Monday, September 12, 2011

നേട്ടങ്ങളായി പ്രചരിപ്പിക്കുന്നത് നട്ടാല്‍ കുരുക്കാത്ത നുണകള്‍ : വി എസ്

യുഡിഎഫ് മന്ത്രിസഭയുടെ നൂറുദിവസത്തെ നേട്ടങ്ങളെന്ന പേരില്‍ നട്ടാല്‍ കുരുക്കാത്ത നുണകളാണ് മാധ്യമപരസ്യങ്ങളിലൂടെ ജനങ്ങള്‍ക്കുമേല്‍ വര്‍ഷിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നെടുമ്പാശേരി ജില്ലാപഞ്ചായത്ത് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എം കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പുപ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യങ്ങള്‍ നല്‍കിവരുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രത്തോടെയുള്ള പരസ്യത്തില്‍ സര്‍ക്കാരിന്റെ നൂറുദിവസത്തെ നേട്ടങ്ങളുടെ പട്ടികയാണ്. ഇതില്‍ പലതും മുന്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചവയാണ്. അധികാരത്തിലെത്തിയശേഷം കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഒരുസെന്റ് ഭൂമിപോലും ഏറ്റെടുക്കാത്തവര്‍ മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതി വീണ്ടും ഉദ്ഘാടനംചെയ്യാന്‍ പോവുകയാണ്. മുന്‍ സര്‍ക്കാര്‍ സ്ഥാപിച്ച കല്ലിനടുത്ത് മറ്റൊന്നു സ്ഥാപിക്കാന്‍മാത്രമേ അവര്‍ക്കു കഴിയൂ.

വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെല്ലാം മുന്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി പദ്ധതിക്ക് പണം കണ്ടെത്താനുള്ള നടപടികള്‍ മുന്‍ സര്‍ക്കാര്‍ ചെയ്തു. വിവിധ അനുമതികള്‍ക്കായി കേന്ദ്രത്തില്‍ രേഖകളും സമര്‍പ്പിച്ചു. എന്നിട്ടിപ്പോള്‍ അവിടെ മൂന്നാമത്തെ ഉദ്ഘാടനത്തിന് വട്ടംകൂട്ടുകയാണ് ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി വാങ്ങിയെടുക്കാനാണ് അവര്‍ പ്രയത്നിക്കേണ്ടത്.

വന്‍കിടക്കാരെ സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പ് നല്‍കിക്കൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷണനും ഉമ്മന്‍ചാണ്ടിയും മൂന്നാറിലേക്കു പോയത്. മുന്‍ സര്‍ക്കാര്‍ മൂന്നാര്‍ദൗത്യം ഏറ്റെടുത്ത കാലത്തും ഇവര്‍ വന്‍കിടക്കാരുടെ സംരക്ഷകരായിരുന്നു. ആദിവാസികളുടെ സംരക്ഷകരെന്ന് അവകാശപ്പെട്ട യുഡിഎഫ് അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിക്ക് ഭൂമി നല്‍കി ആദിവാസികളെ വഞ്ചിച്ചു. എന്നിട്ട് ആദിവാസികള്‍ക്ക് ഭൂമി നല്‍കി എന്നാണ് പരസ്യത്തിലെ അവകാശവാദം. കാറ്റാടി കമ്പനിക്ക് പോസ്റ്റ് കുത്താന്‍ മാത്രമാണ് സ്ഥലം കൊടുത്തതെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. പോസ്റ്റ് കുത്താന്‍ ഏക്കര്‍കണക്കിന് സ്ഥലം കൊടുക്കണോ എന്നും വി എസ് ചോദിച്ചു.

കേന്ദ്രത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി ലോകരാജ്യങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് രാജ്യത്തിന്റെ വിലയിടിച്ചെന്നും വി എസ് പറഞ്ഞു. സ്ഥാനാര്‍ഥി കെ എം കുഞ്ഞുമോന്‍ , ജോസ് തെറ്റയില്‍ എംഎല്‍എ, ഉഴവൂര്‍ വിജയന്‍ , വി എസ് ഷഡാനന്ദന്‍ , പി എസ് ഷൈല എന്നിവര്‍ സംസാരിച്ചു. എ എം നാസര്‍ അധ്യക്ഷനായി. എം സി ജോസഫൈന്‍ , എം പി പത്രോസ്, അബ്ദുള്‍ അസീസ്, അഹമ്മദ് തോട്ടത്തില്‍ , അസീസ് ഏഴിപ്രം തുടങ്ങിയവര്‍ പങ്കെടുത്തു

deshabhimani 120911

1 comment:

  1. യുഡിഎഫ് മന്ത്രിസഭയുടെ നൂറുദിവസത്തെ നേട്ടങ്ങളെന്ന പേരില്‍ നട്ടാല്‍ കുരുക്കാത്ത നുണകളാണ് മാധ്യമപരസ്യങ്ങളിലൂടെ ജനങ്ങള്‍ക്കുമേല്‍ വര്‍ഷിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

    ReplyDelete