Monday, September 12, 2011

എന്തരോ മഹാനുഭാവലു............

ഇനി വയനാട്ടിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രസംഗിക്കാന്‍ വിഷയദാരിദ്ര്യം വരില്ല. അവര്‍ വായിച്ചുപഠിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കാട്ടിക്കുളത്തുനിന്നോ പനമരത്തുനിന്നോ നിരവില്‍പുഴയില്‍നിന്നോ ജില്ലയില്‍ എവിടുന്നും വരുന്ന കോണ്‍ഗ്രസ്സുകാര്‍ കല്‍പ്പറ്റയില്‍ എത്തിയാല്‍ ഡിസിസി ഓഫീസില്‍ കയറാന്‍ മടിക്കരുത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്രചെയ്ത് നടുവൊടിഞ്ഞ് പ്രയാസപ്പെട്ടിരിക്കുമ്പോ വായിക്കാന്‍ ഓഫീസില്‍ പുസ്തകമെത്തിയിട്ടുണ്ട്. ഇനി കല്‍പ്പറ്റ ബസ്സ്റ്റാന്‍ഡില്‍ വെറുതെനിന്ന് മുഷിയേണ്ട, നേരെ ഡിസിസി ഓഫീസിലേക്ക് വിട്ടാല്‍ മതി. അങ്ങനെചെയ്താ രണ്ടുണ്ട് കാര്യം. ഒന്ന് ബസ്സ്റ്റാന്‍ഡിലോ പുറത്ത് ദേശീയപാതയിലോ നിന്ന് ചാത്തനേറ് കൊള്ളേണ്ട. രണ്ടാമത്തേത് ഡിസിസി ഓഫീസില്‍ചെന്നാല്‍ പുതുമോടി മായാത്ത പുസ്തകം കിട്ടും. എപ്പോള്‍ പോയാലും മതി. പുത്തന്‍മണം മായാതെ അവിടുണ്ടാകും. ഇപ്പോള്‍ എവിടുന്ന് കിട്ടി എന്നൊന്നും ചോദിക്കേണ്ട. വെറുതെ എന്തിനാ കുഴിയെണ്ണുന്നത്. അപ്പം തിന്നാല്‍ പോരെ.

മഹതിയായ ഒരു കോണ്‍ഗ്രസ്സ് വനിതാനേതാവിന്റെ പേരിലാണ് വായനശാല ഒരുക്കിയിരിക്കുന്നത്. കുറച്ചുകാലം മുമ്പ് ഒരു മഹാനായ ദേശീയ നേതാവിന്റെ സ്മാരകമായി വായനശാല സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് ഒരു ദേശീയനേതാവ് കൊണ്ടുവന്ന പുസ്തകങ്ങളാണ് ഇത് എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അന്ന് പുസ്തകം തട്ടിയെടുത്തത് പത്രങ്ങളില്‍ വലിയവാര്‍ത്തയായിരുന്നു. ആ നേതാവ് പിന്നീട് മനം നൊന്ത് സേവാദളവും കോണ്‍ഗ്രസ്സും വിട്ടു. മറ്റൊരു ദേശീയ പാര്‍ടിയില്‍ചേര്‍ന്നു. വീണ്ടും മാതൃസംഘടനയിലേക്ക് എത്തിയതായാണ് മുംബൈ ലോബി പറയുന്നത്. ഏതോ മൂലയ്ക്ക് കൊണ്ടിട്ട പുസ്തകങ്ങള്‍ "സൂക്ഷിച്ചുവെച്ച്" ലൈബ്രറി തുറന്ന മഹാനുഭാവന് നന്ദി എന്ന് വായനാപ്രിയര്‍ . വായനശാല ഉദ്ഘാടനത്തിന് എത്തിയതും മറ്റൊരു മഹാനാണ്. കല്‍പ്പറ്റയാകെ സര്‍ക്കാരിനു തീറെഴുതിക്കൊടുത്ത കുടുംബത്തിലെ വീരനായകന്‍ . അദ്ദേഹം ഉദ്ഘാടനത്തിനിടയില്‍ ഏതോ പുസ്തകത്തിലെ ഒരു വാചകം പറഞ്ഞ് വേദിയിലേക്ക് തിരിഞ്ഞതും വേദിയിലുണ്ടായിരുന്ന ഒരു നേതാവു പറഞ്ഞതുകേട്ട് സദ്ദസാകെ ചിരിച്ചു-"ഞാന്‍ ഇപ്പോള്‍ വായിക്കാറില്ല". അതുകേട്ടതും ഉദ്ഘാടകന്റെ മറുപടി ഉടന്‍വന്നു- എന്റെ എല്ലാ പുസ്തകങ്ങളുടെയും കോപ്പി ഈ ലൈബ്രറിക്ക് തരും. ദുഃഖം മറയ്ക്കാന്‍ നല്ല വഴി. കോണ്‍ഗ്രസ്സുകാരേ വായിച്ചുവളരൂ. "ആര്‍പ്പു" വിളിക്കുന്നതുകേള്‍ക്കുന്നില്ലേ?

