Thursday, September 8, 2011

മുഖംമൂടി അഴിഞ്ഞുവീണ നൂറുദിനം

മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുമെല്ലാം സ്വത്ത് വെളിപ്പെടുത്തലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറുദിന പരിപാടിയിലെ ആദ്യ ഇനമായി പ്രഖ്യാപിച്ചത്. അഴിമതിരഹിത സുതാര്യ ഭരണത്തിന്റെ മഹനീയ മാതൃകയായി ഈ പ്രഖ്യാപനത്തെ സ്തുതിപാഠകസംഘം കൊട്ടിഘോഷിച്ചു. നൂറുദിനം പൂര്‍ത്തിയായ ആഗസ്ത്് 25ന് സ്വത്ത് വെളിപ്പെടുത്തലിന്റെ വെബ്സൈറ്റ് ഏറെക്കുറെ ശൂന്യമായിരുന്നു. അത് അന്നുതന്നെ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വെബ്സൈറ്റിലെ ശൂന്യത നികത്തിയിരിക്കുന്നു. പക്ഷേ, വെളുക്കാന്‍ തേച്ച് പാണ്ടായെന്ന് പറഞ്ഞതുമാതിരിയായി ആ സ്വത്ത് വെളിപ്പെടുത്തല്‍ .

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് സംസ്ഥാന മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാര്‍ , വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിന്മേല്‍ അന്വേഷണം നേരിടുന്നുവെന്നാണ്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ചും അത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടും നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ്് മേല്‍പ്പറഞ്ഞ സത്യവാങ്മൂലം നല്‍കിയത്്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആരോപണവിധേയരായ മന്ത്രിമാരും വിജിലന്‍സിന്റ ചുമതല വഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അത്തരമൊരന്വേഷണം നടക്കുന്നതായി അറിയില്ലെന്നാണ് പറഞ്ഞത്. പേരിനാണെങ്കിലും അന്വേഷണം നടക്കുന്നതായി ഇപ്പോള്‍ ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയുമെല്ലാം സ്വത്തുക്കള്‍ വെളിപ്പെടുത്തിയത് ഒരേ ദിവസമാണ്. നൂറും ഇരുനൂറും 263ഉം കോടിയുടെവരെ പരസ്യമായ സ്വത്തുക്കള്‍ തന്നെയുള്ളവരാണ് കേന്ദ്രമന്ത്രിസഭയിലെ ഭൂരിപക്ഷം എന്നും വന്‍കിട കോര്‍പറേറ്റ് കമ്പനികളിലെ ഓഹരികള്‍ അവരില്‍ പലരും കൈയടക്കി വച്ചിരിക്കുന്നുവെന്നുമെല്ലാം പ്രഥമദൃഷ്ട്യാ വെളിപ്പെട്ടിരിക്കുന്നു.

വന്‍കിട ബൂര്‍ഷ്വാസിയുടെ പ്രതിനിധികളും പ്രതീകങ്ങളുമായ മന്ത്രിമാരുള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ സംസ്ഥാന രൂപമാണല്ലോ കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പാകെ എട്ടു കോടിയുടെ സ്വത്ത് മാത്രമേയുള്ളുവെന്ന് ആണയിടുകയും പുറത്തുവന്ന് മുന്നൂറു കോടിയുടെയെങ്കിലും ആസ്തിയുണ്ടെന്ന് പ്രസ്താവന നടത്തുകയും ചെയ്യുന്ന നേതാക്കളുള്ള മുന്നണിയാണ് യുഡിഎഫ്. ഇല്ലാത്ത ബിരുദമുണ്ടെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്നാണ് യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗത്തിനെതിരായ കേസ്. ആ യുഡിഎഫിലെ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ സ്വത്ത് വെളിപ്പെടുത്തല്‍ നാട്ടുകാരുടെ മൊത്തം പരിഹാസത്തിന് കാരണമായതില്‍ അത്ഭുതമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ വഴികാട്ടികളും സ്തുതിപാഠകരുമായ മലയാള മനോരമ പത്രവും പ്രത്യേകിച്ച് അവരുടെ ടിവി ചാനലും സ്വത്ത് വെളിപ്പെടുത്തലിനെ പുച്ഛിച്ചത് ശ്രദ്ധേയമാണ്. പല വിവരങ്ങളും മറച്ചുവച്ചുവെന്നും ഭൂസ്വത്തുക്കളുടെ മൂല്യം വ്യക്തമാക്കിയില്ലെന്നും പ്രകടമായ കബളിപ്പിക്കല്‍തന്നെ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും മനോരമ ചാനല്‍തന്നെ വ്യക്തമാക്കി. അഞ്ചുമാസംമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തെരഞ്ഞെടുപ്പ്കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സ്വത്തുകണക്കും ഇപ്പോള്‍ നല്‍കിയ കണക്കും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ബാലകൃഷ്ണപിള്ള മോഡല്‍ സ്വത്ത് വെളിപ്പെടുത്തലാണ് യുഡിഎഫ് മന്ത്രിസഭ നടത്തിയിരിക്കുന്നത്. ഇപ്പോള്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന സ്വത്തുവിവരം അടിസ്ഥാനമായെടുത്താല്‍ വിജിലന്‍സ് ഡയറക്ടര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമ്മതിച്ച അഞ്ച് മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കുമെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനെതിരെ അന്വേഷണം നടത്തേണ്ടതായി വരും. യുപിഎയും യുഡിഎഫും മന്ത്രിമാരുടെ സ്വത്തുവിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ (ഭാഗികമായും കാപട്യത്തോടെയും ആണെങ്കിലും) തയ്യാറായത് സവിശേഷമായ ഒരു ചരിത്രസന്ദര്‍ഭത്തിലാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രാജ്യവ്യാപകമായി അതിശക്തമായ ജനരോഷമുയര്‍ന്നിരിക്കുന്നതാണ് സന്ദര്‍ഭം. കോമണ്‍വെല്‍ത്ത് ഗെയിംസ് കുഭകോണം, ആദര്‍ശ് ഫ്ളാറ്റ്, 2ജി സ്പെക്ട്രം, എസ് ബാന്‍ഡ് കരാര്‍ , ഐപിഎല്‍ എന്നിങ്ങനെ കുംഭകോണങ്ങളുടെ ഘോഷയാത്രയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്കംതൊട്ടുണ്ടായത്.

ജുഡീഷ്യറിയുടെ ഫലപ്രദമായ ഇടപെടലും മാധ്യമങ്ങളുടെ ഇടപെടലും പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം നടത്തിയ സമരങ്ങളും ജുഡീഷ്യറിയുടെ ശക്തമായ ഉത്തരവുകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് സിബിഐ നടത്തിയ അന്വേഷണങ്ങളും നടപടികളുമെല്ലാം വമ്പിച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് പശ്ചാത്തലമൊരുക്കി. പാമൊലില്‍ കേസില്‍ പ്രതിയായ പി ജെ തോമസ് സിവിസിയാകാന്‍ അര്‍ഹനല്ലെന്ന സുപ്രീംകോടതിവിധിയും അതേത്തുടര്‍ന്ന് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കിയതും മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതും അഴിമതിക്കെതിരെ രാജ്യവ്യാപകമായി ജനകീയഐക്യം വളര്‍ന്നുവരാന്‍ സഹായകമായി. ഈ പശ്ചാത്തലത്തിലാണ് ജനലോക്പാല്‍ ബില്‍ കുറ്റമറ്റ നിലയില്‍ പാസാക്കി നിയമമാക്കണമെന്നാവശ്യപ്പെട്ട് നാലുമാസം മുമ്പും ഇപ്പോഴും, അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടത്തിയ സമരം ഐതിഹാസികമായി മാറിയത്.

കുറ്റമറ്റ ലോക്പാല്‍ ബില്‍ തയ്യാറാക്കുന്നതിന് ഹസാരെ നേതൃത്വം നല്‍കുന്ന പൗരസമൂഹത്തിലെ പ്രതിനിധികളെകൂടി ഉള്‍പ്പെടുത്താന്‍ സമ്മതിക്കുകയായിരുന്നു ആദ്യസമരത്തിന്റെ ഫലം. എന്നാല്‍ , പൗരസമൂഹ പ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ ലോക്പാല്‍ ബില്ലില്‍ വെള്ളം ചേര്‍ക്കാനും നീട്ടിക്കൊണ്ടുപോകാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും നിരാഹാരസമരം പ്രഖ്യാപിച്ച ഹസാരെയെ അറസ്റ്റുചെയ്ത് തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുകയും സമരം നിരോധിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ , ബഹുജനരോഷം അലയടിച്ചപ്പോള്‍ ഹസാരെയെ ജയിലില്‍നിന്ന് വിട്ടയക്കാനും സമരം നിരോധിച്ച നടപടി പിന്‍വലിക്കാനും കേന്ദ്രം നിര്‍ബന്ധിതമായി. രാംലീലാ മൈതാനത്ത് പതിമൂന്ന് ദിവസം നീണ്ടുനിന്ന ഹസാരെയുടെ നിരാഹാര സമരം യുപിഎ സര്‍ക്കാരിന്റെ നില്‍നില്‍പ്പുപോലും അവതാളത്തിലാക്കി. ഒടുവില്‍ ഹസാരെയും കൂട്ടരും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായി. കുറ്റമറ്റ ലോക്പാല്‍ ബില്‍ വൈകാതെ പാസാക്കുകയും പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് പ്രധാനമന്ത്രി സമ്മതിച്ചുവെങ്കിലും അതില്‍ വെള്ളം ചേര്‍ക്കുമെന്നും നീട്ടിക്കൊണ്ടുപോകുമെന്നും കോണ്‍ഗ്രസിനെക്കുറിച്ചറിയുന്ന എല്ലാവര്‍ക്കുമറിയാം. ഹസാരെയുടെ സമരത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ലോക്പാല്‍ നിയമത്തിലൂടെ അഴിമതി പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന ധാരണയില്‍ കഴമ്പില്ല. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് വന്‍കുംഭകോണങ്ങളുടെ ഘോഷയാത്രതന്നെ ഉണ്ടാവാന്‍ കാരണമെന്നും മുതലാളിത്തവല്‍ക്കരണനയങ്ങളാണ് അഴിമതിയുടെ രാഷ്ട്രീയമെന്നും കാണുന്നില്ലെന്ന പരിമിതിയുണ്ട്. അങ്ങനെ അരാഷ്ട്രീയമായ ഉള്ളടക്കമുണ്ടെങ്കില്‍പ്പോലും, ഹസാരെയുടെ സമരത്തിന്, അഴിമതിക്കെതിരായി ജനമനഃസാക്ഷിയെ തട്ടിയുണര്‍ത്താന്‍ കഴിഞ്ഞുവെന്നത് സുപ്രധാനവും ചരിത്രം സൃഷ്ടിച്ചതുമാണെന്ന വസ്തുത കാണാതിരിക്കാനാവില്ല.
രാജയ്ക്കും കനിമൊഴിക്കും കല്‍മാഡിക്കും പിറകെ അധികാര ദല്ലാളെന്ന് കുപ്രസിദ്ധനായ അമര്‍സിങ്ങും തിഹാര്‍ ജയിലിലെത്തിയിരിക്കുന്നു. ആണവകരാറിനെത്തുടര്‍ന്ന് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചപ്പോള്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി മന്‍മോഹന്‍സിങ്ങിനെ താങ്ങിനിര്‍ത്തിയത് അമര്‍സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ മാഫിയ-ദല്ലാള്‍ പണിയിലൂടെയാണല്ലോ. അന്നത്തെ വോട്ടുകോഴയുടെ പേരിലാണ് അമര്‍സിങ് തടവിലായിരിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അമര്‍സിങ്ങിന്റെ ദല്ലാള്‍പണി അരങ്ങേറിയത് അമേരിക്ക കേന്ദ്രീകരിച്ചാണെന്നതും ശ്രദ്ധേയമാണ്. അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ മന്‍മോഹന്‍സിങ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ട് ധനമന്ത്രിയായ ആദ്യമന്ത്രിസഭ നിലനിന്നത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ വോട്ട് കച്ചവടമാക്കിയിട്ടായിരുന്നുവല്ലോ. അന്നത്തെ പരിചയവും പാരമ്പര്യവും ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മന്‍മോഹന്‍സിങ്ങിന് പ്രയോജനപ്പെട്ടു. വാസ്തവത്തില്‍ അമര്‍സിങ് മാത്രം ജയിലില്‍ കിടന്നാല്‍ മതിയോ? അമര്‍സിങ് ആര്‍ക്കുവേണ്ടിയാണ് അത് ചെയ്തതെന്നതും പ്രധാനമല്ലേ? ഈ പശ്ചാത്തലത്തിലാണ് കര്‍ണാടകത്തിലെ ഖനി കുംഭകോണത്തിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടിനെയും അതേത്തുടര്‍ന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടിവന്നതിനെയും കാണേണ്ടത്. അതിന്റെ തുടര്‍ച്ചയായി കര്‍ണാടകത്തിലെ മുന്‍മന്ത്രി ജനാര്‍ദനറെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നു. ആന്ധ്രയും കര്‍ണാടകവും ഉള്‍പ്പെടുന്ന മേഖലയില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സംഘം പൊതുസ്വത്തായ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് ആയിരക്കണക്കിന് കോടി രൂപയാണുണ്ടാക്കിയതെന്ന് വ്യക്തമായിരിക്കുന്നു. അഴിമതിക്കെതിരായ ജനസമൂഹത്തിന്റെ ഉണര്‍ച്ചയും ജുഡീഷ്യറിയുടെ നടപടികളും കൂടിയായപ്പോള്‍ സിബിഐയെപ്പോലുള്ള ഏജന്‍സികളും സജീവമായി.

അണ്ണ ഹസാരെയുടെ സമരത്തെ ശക്തമായി പിന്തുണയ്ക്കുകയും കോണ്‍ഗ്രസിന്റെ അഴിമതിയെ എതിര്‍ക്കുകയുംചെയ്ത ബിജെപി ഒട്ടും മോശമല്ല എന്നാണ് കര്‍ണാടകത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. യെദ്യൂരപ്പ ഭരണത്തില്‍ റെഡ്ഡിസഹോദരന്മാരും മറ്റും തീവെട്ടിക്കൊള്ളയാണ് നടത്തിയത്. അത് ലോകായുക്തയും സംസ്ഥാന ഗവര്‍ണറും ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്വാനിയും സുഷമാ സ്വരാജുമുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ അപഹാസ്യമായ പ്രകടനങ്ങള്‍ ആരും മറന്നിട്ടില്ല. ഖനികുംഭകോണത്തിനും അനധികൃത ഖനനത്തിനും ബിജെപി ദേശീയ നേതൃത്വം സമ്പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. അഴിമതിയുടെ കാര്യത്തില്‍ ബിജെപിയും വ്യത്യസ്തമല്ലെന്നാണിത് കാണിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം കേന്ദ്രമന്ത്രിസഭയിലെയും സംസ്ഥാന മന്ത്രിസഭയിലെയും അംഗങ്ങള്‍ സ്വത്തു വിവരം വെളിപ്പെടുത്തിയതിനെ കാണാന്‍ . തങ്ങളുടെ സ്വത്തുക്കളുടെ യഥാര്‍ഥ ചിത്രമല്ല, മിക്ക മന്ത്രിമാരും വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അവരില്‍ മിക്കവരും ശ്രമിച്ചിരിക്കുന്നത്. ഈ കാപട്യത്തിന്റയും കബളിപ്പിക്കലിന്റെയും ഉള്ളുകള്ളികള്‍ ഭാവിയില്‍ പുറത്തുവരാതിരിക്കില്ല. അഴിമതിരഹിത സുതാര്യഭഭരണം എന്നവകാശപ്പെടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ മുഖംമൂടി നൂറുദിവസം കഴിയുമ്പോഴേക്കുതന്നെ അഴിഞ്ഞുവീണിരിക്കുന്നു.

വി എസ് അച്യുതാനന്ദന്‍ deshabhimani 080911

1 comment:

  1. മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുമെല്ലാം സ്വത്ത് വെളിപ്പെടുത്തലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറുദിന പരിപാടിയിലെ ആദ്യ ഇനമായി പ്രഖ്യാപിച്ചത്. അഴിമതിരഹിത സുതാര്യ ഭരണത്തിന്റെ മഹനീയ മാതൃകയായി ഈ പ്രഖ്യാപനത്തെ സ്തുതിപാഠകസംഘം കൊട്ടിഘോഷിച്ചു. നൂറുദിനം പൂര്‍ത്തിയായ ആഗസ്ത്് 25ന് സ്വത്ത് വെളിപ്പെടുത്തലിന്റെ വെബ്സൈറ്റ് ഏറെക്കുറെ ശൂന്യമായിരുന്നു. അത് അന്നുതന്നെ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വെബ്സൈറ്റിലെ ശൂന്യത നികത്തിയിരിക്കുന്നു. പക്ഷേ, വെളുക്കാന്‍ തേച്ച് പാണ്ടായെന്ന് പറഞ്ഞതുമാതിരിയായി ആ സ്വത്ത് വെളിപ്പെടുത്തല്‍ .

    ReplyDelete