായ മുഴുവന്‍ ആളുകള്‍ക്കും ക്ഷേമപെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും സമയബന്ധിതമായി വിതരണം നടത്തുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് കേരളീയരുടെ ദേശീയ ഉത്സവമായ ഓണക്കാലത്ത് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിച്ചരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ എല്ലാത്തരം ക്ഷേമപെന്‍ഷനുകളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പണം വകയിരുത്തിയിരുന്നു. ഇതില്‍ കര്‍ഷകതൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തു നല്‍കുകയും ചെയ്തിരുന്നു. ഇത് പടിപടിയായി 1000രൂപയാക്കുന്നതിനും തീരുമാനിച്ചിരുന്നു.

എന്നാല്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മാത്രമാണ് ഈ സര്‍ക്കാര്‍ 400രൂപ ക്രമത്തില്‍ നല്‍കുന്നതിന് നടപടി സ്വകരിച്ചിട്ടുള്ളത്. വിധവ പെന്‍ഷന്‍ , വാര്‍ദ്ധക്യ കാലപെന്‍ഷന്‍ , വികലാംഗ പെന്‍ഷന്‍ തുടങ്ങിയവയൊന്നും വര്‍ദ്ധിപ്പിക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മുതലുള്ള പെന്‍ഷനാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ വിധവാപെന്‍ഷന്‍ ഇതുവരെ രണ്ടുമാസത്തേതുമാത്രാമണ് വിതരണംചെയ്തിട്ടുള്ളത്്. ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ താമസിയാതെ നാലുമാസത്തെ കൂടി നല്‍കുമെന്നാണ് അറിയാന്‍ കഴെിഞ്ഞത്. പല പഞ്ചായത്തുകളിലും കര്‍ഷകതൊഴിലാളി പെന്‍ഷന്‍ വിതരണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ദ്ധനവ് വരുത്താത്തതും സമയത്ത് ലഭിക്കാത്തതും പെന്‍ഷന്‍ ഗുണഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്.

ഓണക്കിറ്റ് വിതരണം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു

ചാത്തന്നൂര്‍ : പരവൂര്‍ മുനിസിപ്പാലിറ്റിയിലെ ആശ്രയ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു. മുനിസിപ്പല്‍ അതിര്‍ത്തിയിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശ്വാസമായി നല്‍കിയ ഓണക്കിറ്റുകളാണ് കൗണ്‍സിലര്‍മാരായ സുധീര്‍ ചെല്ലപ്പന്‍ , ഗിരിജാകുമാരി, സഫറുള്ളഖാന്‍ എന്നീ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തടഞ്ഞത്. ഗുണമേന്മയുളള ഭക്ഷണസാധനങ്ങളാണ് മുനിസിപ്പാലിറ്റി വിതരണത്തിനായി തയ്യാറാക്കിയിരുന്നത്. ഇത്രയധികം ഗുണമേന്മയുള്ള ഭക്ഷണസാധനങ്ങള്‍ എന്തിനാണ് വിതരണം ചെയ്യുന്നതെന്ന് ചോദിച്ചാണ് കോണ്‍ഗ്രസുകാര്‍ തടഞ്ഞത്. ഗുണമേന്മ കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യണമെന്ന് ആക്രോശിച്ചുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പാവപ്പെട്ടവരും രോഗികളുമായവരെ അധിക്ഷേപിച്ചത്.

പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ 167 പാവപ്പെട്ട കുടുംബങ്ങളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കുടുംബത്തിന് 2500 രൂപയുടെ പോഷകാഹാരങ്ങള്‍ നിറഞ്ഞ കിറ്റുകളാണ് വിതരണത്തിന് തയ്യാറാക്കിയത്. സിവില്‍സപ്ലൈസ് സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് അരി, പയര്‍ , പലചരക്ക് ഉല്‍പ്പന്നങ്ങള്‍ , പച്ചക്കറി സാധനങ്ങള്‍ , വസ്ത്രം, ബോണ്‍വിറ്റ തുടങ്ങി വൈറ്റമിന്‍ വസ്തുക്കളുമാണ് കിറ്റില്‍ മുനിസിപ്പാലിറ്റി തയ്യാറാക്കിയത്. ബുധനാഴ്ച രാവിലെ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യാനായി അധികൃതര്‍ എത്തിയപ്പോള്‍ത്തന്നെ കോണ്‍ഗ്രസുകാര്‍ സ്ഥലത്തെത്തി ബഹളമുണ്ടാക്കി ഭക്ഷണക്കിറ്റ് വിതരണം തടസ്സപ്പെടുത്തി. പാവപ്പെട്ടവരെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബഹളംവച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കോണ്‍ഗ്രസുകാരെ ജനം കൈകാര്യം ചെയ്യുമെന്ന ഘട്ടത്തില്‍ അവര്‍ പിന്‍വാങ്ങി.