*

ഒരുകൈകൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്നാണ് ചിലര്‍ പറയാറ്. അതിനാലാണ് മഹാന്മാര്‍ അനാഥാലയത്തിലോ മറ്റ് പാവപ്പെട്ടവര്‍ക്കോ എന്തെങ്കിലും നല്‍കുമ്പോള്‍ അത് വാര്‍ത്തയാക്കാന്‍ താല്‍പര്യപ്പെടാതിരിക്കുന്നത്. എന്നാല്‍ കുരങ്ങുസദ്യയും ആനസദ്യയും നടത്തുമ്പോള്‍ അങ്ങനെയാകരുത്. കുരങ്ങന്‍മാര്‍ സദ്യ കിട്ടിയത് ആരോട് പറയാനാണ്. സദ്യ കൊടുത്തയാളെത്തന്നെ അവ എറിഞ്ഞെന്നിരിക്കും. അപ്പോള്‍ പിന്നെ ചാനലുകളെയും പത്രങ്ങളെയും കൂട്ടാതെ എന്ത് സദ്യ. മൃഗങ്ങള്‍ക്കറിയില്ലല്ലോ ഓണം എന്നാണെന്ന്? എല്ലാദിവസവും അവര്‍ക്ക് വിശേഷദിവസംതന്നെ! ഓണം കഴിഞ്ഞാലെന്താ, ചാനലില്‍ കുരങ്ങിന്റെ മുഖം വരണം. അവര്‍ സദ്യ ഉണ്ണുന്നത് മാലോകര്‍ കാണണം. കാട്ടില്‍ തീറ്റ കുറവായതുകൊണ്ടാണ് ആനകള്‍ നാട്ടിലേക്കിറങ്ങി നാശം വിതയ്ക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇനി ഒരു ആനസദ്യയും ആകാം. അതാകുമ്പോള്‍ പ്രേക്ഷകര്‍ക്കും പുതുമയാകും.

deshabhimani 110911

1 comment:

  1. വായനശാല ഉദ്ഘാടനത്തിന് എത്തിയതും മറ്റൊരു മഹാനാണ്. കല്‍പ്പറ്റയാകെ സര്‍ക്കാരിനു തീറെഴുതിക്കൊടുത്ത കുടുംബത്തിലെ വീരനായകന്‍ . അദ്ദേഹം ഉദ്ഘാടനത്തിനിടയില്‍ ഏതോ പുസ്തകത്തിലെ ഒരു വാചകം പറഞ്ഞ് വേദിയിലേക്ക് തിരിഞ്ഞതും വേദിയിലുണ്ടായിരുന്ന ഒരു നേതാവു പറഞ്ഞതുകേട്ട് സദ്ദസാകെ ചിരിച്ചു-"ഞാന്‍ ഇപ്പോള്‍ വായിക്കാറില്ല". അതുകേട്ടതും ഉദ്ഘാടകന്റെ മറുപടി ഉടന്‍വന്നു- എന്റെ എല്ലാ പുസ്തകങ്ങളുടെയും കോപ്പി ഈ ലൈബ്രറിക്ക് തരും. ദുഃഖം മറയ്ക്കാന്‍ നല്ല വഴി. കോണ്‍ഗ്രസ്സുകാരേ വായിച്ചുവളരൂ. "ആര്‍പ്പു" വിളിക്കുന്നതുകേള്‍ക്കുന്നില്ലേ?

    ReplyDelete