Monday, September 19, 2011

ജോര്‍ജിനെ തുടരാന്‍ അനുവദിക്കുന്നത് വെല്ലുവിളി: വി എസ്

ഔദ്യോഗിക സ്ഥാനം ദുരുപയോഗിച്ച് ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന മുഖ്യമന്ത്രിയുടെയും നിയമമന്ത്രി കെ എം മാണിയുടെയും നിലപാട് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടിയാണ് ചീഫ് വിപ്പ് ജഡ്ജിക്കെതിരെ നിന്ദ്യമായ ഭാഷയില്‍ പരസ്യപ്രസ്താവന നടത്തിയതും അതേ ഭാഷയില്‍ രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹര്‍ജി നല്‍കിയതും. ഉമ്മന്‍ചാണ്ടി, കെ എം മാണി എന്നിവരുടെ കൂടി ഒത്താശയോടെയാണ് ജോര്‍ജ് ജഡ്ജിക്കെതിരെ കത്തെഴുതിയതും അത് പരസ്യപ്പെടുത്തിയതുമെന്ന് വ്യക്തമായിരിക്കുകയാണ്. നിയമനിര്‍വഹണത്തിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയും നിയമവകുപ്പിന്റെ ചുമതലയുള്ള കെ എം മാണിയും ചീഫ് വിപ്പുമായി കൂടിയാലോചിച്ചാണ് പരാതി നല്‍കിയതെന്ന വാര്‍ത്ത ഇതേവരെ നിഷേധിക്കപ്പെട്ടിട്ടില്ല. ജോര്‍ജ് ചെയ്തതില്‍ പിശകൊന്നുമില്ലെന്ന് മാണി അഭിപ്രായപ്പെട്ടതും ശ്രദ്ധേയമാണ്.

വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ഒരു പരാതിയുമില്ലെന്നും തന്റെ സര്‍ക്കാര്‍ കോടതിയെ ബഹുമാനിക്കുന്ന സര്‍ക്കാരാണെന്നും മുഖ്യമന്ത്രി നടത്തുന്ന അവകാശവാദം പൊള്ളയാണ്. ചീഫ് വിപ്പിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിപ്പറയാത്തിടത്തോളം അത് തന്റെ സര്‍ക്കാര്‍ നിലപാടാണെന്നു വരുന്നു. പാമൊലിന്‍ കേസുമായി ധനമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്നത്തെ ധനമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സ്റ്റേറ്റ്മെന്റുകളും ബന്ധപ്പെട്ട ഫയലുകളും കാണുന്ന ആര്‍ക്കും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന കാര്യമാണ്. ഇത്തരം തെളിവെല്ലാം പരിശോധിച്ചശേഷമാണ് ജഡ്ജി അന്വേഷണ റിപ്പോര്‍ട്ട് തള്ളിയതും തുടരന്വേഷണത്തിന് ഉത്തരവിട്ടതും. അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമായും നിയമപരമായും പരിശോധിച്ച് തീരുമാനമെടുക്കാനും തുടരന്വേഷണത്തിന് ഉത്തരവിടാനും കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ തീരുമാനത്തിനെതിരെ ചീഫ് വിപ്പിനെ ഉപയോഗിച്ച് പരസ്യപ്രചാരണം നടത്തുന്നത് പദവിക്ക് ചേര്‍ന്നതാണോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 190911

No comments:

Post a Comment