സര്‍ക്കാരിന്റെ ഓണാഘോഷത്തിന് നിറംമങ്ങിയ തുടക്കം

നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ , തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് നിറംമങ്ങിയ തുടക്കം. ആളൊഴിഞ്ഞ കസേരകളെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഘോഷം ഉദ്ഘാടനം ചെയ്തു. പരിപാടി നടക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പതിനായിരംപേര്‍ക്ക് ഇരിക്കാന്‍ കസേര നിരത്തിയെങ്കിലും അഞ്ഞൂറോളം പേരേ എത്തിയുള്ളൂ. ഒഴിഞ്ഞ കസേരയിലേക്ക് കടന്നിരിക്കാന്‍ സംഘാടകസമിതി ചെയര്‍മാന്‍ പാലോട് രവി എംഎല്‍എ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കയറിയിരിക്കാന്‍ ആളുണ്ടായില്ല. പതിനായിരക്കണക്കിന് പ്രവേശനപാസ് അച്ചടിച്ചിരുന്നെങ്കിലും കൃത്യമായ വിതരണം നടന്നില്ല. പ്രധാനമായും കോണ്‍ഗ്രസിന്റെ പാര്‍ടി ഓഫീസുകളിലും ഗ്രൂപ്പ് നേതാക്കളുടെ കൈവശവുമായിരുന്നു പാസുകള്‍ . തിരുവനന്തപുരം ജില്ലയിലുള്ള എംഎല്‍എമാര്‍ക്കുപോലും ആവശ്യത്തിന് പാസുകള്‍ ലഭിച്ചില്ലെന്നും പരാതിയുണ്ട്.

ചടങ്ങ് തുടങ്ങിയതുതന്നെ പാകപ്പിഴയോടെയായിരുന്നു. മുഖ്യമന്ത്രിയുടെ അതിവേഗപ്പാച്ചിലില്‍ നേരത്തെ തീരുമാനിച്ച പരിപാടിയില്‍ മാറ്റം വരുത്തിയാണ് ചടങ്ങ് തുടങ്ങിയത്. മലയാളികളെ ഒന്നിപ്പിക്കുന്ന ഓണം ഈ വര്‍ഷം മലയാളവന്ദനത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന ഒറ്റവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നിര്‍ത്തി. പ്രൊഫ. ഒ എന്‍ വി, ഡോ. സുകുമാര്‍ അഴീക്കോട്, കാവാലം നാരായണപ്പണിക്കര്‍ , മമ്മൂട്ടി, കലാമണ്ഡലം രാമന്‍കുട്ടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, റസൂല്‍ പൂക്കുട്ടി എന്നിവരെ "മലയാളവന്ദനം" എന്ന ചടങ്ങില്‍ ആദരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ , ചടങ്ങ് ആരംഭിച്ചതോടെ മമ്മൂട്ടി ലിസ്റ്റില്‍നിന്ന് ഔട്ടായി. കലാമണ്ഡലം രാമന്‍കുട്ടി ചടങ്ങിന് എത്തിയതുമില്ല. ആഘോഷപരിപാടിയില്‍ സ്റ്റേജിനോട് ചേര്‍ന്ന് ചെണ്ടമേളം ഒരുക്കിയ ലോക പ്രശസ്ത കലാകാരന്‍ പെരുവനം കുട്ടന്‍മാരാരെ ഒഴിവാക്കിയത് സദസ്സില്‍ സംസാരമായി. പ്രോട്ടോകോള്‍ അനുസരിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷനാകേണ്ട സ്പീക്കറെ ഒഴിവാക്കി, മന്ത്രി എ പി അനില്‍കുമാറാണ് അധ്യക്ഷനായത്. സ്വന്തം മണ്ഡലമായിരുന്നിട്ടും മന്ത്രി വി എസ് ശിവകുമാറിന് കാര്യമായ റോള്‍ ഉണ്ടായില്ല.

അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ മലയാളവന്ദനത്തിന് എത്തിയ സാംസ്കാരിക നായകരെ കുറിച്ച് വിശദീകരിച്ച് തുടങ്ങുമ്പോള്‍തന്നെ മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തല്‍ തുടങ്ങി. അതിഥികള്‍ക്ക് ഉപഹാരം നല്‍കാന്‍ വിട്ടുപോവുകയും ചെയ്തു. പൊന്നാട അണിയിക്കലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്പീക്കര്‍ ജി കാര്‍ത്തികേയനും അടക്കമുള്ള ഭരണപക്ഷത്തെ പ്രമുഖര്‍ സ്റ്റേജ് വിട്ടുപോയി. ഇത് ക്ഷണിച്ചുവരുത്തിയ അതിഥികളെ അധിക്ഷേപിക്കുന്നതിന് തുല്ലമായി. ഉപഹാരം നല്‍കാന്‍ മന്ത്രി ശിവകുമാറിനെ ക്ഷണിച്ചപ്പോള്‍ , ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് വിതരണത്തിന് തയ്യാറായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിറപ്പകിട്ടോടെ നിറഞ്ഞ സദസ്സിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാരെയും ഉള്‍പ്പെടുത്തി സംഘാടക സമിതിയൊരുക്കിയാണ് നഗരം നിറഞ്ഞൊഴുകിയ വര്‍ണമനോഹരമായ പരിപാടികള്‍ നടത്തിയത്. എന്നാല്‍ , ഈ ഓണാഘോഷം കോണ്‍ഗ്രസ് പ്രമാണിമാരുടെയും ഉദ്യോഗസ്ഥരുടെയും പരിപാടിയായി ചുരുങ്ങി.

deshabhimani 080911

1 comment:

  1. യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാരുകളുടെ വ്യത്യാസം മനസ്സിലാക്കാന്‍ ഇപ്രാവശ്യത്തെ ഓണം മാത്രം മതിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക് പറഞ്ഞു. കഴിഞ്ഞവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്‍കിയത്. ഈ വര്‍ഷം 400 ആക്കുമെന്ന് അന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാറിവന്ന യുഡിഎഫ് സര്‍ക്കാര്‍ ഒരുരൂപപോലും ഈ ഇനത്തില്‍ നല്‍കിയില്ല. ചിറ്റാറില്‍ സ. എം എസ് പ്രസാദ് 27-ാം രക്തസാക്ഷി വാര്‍ഷികദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete