Monday, September 12, 2011

യുപിഎ ലക്ഷ്യം എയര്‍ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണമെന്ന് യുഎസ്

എയര്‍ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് യുപിഎ സര്‍ക്കാര്‍ അതിവേഗം നീങ്ങുന്നതെന്ന് അമേരിക്കന്‍ എംബസിയുടെ വിലയിരുത്തല്‍. 850 കോടി ഡോളര്‍ (33,000 കോടിയോളം രൂപ) മുടക്കി 50 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ 2005ല്‍ തിടുക്കത്തിലെടുത്ത തീരുമാനം സ്വകാര്യവല്‍ക്കരണനീക്കത്തിന്റെ ആദ്യ പടിയാണെന്ന് ഇന്ത്യയിലെ അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ബോയിങ്, എയര്‍ബസ് വിമാനകമ്പനികളില്‍നിന്ന് വന്‍തുക മുടക്കി 118 വിമാനങ്ങള്‍ വാങ്ങിയതാണ് എയര്‍ഇന്ത്യ നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ മുഖ്യകാരണമെന്ന് സിഎജി വിലയിരുത്തിയിരുന്നു. എംബസിയില്‍ ഉപമേധാവിയായിരുന്ന റോബര്‍ട്ട് ഒ ബ്ലേക്ക് 2005 ഏപ്രില്‍ 27ന് അമേരിക്കന്‍ സര്‍ക്കാരിനയച്ച സന്ദേശത്തിലാണ് ഈ നിരീക്ഷണം.

ഭരണതലത്തിലെ പ്രമുഖരുമായി ഇതേപ്പറ്റി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നീക്കം ബോധ്യപ്പെട്ടതെന്ന് ബ്ലേക്ക് വിശദീകരിക്കുന്നു. ഫ്രഞ്ച് കമ്പനിയായ എയര്‍ബസിനെ പിന്തള്ളി വന്‍തുകയ്ക്ക് 50 വിമാനങ്ങളുടെ കരാര്‍ സ്വന്തമാക്കിയ ബോയിങ്ങിന്റെ നേട്ടത്തെ അമേരിക്കയുടെ വന്‍വിജയമായും ബ്ലേക്ക് വിശേഷിപ്പിച്ചു. ബോയിങ്ങിന്റെ കരാര്‍നേട്ടത്തെ എട്ട് ഖണ്ഡികകളായി വിശേഷിപ്പിക്കുന്ന സന്ദേശത്തിന്റെ ചുരുക്കം ഇങ്ങനെയാണ്: ലേലപ്രക്രിയയില്‍ ബോയിങ് കൈവരിച്ച നേട്ടം അമേരിക്കയെ ഏറ്റവും പ്രധാന സഖ്യരാഷ്ട്രമായി യുപിഎ സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നതിന് തെളിവായി കാണാം. ബോയിങ്ങിന്റെ നേട്ടത്തിനെതിരെ പരാതികളുമായി എയര്‍ബസ് രംഗത്തെത്തിയിട്ടുണ്ട്. എയര്‍ബസിന്റെ പ്രചാരണങ്ങളെ നേരിടാന്‍ കൃത്യമായ ഒരുക്കങ്ങള്‍ നടത്തണം. തുകയുടെ കാര്യത്തില്‍ 2005ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനകരാറാണിത്. കരാറിന് മൂന്നുമാസത്തിനകം കേന്ദ്ര മന്ത്രിസഭയുടെ അനുമതി കിട്ടുമെന്നാണ് സിവില്‍ വ്യോമയാന സെക്രട്ടറി അജയ് പ്രസാദ് അറിയിച്ചിട്ടുള്ളത്. കരാര്‍ വേഗത്തില്‍ പ്രാബല്യത്തിലാക്കാന്‍ യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം തുടരണം.

2005 ജൂലൈ പകുതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്ക സന്ദര്‍ശിക്കുന്നതിന് മുമ്പായി കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജയ്ശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം താല്‍പ്പര്യത്തോടെ പരിഗണിക്കാമെന്നാണ് അദ്ദേഹം നല്‍കിയ ഉറപ്പ്. സിവില്‍ വ്യോമയാനരംഗത്ത് സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് എയര്‍ഇന്ത്യയുടെ വിപുലമായ വിമാനം വാങ്ങല്‍ . കൂടുതല്‍ വിമാനങ്ങള്‍ വാങ്ങി പൊതുമേഖലാ വിമാനകമ്പനിയെ ശക്തിപ്പെടുത്തിയശേഷം തുടക്കത്തില്‍ ഓഹരിവില്‍പ്പനയും പിന്നീട് പൂര്‍ണ സ്വകാര്യവല്‍ക്കരണവുമാണ് യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യം. വിമാനം വാങ്ങലിന് ഇന്ത്യാ സര്‍ക്കാര്‍ പൂര്‍ണ ഗ്യാരണ്ടി നല്‍കിയത് ഇതിന്റെ ഭാഗമായാണ്. അടുത്ത 20 വര്‍ഷം ഇന്ത്യയിലെ വിമാനവിപണി 2500 കോടി ഡോളറിന്റേതായിരിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ബോയിങ്ങിന് മാത്രം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 1050 കോടി ഡോളറിന്റെ കരാര്‍ ഉറപ്പിക്കാനായി. അമേരിക്കന്‍ സര്‍ക്കാരും ബോയിങ് കമ്പനിയും യോജിച്ചുനടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇത്തരം വിപുലമായ കച്ചവടത്തിന് വഴിയൊരുക്കിയത്. ഇന്ത്യയില്‍നിന്ന് പഠിച്ച "പാഠങ്ങള്‍" മറ്റ് രാജ്യങ്ങളുടെ കാര്യത്തിലും പ്രയോഗിക്കാവുന്നതാണെന്ന് ബോയിങ് കമ്പനി അഭിപ്രായപ്പെട്ടിട്ടുണ്ട്-സന്ദേശത്തില്‍ പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 120911

1 comment:

  1. എയര്‍ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് യുപിഎ സര്‍ക്കാര്‍ അതിവേഗം നീങ്ങുന്നതെന്ന് അമേരിക്കന്‍ എംബസിയുടെ വിലയിരുത്തല്‍. 850 കോടി ഡോളര്‍ (33,000 കോടിയോളം രൂപ) മുടക്കി 50 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ 2005ല്‍ തിടുക്കത്തിലെടുത്ത തീരുമാനം സ്വകാര്യവല്‍ക്കരണനീക്കത്തിന്റെ ആദ്യ പടിയാണെന്ന് ഇന്ത്യയിലെ അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ബോയിങ്, എയര്‍ബസ് വിമാനകമ്പനികളില്‍നിന്ന് വന്‍തുക മുടക്കി 118 വിമാനങ്ങള്‍ വാങ്ങിയതാണ് എയര്‍ഇന്ത്യ നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ മുഖ്യകാരണമെന്ന് സിഎജി വിലയിരുത്തിയിരുന്നു. എംബസിയില്‍ ഉപമേധാവിയായിരുന്ന റോബര്‍ട്ട് ഒ ബ്ലേക്ക് 2005 ഏപ്രില്‍ 27ന് അമേരിക്കന്‍ സര്‍ക്കാരിനയച്ച സന്ദേശത്തിലാണ് ഈ നിരീക്ഷണം.

    ReplyDelete